''നന്ദി, ലോകത്തെ എറ്റവും മികച്ച ആരാധകരാണ് നിങ്ങൾ''; ബ്ലാസ്‌റ്റേഴ്‌സ് ആരാധകരെ ചേര്‍ത്ത് പിടിച്ച് ഇവാന്‍
''സംഭവിച്ച വിവാദങ്ങളിൽ ആശങ്കപ്പെടേണ്ടതില്ല, നമ്മൾ ശക്തമായി തിരിച്ചു വരും''
ഐ.എസ്.എല്‍ പ്ലേ ഓഫിന് ശേഷം കേരളത്തില്‍ തിരിച്ചെത്തിയ കേരള ബ്ലാസ്റ്റേഴ്സ് ടീമിനും കോച്ച് ഇവാന്‍ വുകുമാനോവിച്ചിനും കൊച്ചിയില്‍ വന്‍വരവേല്‍പ്പ്. ബ്ലാസ്റ്റേഴ്സ് ആരാധകര്‍ ലോകത്തെ ഏറ്റവും മികച്ച ആരാധകരാണെന്ന് സ്വീകരണമേറ്റു വാങ്ങിയ ശേഷം വുകുമാനോവിച്ച് പ്രതികരിച്ചു.
''നന്ദി., നിങ്ങൾ ലോകത്തെ ഏറ്റവും മികച്ച ആരാധകരാണ്.സംഭവിച്ച വിവാദങ്ങളിൽ ആശങ്കപ്പെടേണ്ടതില്ല, നമ്മൾ ശക്തമായി തിരിച്ചു വരും. ക്ലബ്ബ് ഔദ്യോഗികമായി നിലപാട് അറിയിക്കും''- ഇവാൻ പറഞ്ഞു.
കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഗംഭീര സ്വീകരണമാണ് ആരാധകര്‍ നല്‍കിയത്. മഞ്ഞപ്പടയുടെ നിരവധി ആരാധകരാണ് തങ്ങളുടെ ഇഷ്ട ടീമിനെ സ്വീകരിക്കാനെത്തിയത്. വിവാദ ഗോളിനെ തുടർന്ന് ടീമിനെ പിൻവലിച്ച കോച്ച് ഇവാൻ വുകുമനോവിചിന്റെ സമൂഹ മാധ്യമങ്ങളിൽ നിരവധി പേർ അഭിനന്ദിച്ചിരുന്നു. ഇന്ന് വിമാനത്താവളത്തിലും 'ഇവാൻ.. ഇവാൻ.. ' എന്ന പേരാണ് മുഴങ്ങിയത്. അദ്ദേഹത്തിന്റെയും ടീമിന്റെയും പ്രതികരണം ഐഎസ്എല്ലിലെ മോശം റഫറിയിങ്ങിന് അന്ത്യം വരുത്തുമെന്നാണ് പലരും സമൂഹ മാധ്യമങ്ങളിൽ അഭിപ്രായപ്പെടുന്നത്. എന്നാൽ ചിലർ വിവാദ ഗോളിനെ അനുകൂലിക്കുന്നുണ്ട്.
അതിനിടെ, ഇവാൻ വുകുമനോമോവിച് ആരാധകർക്ക് നന്ദി അറിയിച്ചു. കേരളത്തിലേത് ലോകത്തിലെ മികച്ച ആരാധകരാണെന്നും അടുത്ത തവണ കാണാമെന്നും ഇവാൻ പറഞ്ഞു. ഇന്നലത്തെ മത്സരത്തിൽ നിരാശയുണ്ടെന്ന് മലയാളി താരം കെ.പി രാഹുൽ പറഞ്ഞു. എന്നാൽ പ്രതികരിക്കാനില്ലെന്ന് സൂപ്പർ താരം അഡ്രിയാൻ ലൂണ പറഞ്ഞു.
എന്താണ് ഛേത്രി ഫ്രീകിക്ക് വിവാദം?
ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സും ബംഗളൂരു എഫ്.സിയും തമ്മിൽ നടന്ന ആദ്യ പ്ലേഓഫ് പോരാട്ടത്തിൽ എക്സ്ട്രാ ടൈമിലാണ് വിവാദ സംഭവം. ഇരുപകുതികളും ഗോൾരഹിതമായതിനെ തുടർന്ന് എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിന്റെ 96-ാം മിനിറ്റിലാണ് വിവാദ ഗോൾ പിറന്നത്. ഫ്രീകിക്ക് തടയാൻ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ തയാറാകുംമുൻപെ ബംഗളൂരു താരം സുനിൽ ഛേത്രി ഗോൾ വലയിലാക്കുകയായിരുന്നു. റഫറി ഗോൾ വിളിക്കുകയും ചെയ്തു. പിന്നാലെ ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ വുകുമാനോവിച്ച് താരങ്ങളെ മുഴുവൻ തിരിച്ചുവിളിച്ചു.
മിനിറ്റുകൾ നീണ്ട നാടകീയരംഗങ്ങൾക്കൊടുവിൽ ബംഗളൂരുവിനെ മാച്ച് റഫറി വിജയിയായി പ്രഖ്യാപിച്ചു. ഇതോടെ ബംഗളൂരു സെമിയിൽ പ്രവേശിക്കുകയും ചെയ്തു. ഗാലറിയിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകരും റഫറിയുടെ തീരുമാനത്തിനെതിരെ മുദ്രാവാക്യങ്ങൾ മുഴക്കി പ്രതിഷേധിച്ചു. ഇരുടീമുകളുടെയും ആരാധകർ ഗാലറിയിൽ ഏറ്റുമുട്ടുന്ന കാഴ്ചയ്ക്കും ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയം സാക്ഷിയായി.
ആദ്യ പകുതിയിൽ കളം നിറഞ്ഞ് കളിച്ചത് ബംഗളൂരുവാണെങ്കിൽ രണ്ടാം പകുതിയിൽ മികച്ച കളി പുറത്തെടുത്ത് ബ്ലാസ്റ്റേഴ്‌സ് മത്സരത്തിലേക്ക് തിരിച്ചെത്തി. മത്സരത്തിൽ 60 ശതമാനവും പന്ത് കൈവശം വച്ചതും ബ്ലാസ്റ്റേഴ്‌സായിരുന്നു. രണ്ടാം പകുതിയിൽ ഗോൾ മുഖത്തിനടത്തുവച്ച് നിരവധി അവസരങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് തുലച്ചുകളഞ്ഞത്.