മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിൽ യു.എ.ഇ ദേശീയദിനാഘോഷ പരിപാടികൾ ആഘോഷിച്ചു
മലയാളി കൂട്ടായ്മകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ യു.എ.ഇ ദേശീയദിനാഘോഷ പരിപാടികൾ ആഘോഷിച്ചു. ദുബൈ പൊലിസുമായി സഹകരിച്ച് യു.എ.ഇ.പി.ആർ.ഒ അസോസിയേഷൻ നടത്തിയ ആഘോഷ പരിപാടികൾ വേറിട്ടതായി.
ദുബൈ ഖിസൈസ് പോലീസ് ആസ്ഥാനത്തായിരുന്നു യു.എ.ഇ.പി.ആർ.ഒ അസോസിയേഷന്റെ ആഘോഷ പരിപാടികൾ നടന്നത്. പോലീസ് മേധാവി ബ്രിഗേഡിയർ ജനറൽ യൂസുഫ് അൽ അദീദി, ബ്രിഗേഡിയർ ജനറൽ അലി അൽ ഹാഷിമി, മേജർ നാസർ, ക്യാപ്പ്റ്റൻ അബ്ദുല്ല അൽ ഹുസ്നി തുടങ്ങിയവർ സംബന്ധിച്ചു. കളരിപ്പയറ്റുൾപ്പെടെ വിവിധ കലാരൂപങ്ങൾ അവതരിപ്പിച്ചു. എല്ലാ വിഭാഗങ്ങളും ചേർന്ന് യു.എ.ഇ ദേശീയ ദിനാഘോഷത്തിന് പൊലിമ പകരുന്നതിൽ ഏറെ സംതൃപ്തിയുണ്ടെന്ന് പൊലിസ് അധികൃതർ അഭിപ്രായപ്പെട്ടു.
യു.എ.ഇ പി.ആർ.ഒ അസോസിയേഷൻ ആരംഭിച്ച ദേശീയദിനാഘോഷ പരിപാടികളുടെ സമാപന സമ്മേളനം ഡിസംബർ 6 നു വ്യാഴാഴ്ച അൽ നാസർ ലിസർ ലാന്റിൽ നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
സമാപന പരിപാടിയിൽ നടൻ മമ്മൂട്ടി, ലുലു ഗ്രുപ്പ് ചെയർമാൻ എം.എ യൂസുഫ് അലി, അബ്ദുസമദ് സമദാനി, യു.എ.ഇ തൊഴിൽ മന്ത്രി നാസർ ഹാംലി തുടങ്ങി നിരവധി പ്രമുഖർ സംബന്ധിക്കും. യു.എ.ഇ.പി.ആർ.ഒ അസോസിയേഷൻ സാരഥികളായ മൊയ്തീൻ കുറുമത്ത്, സൽമാൻ അഹമ്മദ്, തമീം അബൂബക്കർ, നന്തി നാസർ, മുഈനുദ്ദീൻ പിവി, മുനീർ താജിൽ, നദീർ എന്നിവർ മേൽനോട്ടം വഹിച്ചു.