ശ്രീലേഖ നടത്തുന്നത് ദിലീപിനെ എങ്ങനെ രക്ഷിക്കാമെന്നുളള ക്യാമ്പയിൻ, ആരോപണങ്ങൾ എന്തുകൊണ്ട് സർക്കാരിനെ അറിയിച്ചില്ലെന്ന് ബാലചന്ദ്രകുമാർ

എന്ത് അടിസ്ഥാനത്തിലാണ് അവരുടെ പരാമർശങ്ങൾ എന്നറിയില്ല. ശ്രീലേഖയുടേത് വെളിപ്പെടുത്തലല്ല, ആരോപണങ്ങൾ മാത്രമാണ്.

Update: 2022-07-11 04:17 GMT
Editor : Sikesh | By : Web Desk
Advertising

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ മുൻ ജയിൽ ഡിജിപി ശ്രീലേഖ ഐപിഎസിന്റെ വെളിപ്പെടുത്തലുകൾക്കെതിരെ സംവിധായകൻ ബാലചന്ദ്രകുമാർ. നടൻ ദിലീപിനോട് അവർക്ക് ആരാധനയുണ്ടാകാമെന്നും അധികാരത്തിൽ ഇരുന്ന സമയത്ത് എന്തുകൊണ്ട് ഇക്കാര്യങ്ങൾ അവർ സർക്കാരിനെ അറിയിച്ചില്ലെന്നും അദ്ദേഹം ചോദിച്ചു. എന്ത് അടിസ്ഥാനത്തിലാണ് അവരുടെ പരാമർശങ്ങൾ എന്നറിയില്ല. ശ്രീലേഖയുടേത് വെളിപ്പെടുത്തലല്ല, ആരോപണങ്ങൾ മാത്രമാണ്. ഇത് കേസിന്റെ അന്വേഷണത്തെ ബാധിക്കില്ല. അവർ സർവീസിൽ ഇറങ്ങിയതിന്റെ തൊട്ടടുത്ത ദിവസം മുതൽ ദിലീപിനെ എങ്ങനെ രക്ഷിക്കാമെന്ന ക്യാംപയിന്റെ തലപ്പത്ത് ജോലി ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന് അറിഞ്ഞോ അറിയാതെയോ പങ്കുണ്ടെന്ന് കരുതുന്നില്ലെന്നായിരുന്നു മുൻ ഡിജിപി ആർ. ശ്രീലേഖ തന്റെ യു ട്യൂബ് ചാനലായ സസ്‌നേഹം ശ്രീലേഖയിലൂടെ പറഞ്ഞത്. പൾസർ സുനിയും ദിലീപും കണ്ടതിന് തെളിവോ രേഖയോ ഇല്ല. കേസ് നിലനിൽക്കില്ല എന്ന ഘട്ടം വന്നപ്പോൾ യാതൊരു അടിസ്ഥാനവുമില്ലാത്ത വെറും ഊഹാപോഹങ്ങളുമായി എത്തിയ ബാലചന്ദ്രകുമാറിനെപ്പോലുള്ള സാക്ഷികളെക്കൊണ്ട് മാധ്യമങ്ങളുടെ സഹായത്താൽ കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്നും ശ്രീലേഖ പറയുന്നു.

ദിലീപിനെതിരെ പൊലീസ് വ്യാജ തെളിവുകളുണ്ടാക്കി.പൾസർ സുനിക്കൊപ്പം ദിലീപ് നിൽക്കുന്ന ചിത്രം വ്യാജമാണ്. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോ ഫോട്ടോ ഷോപ്പ് ചെയ്തതാണ്. അക്കാര്യം പൊലീസുകാർ തന്നെ സമ്മതിച്ചതാണെന്നും ശ്രീലേഖ പറയുന്നു.ദിലീപിന്റെ പെട്ടെന്നുള്ള ഉയർച്ചയിൽ പലർക്കും അസൂയ ഉണ്ടായിരുന്നു. അയാൾ ചെയ്തിരുന്ന പല കാര്യങ്ങളിലും അന്ന് വളരെ ശക്തരായ പലർക്കും എതിർപ്പുണ്ടായിരുന്നു. അത്തരമൊരു സാഹചര്യത്തിൽ ദിലീപിന്റെ പേര് കേസിൽ പറയുമെന്ന് തനിക്ക് തോന്നിയിരുന്നുവെന്നും ശ്രീലേഖ വെളിപ്പെടുത്തുന്നു.

'കേസിലെ ആറ് പ്രതികൾ നേരത്തെ ശിക്ഷിക്കപ്പെടേണ്ടതായിരുന്നു. ഇത്രയധികം ആളുകൾ ശിക്ഷിക്കപ്പെടാതെ പുറത്ത് ജീവിക്കുന്നു എന്നത് ശരിയല്ല. അഞ്ച് വർഷമായി വിചാരണത്തടവുകാരനായ പൾസർ സുനിക്ക് ശിക്ഷയിൽ ഇളവ് ലഭിച്ചാൽ എന്ത് ചെയ്യും? ഏതായാലും ഒരു കുറ്റകൃത്യം നടന്നിട്ടുണ്ട്. അതിന് അവർ ശിക്ഷിക്കപ്പെടേണ്ടേ? അതിന് പകരം, മറ്റൊരു വ്യക്തിക്കും കേസിൽ പങ്കുണ്ടെന്ന് പറഞ്ഞ് അയാളെ കേസിലേക്ക് വലിച്ചിഴയ്ക്കാനും അതിൽ കുടുക്കാനും തെളിവുകൾ നിരത്താനും ശ്രമിക്കുമ്പോൾ പൊലീസ് അപഹാസ്യരാവുകയാണ്. ജയിലിൽ നിന്നും കേസിലെ മുഖ്യപ്രതി പൾസർ സുനി ദിലീപിന് അയച്ചുവെന്ന് പറയുന്ന കത്ത് എഴുതിയത് സുനി അല്ല. സഹ തടവുകാരൻ വിപിനാണ് കത്തെഴുതിയത്. ഇയാൾ ജയിലിൽ നിന്നും കടത്തിയ കടലാസ് ഉപയോഗിച്ചാണ് കത്തെഴുതിയത്'. പൊലീസുകാർ പറഞ്ഞിട്ടാണ് കത്തെഴുതിയതെന്ന് വിപിൻ തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും ശ്രീലേഖ യു ട്യൂബ് ചാനലിലൂടെ പറയുന്നു.


Full View


Tags:    

Writer - Sikesh

contributor

Editor - Sikesh

contributor

By - Web Desk

contributor

Similar News