കറക്കി വീഴ്ത്തൽ തുടരുന്നു; കപിലിന്‍റെ വമ്പന്‍ റെക്കോര്‍ഡിനൊപ്പം ജഡേജ

ഒന്നാം ഇന്നിങ്സില്‍ ബാറ്റിങ് ആരംഭിച്ച ആസ്ത്രേലിയയുടെ നാല് ബാറ്റര്‍മാരെ ജഡേജ കൂടാരം കയറ്റി

Update: 2023-03-01 12:24 GMT
ravindra jadeja

ravindra jadeja

AddThis Website Tools
Advertising

ഇൻഡോർ: ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയില്‍ ആസ്ത്രേലിയന്‍ ബാറ്റര്‍മാരെ കറക്കിവീഴ്ത്തുന്നത് തുടര്‍ക്കഥയാക്കിയ സ്പിന്‍ മാന്തികന്‍ രവീന്ദ്ര ജഡേജയെ തേടി ഒരപൂര്‍വ നേട്ടം. ഒന്നാം ഇന്നിങ്സില്‍ ട്രാവിഡ് ഹെഡിനെ പുറത്താക്കിയതോടെയാണ് ജഡേജ അപൂര്‍വ റെക്കോര്‍ഡില്‍ തൊട്ടത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ജഡേജയുടെ 500ാം വിക്കറ്റായിരുന്നു അത്. ഇതോടെ കപിൽ ദേവിന് ശേഷം 500 വിക്കറ്റും 5000 റൺസും നേടുന്ന ഇന്ത്യൻ താരമായി ജഡേജ മാറി.

മാത്യു കുന്‍മാന് മുന്നില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യയെ മറുപടി ബാറ്റിങ്ങില്‍ കരുതലോടെയാണ് ഓസീസ് ബാറ്റര്‍മാര്‍ നേരിട്ടത്. എന്നാല്‍ 12 റണ്‍സെടുക്കുന്നതിനിടെ തന്നെ ഓസീസിന് ആദ്യ വിക്കറ്റ് നഷ്ടമായി. ട്രാവിസ് ഹെഡിനെ രവീന്ദ്ര ജഡേജ വിക്കറ്റിന് മുന്നില്‍ കുടുക്കി. എന്നാല്‍ പിന്നീടെത്തിയ ലബൂഷെയിനേയും കൂട്ടുപിടിച്ച് ഉസ്മാന്‍ ഖ്വാജ ഓസീസ് സ്കോര്‍ ഉയര്‍ത്തി. സ്കോര്‍ ബോര്‍ഡില്‍ സന്ദര്‍ശകര്‍ നൂറ് കടന്നതിന് ശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 31 റണ്‍സെടുത്ത ലബൂഷെയിന്‍റെ കുറ്റി  ജഡേജ തെറിപ്പിച്ചു.

പിന്നീടെത്തിയ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തിനെ കൂട്ടുപിടിച്ച് ഖ്വാജ സ്കോര്‍ ബോര്‍ഡ് ഉയര്‍ത്തി. ഒടുക്കം 60 റണ്‍സെടുത്ത ഖ്വാജയുടെ പോരാട്ട വീര്യം ശുഭ്മാന്‍ ഗില്ലിന്‍റെ കൈകളില്‍ അവസാനിച്ചു. 48 ാം ഓവറില്‍ 26 റണ്‍സെടുത്ത ക്യാപ്റ്റന്‍ സ്മിത്തിനെ വിക്കറ്റ് കീപ്പര്‍ ശ്രീകര്‍ ഭരതിന്‍റെ കൈകളിലെത്തിച്ച് ജഡേജ തന്‍റെ വിക്കറ്റ് നേട്ടം നാലാക്കി ഉയര്‍ത്തി.

നേരത്തേ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മാത്യു കുനെമാന്റെ അഞ്ച് വിക്കറ്റ് പ്രകടനത്തിന് മുന്നിൽ തകര്‍ന്നടിയുകയായിരുന്നു. വെറും 109 റണ്‍സിന് പേരു കേട്ട ഇന്ത്യന്‍ ബാറ്റിങ് നിര കൂടാരം കയറി. 16 റൺസ് മാത്രം വഴങ്ങിയാണ് കുനെമാൻ അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. നതാന്‍ ലിയോൺ മൂന്ന് വിക്കറ്റുമായി കുന്‍മാന് മികച്ച പിന്തുണയാണ് നല്‍കിയത്. 22 റൺസെടുത്ത വിരാട് കോഹ്‌ലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ.

കോഹ്‌ലിക്ക് പുറമെ ശുഭ്മാൻ ഗിൽ (21), രോഹിത് ശർമ (12), ശ്രീകർ ഭരത് (17), അക്‌സർ പട്ടേൽ (പുറത്താകാതെ 12) ഉമേഷ് യാദവ് (17) എന്നിവർ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്നത്. രോഹിതിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. കുനെമാൻ എറിഞ്ഞ ആറാം ഓവറിൽ രോഹിതിനെ അലക്‌സ് ക്യാരി സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. പിന്നാലെ ഗില്ലും മടങ്ങി. കെ.എൽ രാഹുലിന് പകരമെത്തിയ ഗില്ലിനെ കുനെമാൻ സ്ലിപ്പിൽ സ്റ്റീവൻ സ്മിത്തിന്റെ കൈകളിലെത്തിച്ചു.

ഒരു റൺ മാത്രമെടുത്ത ചേതേശ്വർ പൂജാര ലിയോണിന്റെ പന്തിൽ ബൗൾഡായി. അഞ്ചാമനായി ക്രീസിലെത്തിയ രവീന്ദ്ര ജഡേജ (4) ലിയോണിന്റെ പന്തിൽ ഷോർട്ട് കവറിൽ കുനെമാന് ക്യാച്ച് നൽകി മടങ്ങി. പിന്നാലെ ക്രീസിലെത്തിയ ശ്രേയസ് അയ്യർ (0) രണ്ടാം പന്തിൽ തന്നെ മടങ്ങി.

ഉച്ചഭക്ഷണത്തിന് ശേഷം ആർ. അശ്വിനാണ് (3) രണ്ടാം സെഷനിൽ ആദ്യം പുറത്തായത്. പിന്നാലെ ഇറങ്ങിയ ഉമേഷ് യാദവ് 13 പന്തിൽ 17 റൺസ് അടിച്ചതോടെയാണ് ഇന്ത്യൻ സ്‌കോർ 100 കടന്നത്. അക്‌സർ പട്ടേലുമായുണ്ടായ ധാരണപ്പിശകിൽ മുഹമ്മദ് സിറാജ് (0) റണ്ണൗട്ടായതോടെ ഇന്ത്യൻ ഇന്നിങ്‌സ് അവസാനിച്ചു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ആസ്‌ത്രേലിയ 24 ഓവർ പിന്നിട്ടപ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 84 റൺസ് നേടിയിട്ടുണ്ട്. ഒമ്പത് റൺസ് നേടിയ ട്രാവിസ് ഹെഡിന്റെ വിക്കറ്റാണ് ഓസീസിന് നഷ്ടമായത്. ട്രാവിസിനെ രവീന്ദ്ര ജഡേജ എൽ.ബി.ഡബ്ല്യൂവിൽ കുടുക്കുകയായിരുന്നു. 44 റൺസുമായി ഉസ്മാൻ ഖ്വാജയും 20 റൺസുമായി മാർനസ് ലബുഷൈനുമാണ് ക്രീസിലുള്ളത്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News