രക്ഷകനായി ഡേവിഡ് ഒസ്പിന; ഷൂട്ടൗട്ടിൽ കൊളംബിയന്‍ വീരഗാഥ
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-2നായിരുന്നു കൊളംബിയയുടെ വിജയം
എക്സ്ട്രാ ടൈമും കടന്ന് ഷൂട്ടൗട്ട് വരെ എത്തിയ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഉറുഗ്വായെ കീഴടക്കി കൊളംബിയ കോപ്പ അമേരിക്ക സെമിയിൽ. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-2നായിരുന്നു കൊളംബിയയുടെ വിജയം. കാര്യമായ ഗോളവസരങ്ങൾ പിറക്കാതിരുന്ന മത്സരത്തില്‍ ആദ്യപകുതിയിലെ അവസാന മിനിറ്റിൽ കൊളംബിയക്ക് ലഭിച്ച ഏക അവസരം ലൂയിസ് മൂരിയേൽ അടിച്ചു പുറത്തേക്കും കളഞ്ഞു. മുഴുവന്‍ സമയത്തും ഇരുടീമുകളും ഗോള്‍രഹിത സമനില പാലിച്ചതോടെ മത്സരം ഷൂട്ടൌട്ടിലേക്ക് കടക്കുകയായിരുന്നു. ഉറഗ്വായ് താരങ്ങളുടെ രണ്ട് കിക്കുകള്‍ തടുത്തിട്ടാണ് ഗോള്‍കീപ്പര്‍ ഡേവിഡ് ഒസ്പിന ടീമിന്‍റെ വിജയനായകനായത്.
രണ്ടാംപകുതിയിൽ ഒറ്റപ്പെട്ട ഗോൾശ്രമങ്ങൾ ഇരുടീമുകളും നടത്തിയെങ്കിലും ഗോൾകീപ്പർമാർ രക്ഷകരാകുകയായിരുന്നു. നിശ്ചിതസമയം കഴിഞ്ഞതോടെ കളി ഷൂട്ടൗട്ടിൽ എത്തി. കൊളംബിയയുടെ നാല് ശ്രമങ്ങളും ലക്ഷ്യം കണ്ടു. എന്നാൽ ഉറുഗ്വായുടെ കിക്കുകള്‍ തടുത്തിട്ട കൊളംബിയൻ ഗോൾകീപ്പർ ഒസ്പീന വില്ലനായി. ഗിമെനസിന്‍റെയും മറ്റിയാസ് വിനെയുടെയും കിക്കുകളാണ് ഒസ്പീന തടഞ്ഞത്. ഒടുവില്‍ രണ്ടിനെതിരെ നാല് ഗോളുകൾക്ക് കരുത്തരായ ഉറുഗ്വായെ തോൽപ്പിച്ചതിന്‍റെ ആത്മവിശ്വാസത്തിൽ കൊളംബിയ അവസാന നാലിലേക്ക് മാര്‍ച്ച് ചെയ്തു.