മുംബൈക്ക് വീണ്ടും തോൽവി തന്നെ; രാജസ്ഥാന് 23 റൺസ് വിജയം

അവസാന ഓവറിൽ രക്ഷാപ്രവർത്തനം നടത്തുമെന്ന പ്രതീക്ഷിച്ച പൊള്ളാർഡിന് നവ്ദീപ് സൈനി ആ ഓവറിൽ വേണ്ടിയിരുന്ന 29 റൺസിൽ 5 റൺസ് നേടാൻ മാത്രമേ സാധിച്ചുള്ളൂ.

Update: 2022-04-02 14:12 GMT
Editor : Nidhin | By : Web Desk
Advertising

മുംബൈ യുവരക്തങ്ങളായ ഇഷൻ കിഷനും തിലക് വർമയും പോരാടിയെങ്കിലും തുടർച്ചയായ രണ്ടാം മത്സരത്തിലും മുംബൈ ഇന്ത്യൻസിന് തോൽവി. രാജസ്ഥാൻ റോയൽസിനോട് 23 റൺസിനായിരുന്നു മുംബൈയുടെ തോൽവി.

രാജസ്ഥാൻ ഉയർത്തിയ 194 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ മുംബൈയുടെ പോരാട്ടം എട്ട് വിക്കറ്റ് നഷ്ടത്തിൽ 170 ൽ അവസാനിച്ചു.

മുംബൈക്ക് രണ്ടാം ഓവർ പൂർത്തിയാക്കും മുമ്പ് നായകൻ രോഹിത് ശർമയെ (5 പന്തിൽ 10 റൺസ്) നഷ്ടമായി. പക്ഷേ മറുവശത്ത് നിലയുറപ്പിച്ച് കളിച്ച ഇഷൻ കിഷൻ അർധ സെഞ്ച്വറിയുമായാണ് മടങ്ങിയത്. അഞ്ച് ബൗണ്ടറികളും ഒരു സിക്‌സറും പറത്തിയ ഇഷൻ 43 പന്തിൽ 54 റൺസുമായാണ് കളം വിട്ടത്. ഇടക്ക് അനുമോൾപ്രീത് സിങ് (33 പന്തിൽ 61) കാര്യമായി ഒന്നും ചെയ്യാനാകാതെ മടങ്ങി. എന്നാൽ മുംബൈയുടെ അണിയറയിൽ ഇനിയും അത്ഭുതങ്ങൾ ബാക്കിയുണ്ടായിരുന്നു- തിലക് വർമ. പരിചയക്കുറവിന്റെ പ്രശ്‌നങ്ങളൊന്നും കാണിക്കാതെ ബാറ്റ് ചെയ്ത തിലക് 33 പന്തിൽ 61 റൺസ് നേടി. അഞ്ച് സിക്‌സറും മൂന്ന് ബൗണ്ടറിയും അടങ്ങിയതായിരുന്നു ഇന്നിങ്‌സ്. പിന്നീട് വന്ന ആർക്കും കാര്യമായി ഒന്നും ചെയ്യാനായില്ല. ടിം ഡേവിഡ് (1), ഡാനിയൽ സാംസ് (0) എന്നിവർ ഒന്ന് പൊരുതാൻ പോലും നിൽക്കാതെ കൂടാരം കയറി.

അവസാന ഓവറിൽ രക്ഷാപ്രവർത്തനം നടത്തുമെന്ന പ്രതീക്ഷിച്ച പൊള്ളാർഡിന് നവ്ദീപ് സൈനി ആ ഓവറിൽ വേണ്ടിയിരുന്ന 29 റൺസിൽ 5 റൺസ് നേടാൻ മാത്രമേ സാധിച്ചുള്ളൂ. അവസാന പന്തിൽ പൊള്ളാർഡ് ക്യാച്ച് നൽകി പുറത്താകുകയും ചെയ്തു. ബൂമ്ര റൺസൊന്നും നേടാതെ പുറത്താകാതെ നിന്നു.

രാജസ്ഥാന് വേണ്ടി ചഹൽ, സൈനി എന്നിവര്‍ രണ്ട് വിക്കറ്റും ബോൾട്ട്, പ്രസിദ്ധ് കൃഷ്ണ, , രവിചന്ദ്രൻ അശ്വിൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

നേരത്തെ  20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 193 റൺസാണ് രാജസ്ഥാൻ നേടിയത്.

മുംബൈക്കെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ രാജസ്ഥാന് തുടക്കത്തിൽ തന്നെ യുവതാരം ജയ്‌സ്‌വാളിനെ നഷ്ടമായെങ്കിലും പിന്നീട് ബട്‌ലർ ഷോയ്ക്കാണ് മുംബൈ ഡിവൈ പാട്ടീൽ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. 66 പന്തിൽ 5 സിക്‌സറുകളുടേയും 11 ബൗണ്ടറികളുടേയും അകമ്പടിയോട് കൂടിയായിരുന്നു ബട്‌ലറിന്റെ സെഞ്ച്വറി. നാലാം ഓവർ എറിഞ്ഞ മലയാളി താരം ബേസിൽ തമ്പിയാണ് ബട്‌ലറിന്റെ ബാറ്റിന്റെ ചൂട് ആദ്യമറിഞ്ഞത്. രണ്ട് ഫോറും മൂന്ന് സിക്‌സറും ഉൾപ്പടെ 26 റൺസാണ് ആ ഓവറിൽ പിറന്നത്. ഈ സീസണിലെ ആദ്യ സെഞ്ച്വറിയാണിത്. സെഞ്ച്വറിക്ക് പിന്നാലെ ബട്‌ലർ ബൂമ്രയുടെ പന്തിൽ ക്ലീൻ ബൗൾഡായി പുറത്തായി.

രാജസ്ഥാൻ ഇന്നിങ്‌സിൽ തകർത്തടിക്കുമെന്ന് പ്രതീക്ഷിച്ച മലയാളി താരം ദേവ്ദത്ത് പടിക്കൽ നിരാശപ്പെടുത്തി. ഏഴ് പന്തിൽ ഏഴ് റൺസ് മാത്രമാണ് പടിക്കലിന്റെ സമ്പാദ്യം. പിന്നാലെയെത്തിയ നായകൻ സഞ്ജു സാംസൺ മൂന്ന് സിക്‌സറും നാല് ബൗണ്ടറികളുമായി കളം നിറഞ്ഞെങ്കിലും 30 റൺസിൽ വീണു.

പിന്നാലെയെത്തിയ ഹെറ്റ്മയറും മുംബൈ ബോളർമാരെ 'മർദിക്കുന്നതിൽ' ഒരു ദയയും കാണിച്ചില്ല. പൊള്ളാർഡ് എറിഞ്ഞ 16-ാം ഓവറിൽ 26 റൺസാണ് ഹെറ്റ്മയർ അടിച്ചുകൂട്ടിയത്. 14 പന്തിൽ 35 റൺസ് നേടി ഹെറ്റ്മയറും മടങ്ങി. ബട്‌ലർ വീണതിന് പിന്നാലെയെത്തിയ അശ്വിൻ തൊട്ടടുത്ത പന്തിൽ തന്നെ പുറത്തേക്ക് നടന്നു. തുടരെ തുടരെ വിക്കറ്റുകൾ നഷ്ടമായതോടെ അവസാന ഓവറിൽ തകർത്തടിക്കാനുള്ള ശ്രമം പാളി. നവ്ദീപ് സൈനി (2) റിയാൻ പരാഗ്(5) എന്നിവർക്ക് കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചില്ല. ട്രെന്റ് ബോൾട്ട് ഒരു റൺസുമായി പുറത്താകാതെ നിന്നു.

മുംബൈക്ക് വേണ്ടി ബൂമ്രയും മിൽസും മൂന്ന് വിക്കറ്റ് വീതവും പൊള്ളാർഡ് ഒരു വിക്കറ്റും  വീഴ്ത്തി.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News