സൂപ്പര്‍ സബ് റാണ; ടി20 പരമ്പര ഇന്ത്യക്ക്

ഇന്ത്യന്‍ ജയം 15 റണ്‍സിന്

Update: 2025-02-01 08:50 GMT
സൂപ്പര്‍ സബ് റാണ; ടി20 പരമ്പര ഇന്ത്യക്ക്
AddThis Website Tools
Advertising

പൂനേ: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര ഇന്ത്യക്ക്. നിർണായകമായ നാലാം മത്സരത്തിൽ ഇംഗ്ലീഷ് സംഘത്തെ 15 റൺസിന് തകർത്താണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. രവി ബിഷ്‌ണോയും കൺകഷൻ സബ്‌സ്റ്റിറ്റിയൂട്ടായെത്തിയ ഹർഷിത് റാണയും ചേർന്നാണ് ഇംഗ്ലണ്ടിന്റെ നടുവൊടിച്ചത്. ഇരുവരും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ഇന്ത്യ ഉയർത്തിയ 182 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ജോസ് ബട്‌ലർക്കും സംഘത്തിനും 166 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.

മറുപടി ബാറ്റിങ്ങിൽ ബെൻ ഡക്കറ്റും ഫിൽ സാൾട്ടും ചേർന്ന് ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് നൽകിയത്. എന്നാൽ ഡക്കറ്റും സാൾട്ടും ജോസ് ബട്‌ലറും അടുത്തടുത്ത ഓവറുകളിൽ പുറത്തായത് ഇംഗ്ലണ്ടിന് വിനയായി. നാലാമനായി ക്രീസിലെത്തിയ ഹാരി ബ്രൂക്ക് തകർത്തടിച്ച് ഇംഗ്ലീഷ് സംഘത്തിന് പ്രതീക്ഷ നൽകിയെങ്കിലും വരുൺ ചക്രവർത്തി രക്ഷകനായി അവതരിച്ചു. ബ്രൂക്ക് 15ാം ഓവറിൽ അർഷദീപിന്റെ കയ്യിൽ വിശ്രമിച്ചു. പിന്നെയെത്തിയ ആർക്കും വലിയ സംഭാവനകൾ നൽകാനായില്ല.

ശിവം ദൂബേക്ക് പകരക്കാരനായെത്തിയ ഹര്‍ഷിത് റാണ ടി20 യില്‍ തന്‍റെ അരങ്ങേറ്റ മത്സരം ഗംഭീരമാക്കുകയായിരുന്നു. നാലോവറില്‍ 33 റണ്‍സ് വഴങ്ങിയാണ് റാണ മൂന്ന് വിക്കറ്റ് പോക്കറ്റിലാക്കിയത്. നാലോവറില്‍ 28 റണ്‍സ് വഴങ്ങിയാണ് ബിഷ്ണോയ് മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. രണ്ട് വിക്കറ്റുമായി വരുണ്‍ ചക്രവര്‍ത്തി ഒരിക്കല്‍ കൂടി കളംനിറഞ്ഞു. 

പൂനെയില്‍ ഹര്‍ദിക് ദൂബേ ഷോ

അവസാന ഓവറുകളിൽ തകർത്തടിച്ച ഹർദിക് പാണ്ഡ്യയുടേയും ശിവം ദൂബേയുടേയും മികവിലാണ്  ഇന്ത്യ നേരത്തേ മികച്ച സ്‌കോർ പടുത്തുയർത്തിയത്. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ  181 റൺസെടുത്തു. ഹർദികും ദൂബേയും അർധ സെഞ്ച്വറി കുറിച്ചു.

ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. രണ്ടാം ഓവറിൽ സഞ്ജു സാംസണേയും തിലക് വർമയേയും സൂര്യ കുമാർ യാദവിനേയും പുറത്താക്കിയ സാഖിബ് മഹ്‌മൂദ് ഇന്ത്യയെ വൻ തകർച്ചയിലേക്ക് തള്ളിയിടുമെന്ന് ഒരു ഘട്ടത്തിൽ തോന്നിച്ചിരുന്നു. എന്നാൽ നാലാം വിക്കറ്റിൽ ക്രീസിൽ ഒത്തു ചേർന്ന റിങ്കു സിങ് അഭിഷേക് ശർമ ജോഡി ഇന്ത്യക്കായി രക്ഷാ പ്രവർത്തനം ആരംഭിച്ചു. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 45 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്.

അഭിഷേക് പുറത്തായ ശേഷം ശിവം ദൂബേയെ കൂട്ടുപിടിച്ച് റിങ്കു രക്ഷാ പ്രവർത്തനം തുടർന്നു. എന്നാൽ 11ാം ഓവറിൽ റിങ്കു കാർസിന് വിക്കറ്റ് നൽകി മടങ്ങി. പിന്നെ ക്രീസിൽ ഒത്തു ചേർന്ന ഹർദിക് ദൂബേ ജോഡി തകർത്തടിച്ച് ഇന്ത്യയെ മികച്ച് സ്‌കോറിൽ എത്തിക്കുകയായിരുന്നു.

ദൂബേ 34 പന്തിൽ ഏഴ് ഫോറും രണ്ട് സിക്‌സും സഹിതം 53 റൺസെടുത്തപ്പോൾ ഹർദിക് 30 പന്തിൽ നാല് ഫോറും നാല് സിക്‌സും സഹിതം 53 റൺസെടുത്തു. ഇംഗ്ലണ്ടിനായി സാഖിബ് മഹ്‌മൂദ് നാലോവറിൽ 35 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News