ഹസ്തദാന വിവാദം; വൈശാലിയോട് ക്ഷമാപണം നടത്തി യാകുബോവ്
വൈശാലിക്ക് പൂക്കളും ചോക്ലേറ്റും സമ്മാനിക്കുന്ന യകുബോവിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്
Update: 2025-02-01 10:09 GMT


ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ആർ വൈശാലിക്ക് ഹസ്തദാനം നൽകാത്തതിനെ തുടർന്നുണ്ടായി വിവാദത്തിൽ ക്ഷമാപണം നടത്തി ഉസ്‌ബെക് ഗ്രാൻഡ് മാസ്റ്റർ നൊദിർബെക്ക് യാകുബോവ്. കഴിഞ്ഞ ദിവസം ടാറ്റ സ്റ്റീൽ മാസ്‌റ്റേഴ്‌സ് ചെസ് ടൂർണമെന്റിലാണ് മത്സരത്തിന് തൊട്ട് മുമ്പ് വൈശാലിക്ക് ഹസ്തദാനം നടത്താൻ യാകുബോവ് വിസമ്മതിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ യാകുബോവിനെതിരെ കടുത്ത വിമർശനങ്ങളുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഉസ്‌ബെകിസ്താൻ താരം വൈശാലിയെ കണ്ട് ക്ഷമാപണം നടത്തിയത്.
സഹോദരൻ ആർ പ്രഗ്യാനന്ദക്കും അമ്മക്കും ഒപ്പമെത്തിയ വൈശാലിക്ക് യാകുബോവ് പൂക്കളും ചോക്ലേറ്റും സമ്മാനിച്ചു. യാകുബോവ് അങ്ങനെ ചെയ്തത് എന്ത് കൊണ്ടാണെന്ന് മനസിലാക്കാവുന്നതേയുള്ളൂ എന്നും അതിൽ തനിക്ക് വിഷമമില്ലെന്നും വൈശാലി പ്രതികരിച്ചു.