''ലോകകപ്പ് ഫൈനലിന് തയ്യാറാവാൻ പറഞ്ഞു, ഒഴിവാക്കിയത് അവസാന നിമിഷം''- സഞ്ജു സാംസണ്‍
'ടോസിന് മുമ്പാണ് തീരുമാനം മാറ്റിയ വിവരം അറിയുന്നത്'
നീണ്ട കാലത്തെ കാത്തിരിപ്പിന് ശേഷമാണ് മലയാളി താരം സഞ്ജു സാംസണ് ടി20 ലോകകപ്പ് ടീമിലേക്കുള്ള സെലക്ടർമാരുടെ വിളിയെത്തുന്നത്. എന്നാൽ ടൂർണമെന്റിൽ ഒരിക്കൽ പോലും സഞ്ജുവിന് കളത്തിലിറങ്ങാനായില്ല. ഇന്ത്യ ലോകകപ്പ് നേടിയതോടെ ടൂര്‍ണമെന്‍റില്‍ താരത്തെ ടീമില്‍ പരിഗണിക്കാതിരുന്നതിനെ കുറിച്ച ചര്‍ച്ചകള്‍ ഒടുങ്ങുകയും ചെയ്തു. ഇപ്പോഴിതാ ലോകകപ്പ് ഫൈനൽ കളിക്കാൻ ഒരുങ്ങിയിരിക്കാനായി രോഹിത് ശർമ തന്നോട് ആവശ്യപ്പെട്ടിരുന്നു എന്നും എന്നാൽ അവസാനം നിമിഷം നിലവിലെ ടീമിനെ നിലനിർത്താൻ തീരുമാനിക്കുകയായിരുന്നു എന്നും വെളിപ്പെടുത്തുകയാണ് സഞ്ജു.
''ലോകകപ്പ് ഫൈനലിന്റെ അന്ന് രാവിലെ, ബാർബഡോസിൽ കളത്തിലിറങ്ങേണ്ടി വരുമെന്നും തയ്യാറായിരിക്കണമെന്നും രോഹിത് ഭായ് എന്നോട് പറഞ്ഞു. എന്നാൽ ടോസിന് മുമ്പ് നിലവിലെ ടീമിനെ തന്നെ നിലനിർത്താൻ തീരുമാനിച്ചു. ഒരൽപം വിഷമമുണ്ടായിരുന്നെങ്കിലും സാരമില്ലെന്ന ഭാവമായിരുന്നു എനിക്ക്. രോഹിത് ഭായ് എന്നെ അരികിലേക്ക് വിളിച്ചു. എന്ത് കൊണ്ടാണ് ഇങ്ങനെയൊരു തീരുമാനം എടുക്കേണ്ടി വന്നത് എന്ന് അദ്ദേഹം എന്നെ ബോധ്യപ്പെടുത്തി.'' സഞ്ജു പറഞ്ഞു.
ബംഗ്ലാദേശ് പരമ്പരക്കുള്ള ടി20 ടീമില്‍ ഇടംപിടിച്ച സഞ്ജു മിന്നും പ്രകടനമാണ് ഇന്ത്യന്‍ ജഴ്സിയില്‍ പുറത്തെടുത്തത്. തന്‍റെ കരിയറിലെ ആദ്യ അന്താരാഷ്ട്ര ടി20 സെഞ്ച്വറി കുറിച്ച താരം നിരവധി റെക്കോര്‍ഡുകള്‍ കടപുഴക്കി. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലും മലയാളി താരം ഇടംപിടിക്കുമെന്ന പ്രതീക്ഷയിലാണിപ്പോള്‍ ആരാധകര്‍.