ബഹിരാകാശത്തേക്ക് വനിതയെ പ്രഖ്യാപിച്ച് യു എ ഇ

നൂറ അൽ മത്റൂശി, മുഹമ്മദ് അൽ മുല്ല എന്നിവരെ യു എ ഇ ബഹിരാകാശത്തേക്ക് അയക്കും. അറബ് ലോകത്ത് നിന്നുള്ള ആദ്യ വനിതാ ബഹിരാകാശ യാത്രികയാണ് നൂറ.

Update: 2021-04-10 11:22 GMT
Advertising

ബഹിരാകാശദൗത്യത്തിന് വനിതയെ പ്രഖ്യാപിച്ച് യു എ ഇ വീണ്ടും ചരിത്രം കുറിച്ചു. നൂറ അൽ മത്റൂശി, മുഹമ്മദ് അൽ മുല്ല എന്നിവരെയാണ് യു എ ഇ രണ്ടാമത്തെ ബഹിരാകാശയാത്രക്കായി പ്രഖ്യാപിച്ചത്. അറബ് ലോകത്ത് നിന്നുള്ള ആദ്യ വനിതാ ബഹിരാകാശ യാത്രികയാണ് നൂറ.

ബഹിരാകാശയാത്രികരുടെ രണ്ടാമത്തെ സംഘത്തിൽ ഇടം നേടാൻ മൽസരിച്ച് അവാസനഘട്ടത്തിലെത്തിയ അഞ്ച് വനിതകൾ, ഒമ്പത് പുരുഷൻമാർ എന്നിവരിൽ നിന്നാണ് നൂറ അൽ മത്റൂശി, മുഹമ്മദ് അൽ മുല്ല എന്നിവർ തെരഞ്ഞെടുക്കപ്പെട്ടത്. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ബഹിരാകാശയാത്രികരെ ട്വിറ്ററിലൂടെ പ്രഖ്യാപിക്കുകയായിരുന്നു. യു എ ഇയുടെ ആദ്യ ബഹിരാകാശ യാത്രികൻ മേജർ ഹെസ്സ അൽ മൻസൂരി, ഡോ. സുൽത്താൻ അൽ നെയാദി എന്നിവരുടെ സംഘത്തിൽ ഇനി നൂറയും മുഹമ്മദ് അൽ മുല്ലയും ചേരും. ഇവരുടെ പാത പിന്തുടരാൻ വരിയായി പലരുമെത്തുമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. 4,300 പേരാണ് രണ്ടാംസംഘത്തിന്റെ ഭാഗമാകാൻ അപേക്ഷ നൽകിയത്. അവരിൽ 1400 പേർ സ്വദേശി വനിതകളായിരുന്നു. 2019 ലാണ് യു എ ഇയുടെ ആദ്യ ബഹിരാകാശ സഞ്ചാരി വിജയകരമായി സ്പേസ് സ്റ്റേഷനിലെത്തി ദൗത്യം വിജയകരമായി പൂർത്തിയാക്കി മടങ്ങിയെത്തിയത്. വനിതയുൾപ്പെടുന്ന രണ്ടാം സംഘം ആകാശത്ത് ചരിത്രം കുറിക്കുന്ന നിമിഷത്തിനായി കൗണ്ട് ഡൗൺ ആരംഭിക്കുകയാണെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Writer - ഷിനോജ് കെ ഷംസുദ്ദീൻ

contributor

Editor - ഷിനോജ് കെ ഷംസുദ്ദീൻ

contributor

Similar News