ബോളോ പമ്പരമോ?! കുല്‍ദീപ് യാദവിന്‍റെ മാന്ത്രിക പന്തില്‍ മിച്ചല്‍ ക്ലീന്‍ ബൗള്‍ഡ്
ഓഫ് സ്റ്റമ്പിന് എത്രയോ പുറത്ത് പിച്ച് ചെയ്ത പന്തിന്‍റെ ഗതി ഡാരില്‍ മിച്ചല്‍ മനസിലാക്കും മുന്‍പ് തന്നെ ബെയില്‍സുകള്‍ വായുവില്‍ പറന്നുകഴിഞ്ഞിരുന്നു...
ബൌളര്‍മാരുടെ തീപ്പൊരി പ്രകടനത്തിനാണ് ഇന്ത്യ-ന്യൂസിന്‍ഡ് രണ്ടാം ടി20യില്‍ ലോകം സാക്ഷിയായത്. വെറും 99 റണ്‍സിന് ബാറ്റിങ് അവസാനിപ്പിക്കേണ്ടി വന്ന ന്യൂസിലന്‍ഡും മറുപടി ബാറ്റിങില്‍ തപ്പിത്തടഞ്ഞ് 100 റണ്‍സെന്ന വിജയലക്ഷ്യത്തിലെത്താന്‍ അവസാന പന്ത് വരെ ബാറ്റ് ചെയ്യേണ്ടി വന്ന ഇന്ത്യയും. ഇതായിരുന്നു ലഖ്നൌ സ്റ്റേഡിയത്തില്‍ ഇന്നലെ കണ്ടത്.
പൊതുവേ ബാറ്റര്‍മാരുടെ പറുദീസയെന്ന് വിശേഷിപ്പിക്കുന്ന ടി20യില്‍ ഇരു ടീമിലെയും ബൌളര്‍മാരുടെ താണ്ഡവം കണ്ട മത്സരത്തില്‍ അവസാന ഓവറില്‍ ഒരു പന്ത് മാത്രം ശേഷിക്കെയാണ് ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുന്നത്.
ഇതിനിടയില്‍ ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന്‍റെ ഒരു മാന്ത്രിക ബോളും പിറന്നു. ന്യൂസിലന്‍ഡ് ഇന്നിങ്സിന്‍റെ പത്താം ഓവറിലെ അവസാന പന്തിലായിരുന്നു കാഴ്ചക്കാരേയും ന്യൂസിലന്‍ഡ് ബാറ്റര്‍മാരേയും ഒരുപോലെ ഞെട്ടിച്ച ബോളിന്‍റെ പിറവി. ഓഫ് സ്റ്റമ്പിന് എത്രയോ പുറത്ത് പിച്ച് ചെയ്ത പന്തിന്‍റെ ഗതി ഡാരില്‍ മിച്ചല്‍ മനസിലാക്കും മുന്‍പ് തന്നെ ബെയില്‍സുകള്‍ വായുവില്‍ പറന്നുകഴിഞ്ഞിരുന്നു.
ഓഫ്സ്റ്റമ്പിന് പുറത്ത് കുത്തിയ പന്ത് പിച്ച് ചെയ്ത ശേഷം അസാധാരണ വേഗം കൈവരിക്കുകയും സ്റ്റ്മ്പ്സിലേക്ക് അതിമനോഹരമായി വെട്ടിത്തിരിയുകയുമായിരുന്നു. അവിടെ ഡാരിൽ മിച്ചലിന്‍റെ സകല ജഡ്ജ്മെന്‍റും പിഴച്ചു. മിച്ചല്‍ ബാറ്റ് വീശുമ്പോഴേക്കും പന്ത് സ്റ്റമ്പിലെത്തിയിരുന്നു. വേഗവും ടേണും കണ്ട് സ്തബ്ദനായിപ്പോയ മിച്ചലിന് എന്താണ് സംഭവിച്ചതെന്ന് മനസിലാക്കും മുന്‍പേ തിരികെ പവലിയനിലേക്ക് നടക്കേണ്ടി വന്നു.
മുമ്പ് പാക് ക്യാപ്റ്റന്‍ ബാബർ അസം, ദക്ഷിണാഫ്രിക്കന്‍ താരം എയ്ഡൻ മർക്രം, ശ്രീലങ്കന്‍ നായകന്‍ ദാസുൻ ഷനക എന്നിവരെയും സമാനമായ ടേണിങ് പന്തിലൂടെ കുല്‍ദീപ് പുറത്താക്കിയിരുന്നു.
നാടകാന്ത്യം ഇന്ത്യ; കിവികൾക്കെതിരെ ആറ് വിക്കറ്റ് ജയം
ന്യൂസിലൻഡിനെതിരായ രണ്ടാം ടി20യിൽ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് വിജയം. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇരു ടീമുകളും 1-1ന് ഒപ്പത്തിനൊപ്പമായി. ആദ്യ ടി20യിൽ നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തോടെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കിവിപ്പട 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 99 റൺസാണ് നേടിയത്. ഈ ലക്ഷ്യം ഇന്ത്യ എളുപ്പത്തിൽ മറികടക്കുമെന്നായിരുന്നു പലരുടെയും പ്രതീക്ഷയെങ്കിലും വിജയിക്കാൻ നാല് വിക്കറ്റുകൾ നഷ്ടപ്പെടുത്തേണ്ടിവന്നു.
വിയർത്തുകളിച്ച മത്സരത്തിൽ അവസാന ഓവറിൽ അഞ്ചാം പന്തിലാണ് ഇന്ത്യ വിജയറൺ നേടിയത്. അത്ര മികച്ച തുടക്കമല്ല ഇന്ത്യൻ ഓപ്പണർമാർ കാഴ്ചവച്ചത്. ശുഭ്മാൻ ഗിൽ 11ഉം ഇഷാൻ കിഷൻ 19ഉം റൺസുമായി പുറത്തായി. കിഷനെ ഗ്ലെൻ ഫിലിപ്‌സ് റണ്ണൗട്ടാക്കിയപ്പോൾ ഗില്ലിനെ ബ്രെയ്‌സ്‌വെൽ ഫിൻ അലന്റെ കൈകളിലെത്തിച്ചു. വൺഡൗണായെത്തിയ രാഹുൽ തൃപാഠി ഇഷ് സോഥിയുടെ പന്തിൽ ഫിലിപ്‌സിന് ക്യാച്ച് നൽകി. തുടർന്ന് സൂര്യകുമാറിനൊപ്പം നിന്ന് പൊരുതാൻ തുടങ്ങിയെങ്കിലും വാഷിങ്ടൺ സുന്ദർ ഒമ്പത് പന്തിൽ 10 റൺസെടുത്ത് പുറത്തായി.
ബ്ലെയർ ടിക്നറിന്റെ കൈകളാൽ റൺ ഔട്ടായായിരുന്നു സുന്ദറിന്റെ മടക്കം. പിന്നീട് സൂര്യകുമാർ യാദവും ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യയും ചേർന്നുള്ള കൂട്ടുകെട്ടാണ് ടീം ഇന്ത്യയെ വിജയിപ്പിച്ചത്. സൂര്യകുമാർ 31 പന്തിൽ 26ഉം 20 പന്തിൽ 15ഉം റൺസെടുത്താണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.19 റൺസ് നേടിയ നായകൻ സാൻറനറാണ് ന്യൂസിലൻഡിന്റെ ടോപ്സ്‌കോററർ. 17ാം ഓവറിൽ മാത്രം ബൗൾ ചെയ്യാനെത്തിയ അർഷദീപ് സിംഗിന് രണ്ടും ബാക്കിയുള്ളവർ ഓരോന്നും വിക്കറ്റുകൾ വീഴ്ത്തി. ഹർദിക്, വാഷിംഗ്ഡൺ സുന്ദർ, യുസ്വേന്ദ്രചഹൽ, ദീപക് ഹൂഡ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി. ഒരു ഓവർ മാത്രം ചെയ്ത ശിവം മാവിക്ക് ഒറ്റ വിക്കറ്റും ലഭിച്ചില്ല.
ന്യൂസിലൻഡിന്റെ ഓപ്പണർമാർ രണ്ട് പേരും 11 റൺസ് നേടി തിരിച്ചുനടന്നു. ഫിൻ അലനെ യുസ്വേന്ദ്ര ചഹൽ ബൗൾഡാക്കിയപ്പോൾ ഡെവോൺ കോൺവേയെ വാഷിംഗ്ഡൺ സുന്ദർ ഇഷാൻ കിഷന്റെ കൈകളിലെത്തിച്ചു. നാലാമതിറങ്ങിയ ഗ്ലെൻ ഫിലിപ്പിനെ ദീപക് ഹൂഡ ബൗൾഡാക്കി. അഞ്ച് റൺസ് മാത്രമെടുത്ത ഡാരിൽ മിച്ചലിനെ കുൽദീപ് യാദവ് ബൗൾഡാക്കി. കഴിഞ്ഞ കളിയിൽ മികച്ച പ്രകടനം നടത്തിയ താരമാണ് മിച്ചൽ.
മാർക് ചപ്മാനെ കുൽദീപ് യാദവ് റണ്ണൗട്ടാക്കി. മൈക്കൽ ബ്രോസ്വെല്ലിനെ ഹർദിക് പാണ്ഡ്യ അർഷദീപിന്റെ കൈകളിലെത്തിച്ചപ്പോൾ ഇഷ്സോഥിയുടെ മടക്കം നേരെ തിരിച്ചുള്ള ക്യാച്ചിലായിരുന്നു. സോഥിയെ അർഷദീപിന്റെ പന്തിൽ ഹർദിക് പിടികൂടി. ലോക്കി ഫെർഗ്യൂസനെയും അർഷദീപാണ് വീഴ്ത്തിയത്. സുന്ദറിന്റെ കയ്യിലാണ് താരത്തിന്റെ ഷോട്ട് കുടുങ്ങിയത്. ജേക്കബ് ഡഫിയും നായകൻ സാൻറനറും പുറത്താകാതെ പിടിച്ചുനിന്നു.
ആദ്യ ടി20യിൽ ന്യൂസിലൻഡാണ് വിജയിച്ചത്. മത്സരത്തിൽ 35 പന്തിൽ 52 റൺസ് നേടിയ ഓപ്പണർ ഡീവൺ കോൺവേയുടെയും 59 റൺസ് അടിച്ചുകൂട്ടിയ ഡാരിൽ മിച്ചലിന്റെയും മികവിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് ആറ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് ടോട്ടലാണ് നേടിയത്. എന്നാൽ മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ പോരാട്ടം ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 155 റൺസിലൊതുങ്ങുകയായിരുന്നു. എന്നാൽ 28 പന്തിൽ 50 റൺസടിച്ച് കൂട്ടിയ വാഷിംഗ്ഡൺ സുന്ദറും 47 റൺസ് നേടിയ സൂര്യകുമാർ യാദവും ഇന്ത്യക്കായി തിളങ്ങി. ഹർദിക് 21 റൺസ് അടിച്ചു.