ഗള്‍ഫില്‍ കോവിഡ് മരണസംഖ്യയിലും രോഗികളുടെ എണ്ണത്തിലും കുറവ്
കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിൽ ഗൾഫിൽ കോവിഡ് മരണസംഖ്യയിലും രോഗികളുടെ എണ്ണത്തിലും കുറവ്. സൗദിയിലും ഒമാനിലും രോഗികളുടെ എണ്ണം കുറയുന്ന പ്രവണതയാണ് പിന്നിട്ട ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ കാണുന്നത്.
കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിൽ ഗൾഫിൽ കോവിഡ് മരണസംഖ്യയിലും രോഗികളുടെ എണ്ണത്തിലും കുറവ്. 47 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ഗൾഫിലെ കോവിഡ് മരണ സംഖ്യ നാലായിരത്തി നാൽപത്തെട്ടായി. അയ്യായിരത്തിനും ചുവടെയാണ് പുതിയ കേസുകൾ.
സൗദിയിൽ 34ഉം ഒമാനിൽ ആറും കുവൈത്തിൽ നാലും ബഹ്റൈനിൽ രണ്ടും ഖത്തറിൽ ഒന്നുമാണ് മരണം. യു.എ.ഇയിൽ പുതുതായി മരണം സ്ഥിരീകരിച്ചിട്ടില്ല. ഗൾഫിൽ മൊത്തം രോഗികളുടെ എണ്ണം ആറ് ലക്ഷത്തിലേക്ക് അടുക്കുകയാണ്. രോഗം ഭേദപ്പെട്ടവരുടെ എണ്ണമാകെട്ട, അഞ്ചു ലക്ഷം കവിഞ്ഞു. സൗദിയിലും ഒമാനിലും രോഗികളുടെ എണ്ണം കുറയുന്ന പ്രവണതയാണ് പിന്നിട്ട ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ കാണുന്നത്.
ഖത്തറിൽ വിദ്യാലയങ്ങൾ തുറക്കുന്നതിനായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. മൂന്ന് ഘട്ടങ്ങളിലായിട്ടായിരിക്കും അധ്യയന വര്‍ഷം തുടങ്ങുക. മൂന്നാംഘട്ടം മുതലായിരിക്കും പൂര്‍ണമായ രീതിയില്‍ അധ്യയനം തുടങ്ങുക. കോവിഡ് പശ്ചാത്തലത്തിൽ ബലി പെരുന്നാൾ ആഘോഷങ്ങൾക്ക് വിവിധ രാജ്യങ്ങൾ കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ഈദ്ഗാഹിലും പള്ളികളിലും പെരുന്നാൾ നമസ്കാരം ഉണ്ടാവില്ല. ബലി അറുക്കുന്നതിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
അതിനിടെ, സൗദിയിൽ സ്വദേശികൾക്കും അവരുടെ ആശ്രിതർക്കും രാജ്യത്തേക്ക് കരമാർഗം തിരിച്ചുവരാനുള്ള സംവിധാനത്തിന് തുടക്കം. യു.എ.ഇ, കുവൈത്ത്, ബഹ്‌റൈൻ എന്നീ ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ആദ്യഘട്ടത്തിൽ തിരിച്ചുവരാൻ അനുമതി.