യു.എ.ഇയില്‍ പൊതുമാപ്പ് നാളെ അവസാനിക്കും.

അവസരം പ്രയോജനപ്പെടുത്തിയത് ആയിരക്കണക്കിന് അനധികൃത താമസക്കാര്‍

Update: 2018-11-29 18:50 GMT
Advertising

അനധികൃത താമസക്കാർക്കായി യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ്​ വെള്ളിയാഴ്​ച അവസാനിക്കും. നാലു മാസമായി തുടരുന്ന പൊതുമാപ്പ്​ ആയിരങ്ങൾക്കാണ്​ പ്രയോജനപ്പെട്ടത്​. പൊതുമാപ്പ്​ ഇനി നീട്ടാൻ സാധ്യതയില്ലെന്നാണ്​ അധികൃതർ നൽകുന്ന സൂചന.

തുടക്കത്തിൽ മൂന്നു മാസത്തേക്ക്​ യു.എ.ഇ പ്രഖ്യാപിച്ച പൊതുമാപ്പാണ്​ ഒക്​ടോബർ 31ന്​ ഒരു മാസം കൂടി നീട്ടാൻ തീരുമാനിച്ചത്​. ആ കാലാവധിയാണ്​ വെള്ളിയാഴ്​ച തീരുന്നത്​. നിയമലംഘകരായി യുഎഇയിൽ കഴിയുന്നവർക്ക് രാജ്യം വിട്ടുപോകാനുള്ള അവസാനത്തെ അവസരമാണിതെന്നും ‌രാജ്യം വിടുകയോ താമസം നിയമവിധേയമാക്കുകയോ ചെയ്യാത്തവർക്ക് കടുത്ത ശിക്ഷയുണ്ടാകുമെന്നും ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് അതോറിറ്റി അറിയിച്ചു.

വിവിധ കാരണങ്ങളാൽ അനധികൃതമായി രാജ്യത്ത് തങ്ങിയവരുടെ ലക്ഷക്കണക്കിന് തുക വേണ്ടെന്നു വെച്ചാണ്​ യു.എ.ഇ പൊതുമാപ്പിന്റെ ആനുകൂല്യം അനുവദിച്ചിരിക്കുന്നത്​.

പുതിയ ജോലി കണ്ടെത്താനായി ആറു മാസത്തെ താൽക്കാലിക വീസയും നൽകുന്നു എന്നതായിരുന്നു​ ഇത്തവണ പൊതുമാപ്പിന്റെ പ്രത്യേകത. മറ്റു ജോലികളിലേക്ക് മാറാനും സൗകര്യം ഒരുക്കിയത്​ ആയിരങ്ങൾക്ക്​ തുണയായി. ആയിരങ്ങൾ പൊതുമാപ്പ്​ പ്രയോജനപ്പെടുത്തി ഇതിനകം നാട്ടിലേക്ക്​ മടങ്ങി​. മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിന്​ ഇന്ത്യക്കാരാണ്​ പൊതുമാപ്പ്​ ആനുകൂല്യം പ്രയോജനപ്പെടുത്തി നാട്ടിലേക്ക്​ മടങ്ങുകയോ താമസം നിയമവിധേയമാക്കുകയോ ചെയ്​തത്​.

Tags:    

Similar News