സന്താൾ ഗോത്രത്തിൽ നിന്ന് ഇന്ത്യക്ക് 15ാം രാഷ്ട്രപതി; ചരിത്ര വനിതയായി ദ്രൗപദി മുർമു

മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന്റെ വ്യക്തമായ ആധിപത്യത്തോടെയാണ് ദ്രൗപദി മുർമു പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാർത്ഥി യശ്വന്ത് സിൻഹയ്‌ക്കെതിരെ വിജയം നേടിയത്

Update: 2022-07-21 16:51 GMT
Advertising

ഒഡിഷയിലെ മയൂർഭഞ്ച് ജില്ലയിൽ ജനിച്ച്, ഇല്ലായ്മകള്‍ നിറഞ്ഞ കുട്ടിക്കാലത്തെ മനോധൈര്യംകൊണ്ട് അതിജീവിച്ച്, ദ്രൗപദി മുർമു നടന്നെത്തിയത് റെയ്സിന ഹിൽസിലേക്കാണ്..രാജ്യത്തെ പ്രഥമ വനിതാപദത്തിലേക്ക്. ഇന്ത്യയുടെ സർവ സൈന്യാധിപയാകുന്ന രണ്ടാമത്തെ വനിത മാത്രമല്ല, ഗോത്രവർഗത്തിൽ നിന്നുള്ള ആദ്യ രാഷ്ട്രപതിയെന്ന ഖ്യാതിയും ഇനി മുര്‍മുവിന് സ്വന്തം. ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയെക്കുറിച്ച് കൂടുതല്‍ അറിയാം...

1958 ജൂൺ 20ന് ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിലെ ഉപർബേഡ ഗ്രാമത്തിൽ സന്താള്‍ ഗോത്രവർഗ കുടുംബത്തിലാണ് ദ്രൗപദി മുർമു ജനിച്ചത്. മയൂർഭഞ്ചില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസവും, ഭുവനേശ്വറിൽ നിന്ന് ബിരുദവും പൂർത്തിയാക്കിയ മുര്‍മു അധ്യാപികയായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് ജലസേചന വകുപ്പിലും വൈദ്യുതിവകുപ്പിലും ജൂനിയർ അസിസ്റ്റന്റായി ജോലി നോക്കി. ഭർത്താവ് ശ്യംചരണ്‍ മുർമുവിന്റെയും രണ്ട് ആൺമക്കളുടെയും മരണം തളർത്തിയെങ്കിലും പ്രതിസന്ധികളോട് സധൈര്യം പൊരുതിയായിരുന്നു മുര്‍മുവിന്‍റെ മുന്നേറ്റം.

കൗണ്‍സിലറായി തുടക്കം, മന്ത്രിപദവും ഗവര്‍ണര്‍ സ്ഥാനവും പിന്നിട്ട രാഷ്ട്രീയ ജീവിതം 

1997ല്‍ ബി.ജെ.പി അംഗത്വം സ്വീകരിച്ച മുര്‍മു ഒഡീഷയിലെ റൈരംഗ്പൂര്‍ നഗര്‍ പഞ്ചായത്തില്‍ കൗണ്‍സിലറായാണ് തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 2000ൽ ഇതേ പഞ്ചായത്തിന്‍റെ ചെയര്‍പേഴ്സണായി. ബി.ജെ.പി പട്ടികവർഗ മോർച്ചയുടെ ദേശീയ വൈസ് പ്രസിഡന്റായും അവർ സേവനമനുഷ്ഠിച്ചു.

ബി.ജെ.ഡി– ബി.ജെ.പി സഖ്യം മത്സരിച്ച 2000ലും 2004ലും രണ്ട് തവണ മുർമു ഒഡീഷയിൽ എം.എൽ.എയായി. നാല് വര്‍ഷം മന്ത്രിസ്ഥാനത്തെത്തുകയും ട്രാൻസ്പോട്ട്, ഫിഷറീസ്, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്യുകയും ചെയ്തു. 2007ല്‍ ഒഡീഷ നിയമസഭയില്‍ നിന്ന് മികച്ച എം.എല്‍.എക്കുള്ള അവാര്‍ഡും മുര്‍മുവിനെത്തേടിയെത്തി. 

ജാര്‍ഖണ്ഡിലെ ആദ്യ വനിതാ ഗവര്‍ണറെന്ന നേട്ടവും മുര്‍മുവിന്‍റെ പേരിലാണ്. അതോടൊപ്പം 2000ല്‍ സംസ്ഥാനം രൂപീകരിച്ചതിനുശേഷം അഞ്ച് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയ ആദ്യത്തെ ഗവര്‍ണര്‍ എന്ന സ്ഥാനവും മുര്‍മു സ്വന്തമാക്കി. ജാർഖണ്ഡിലെ ഭൂനിയമങ്ങൾക്കെതിരായ ആദിവാസി സമരങ്ങൾക്കിടെയായിരുന്നു മുര്‍മു ഗവര്‍ണറായെത്തുന്നത്. ജാർഖണ്ഡ് സർക്കാർ കൊണ്ടുവന്ന രണ്ട് നിയമങ്ങൾ ആദിവാസികളുടെ അവകാശങ്ങൾ ലംഘിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി മുര്‍മു ഒപ്പുവെക്കാതെ മടക്കി അയച്ചതും ചര്‍ച്ചയായിരുന്നു.  

ദ്രൗപദി മുര്‍മുവെന്ന രാഷ്ട്രപതി 

ദ്രൗപദി മുര്‍മുവിന്റെ പേര് 2017 രാഷ്ട്രപതി തെരഞ്ഞെടുപ്പിലും ഉയര്‍ന്നുകേട്ടിരുന്നു. എന്നാല്‍, അന്ന് ബിഹാര്‍ ഗവര്‍ണറായിരുന്ന രാം നാഥ് കോവിന്ദിനായിരുന്നു നറുക്ക് വീണത്. ബി.ജെ.പിയുടെ ഗോത്രവർഗ മുന്നേറ്റത്തിന് വലിയ ഉത്തേജനമാകും മുർമുവിന്‍റെ വിജയം. ആദിവാസി വനിതാ നേതാവിനെ ഉയർത്തിക്കാട്ടുന്നതിലൂടെ ചിതറിക്കിടക്കുന്ന പ്രതിപക്ഷ പാർട്ടികളിൽ ചിലരുടെ പിന്തുണ നേടാനാകുമെന്നും ബി.ജെ.പി കരുതുന്നു. വിജയിക്കാനാവശ്യമായ പിന്തുണ ഉറപ്പിച്ച ശേഷമാണ് ദ്രൗപദി മുർമുവിനെ സ്ഥാനാർഥിത്വം എൻ.ഡി.എ പ്രഖ്യാപിച്ചത്.

മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന്റെ വ്യക്തമായ ആധിപത്യത്തോടെയാണ് ദ്രൗപദി മുർമു പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ത്ഥി യശ്വന്ത് സിൻഹയ്ക്കെതിരെ വിജയം നേടിയത്. ആകെയുള്ള 3,219 വോട്ടുകളിൽ മുർമുവിന് 2,161 വോട്ടുകളും (വോട്ടുമൂല്യം – 5,77,777), യശ്വന്ത് സിൻഹയ്ക്ക് 1,058 വോട്ടുകളും (വോട്ടുമൂല്യം – 2.61.062) ലഭിച്ചു. പാർലമെന്റ് അംഗങ്ങളുടെ വോട്ടാണ് ആദ്യം എണ്ണിയത്. പോൾ ചെയ്ത 748 വോട്ടുകളിൽ 540 വോട്ടുകൾ ദ്രൗപദിക്ക് ലഭിച്ചു. യശ്വന്ത് സിൻഹയ്ക്ക് 204 വോട്ടാണ് ലഭിച്ചത്.

5.2 ലക്ഷമാണ് എം.പിമാരുടെ വോട്ടുകളുടെ മൂല്യം. ഇത് അനുസരിച്ച് ദ്രൗപദിക്ക് 3.8 ലക്ഷം മൂല്യമുള്ള വോട്ടും യശ്വന്ത് സിൻഹയ്ക്ക് 1.4 ലക്ഷം മൂല്യത്തിന്റെ വോട്ടുമാണ് ലഭിച്ചിരിക്കുന്നത്. കേരളമടക്കം സംസ്ഥാനങ്ങളിലെ എം.എല്‍.എമാരുടെ വോട്ടണ്ണൽ പൂർത്തിയായപ്പോൾ തന്നെ ദ്രൗപദി വിജയമുറപ്പിച്ചിരുന്നു. എന്നാല്‍, കേരളത്തിലെ മുഴുവൻ വോട്ടും യശ്വന്ത്‌ സിൻഹയ്ക്കാണ് ലഭിച്ചത്.

ആകെ 4,025 എം.എൽ.എമാർക്കും 771 എം.പിമാർക്കുമാണ് വോട്ടുണ്ടായിരുന്നത്. ഇതിൽ 99 ശതമാനം പേർ വോട്ടുചെയ്തു. വോട്ടെണ്ണൽ പൂർത്തിയായ ശേഷം മുഖ്യവരണാധികാരിയായ രാജ്യസഭാ സെക്രട്ടറി പി.സി മോദിയാണ് ഫലപ്രഖ്യാപനം നടത്തിയത്. ഫലസൂചന പുറത്തുവന്നതോടെ മുർമുവിന്റെ ജന്മനാടായ ഒഡിഷയിലെ റൈരംഗ്പൂരിൽ വിജയാഘോഷത്തിന് തുടക്കം കുറിച്ചിരുന്നു. ഡൽഹിയിലെ മുർമുവിന്റെ വസതിയിലും ഇന്ന് ആഘോഷരാവാണ്.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News