ഒളിമ്പിക്സില്‍ മെസ്സി പന്തു തട്ടുമോ? വലിയ സൂചന നല്‍കി കോച്ച്
മെസ്സി ഒളിമ്പിക്സില്‍ പന്ത് തട്ടിയാല്‍ അത് മനോഹരമായ അനുഭവമായിരിക്കും എന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ഒളിമ്പിക്സ് കമ്മിറ്റി പ്രസിഡന്‍റ് തോമസ് ബാഷ് പറഞ്ഞിരുന്നു
ദിവസങ്ങൾക്ക് മുമ്പാണ് ചിരവൈരികളായ ബ്രസീലിനെ പരാജയപ്പെടുത്തി ലോക ചാമ്പ്യന്മാരായ അർജന്റീന ഒളിമ്പിക്‌സ് ഫു്ട്‌ബോളിന് യോഗ്യത നേടിയത്. നിലവിലെ സ്വർണ മെഡൽ ജേതാക്കളായ കാനറിപ്പടയെ എതിരില്ലാത്ത ഒരു ഗോളിനാണ് അർജന്റീന പരാജയപ്പെടുത്തിയത്. തുടർച്ചയായ മൂന്നാം ഒളിമ്പിക്‌സ് സ്വർണമെന്ന ബ്രസീലിന്റെ സ്വപ്‌നമാണ് ഇതോടെ പൊലിഞ്ഞത്. 2004 ന് ശേഷം ആദ്യമായാണ് ബ്രസീൽ ഒളിമ്പിക്‌സിന് യോഗ്യത നേടാതെ പുറത്താകുന്നത്.
ഒളിമ്പിക്‌സിൽ സാധാരണ അണ്ടർ 23 ടീമുകളാണ് കളിക്കുന്നതെങ്കിലും മൂന്ന് സീനിയർ താരങ്ങളെ ടീമിൽ ഉൾപ്പെടുത്താനാവും. അങ്ങനെയെങ്കിൽ ഇക്കുറി ഒളിമ്പിക്‌സിൽ അർജന്റീനക്കായി സൂപ്പർ താരം താരം ലയണൽ മെസ്സി ബൂട്ടണിയുമോ എന്നാണ് ആരാധകരുടെ ചോദ്യം. മെസ്സി തയ്യാറായാവുകയാണെങ്കിൽ സൂപ്പർതാരം ടീമിലുണ്ടാവുമെന്നാണ് കോച്ച് ഹാവിയർ മഷറാനോ പറയുന്നത്. മെസ്സിക്ക് മുന്നിൽ ഒളിമ്പിക്‌സ് ടീമിന്റെ വാതിലുകൾ തുറന്ന് കിടക്കുകയാണ് എന്നാണ് മഷറാനോ കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. എന്നാൽ മെസ്സിയുടെ താൽപര്യവും സന്നദ്ധതയും അനുസരിച്ചിരിക്കും ടീം പ്രവേശം എന്ന് കോച്ച് വ്യക്തമാക്കി.
അര്‍ജന്‍റൈന്‍ ടീമിലും ബാഴ്സലോണയിലും ഏറെ കാലം ഒരുമിച്ച് കളിച്ചവരാണ് മെസ്സിയും മഷറാനോയും. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. മഷറാനോ വിളിച്ചാല്‍ മെസ്സി എത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. എട്ട് തവണ ബാലന്‍ദ്യോര്‍ നേടിയ മെസ്സിക്കൊപ്പം ഒളിമ്പിക്സില്‍ ബൂട്ടണിയാനായാല്‍ ഞങ്ങളുടെ സ്വപ്ന സാക്ഷാത്കാരമാവും അത് എന്നാണ് ടീമിലെ മധ്യനിരതാരം തിയാഗോ അല്‍മാാഡ കഴിഞ്ഞ ദിവസം പറഞ്ഞത്. മെസ്സി ഒളിമ്പിക്സില്‍ പന്ത് തട്ടിയാല്‍ അതൊരു മനോഹരമായ അനുഭവമായിരിക്കും എന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ഒളിമ്പിക്സ് കമ്മിറ്റി പ്രസിഡന്‍റ് തോമസ് ബാഷും പറഞ്ഞിരുന്നു. 2008 ഒളിമ്പിക്‌സ് സ്വര്‍ണ്ണ മെഡൽ നേടിയ അർജന്റൈൻ ടീമിൽ മെസ്സി അംഗമായിരുന്നു.
അര്‍ജന്‍റൈന്‍ ദേശീയ ടീമിനായി ലോകകപ്പ്, കോപ്പ അമേരിക്ക, ഫൈനലിസിമ, ഒളിമ്പിക്സ് ഗോള്‍ഡ് മെഡല്‍ തുടങ്ങി നിരവധി നേട്ടങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ച മെസ്സിയുടേത് സ്വപ്ന തുല്യമായ കരിയറാണ്. രാജ്യത്തിനായി 180 മത്സരങ്ങളിൽ നിന്ന് 106 ഗോളുകളും 56 അസിസ്റ്റുമാണ് താരത്തിന്റെ സമ്പാദ്യം. അടുത്ത കോപ്പ അമേരിക്കയില്‍ താരം ടീമിനായി ബൂട്ടണിയും എന്നുറപ്പായിരിക്കേ ഒളിമ്പിക്സിലും ടീമിലുണ്ടാവും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.