10 മണിക്കൂർ പവർകട്ട്, ഇന്ധനക്ഷാമം; ശ്രീലങ്ക 'ഒരു പേടിസ്വപ്നം'
''കഴിക്കാനും കുടിക്കാനും ഒന്നുമില്ല, രാഷ്ട്രീയക്കാർ ആഡംബരത്തിൽ ജീവിക്കുന്നു, ഞങ്ങൾ തെരുവിൽ യാചിക്കുകയാണ്''
1948-ൽ സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക ദുരന്തമാണ് ഇന്ന് ശ്രീലങ്ക നേരിടുന്ന്ത്. മെഴുകു തിരി വെളിച്ചത്തില്‍ രാജ്യം എല്ലാ രാത്രികളും തള്ളി നീക്കുന്നു. ഇന്ധനത്തിന് വേണ്ടിയുള്ള നീണ്ട നിര ഇന്ന് ശ്രീലങ്കയുടെ പല ഭാഗത്തും കാണാം. ഇന്ധനത്തിനു പുറമെ അവശ്യസാധനങ്ങൾക്കടക്കം തൊട്ടാൽ പൊള്ളുന്ന വിലയാണ്. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കാരണം ഇന്ത്യയിലേക്കടക്കം ആളുകൾ പലായനം ചെയ്യുന്ന സാഹചര്യമാണുള്ളത്. വിദേശ കറൻസിയുടെ അഭാവം കാരണം പ്രധാന ഇറക്കുമതികൾ എല്ലാം നിർത്തി. എന്തിനേറെ ജീവൻ രക്ഷാ മരുന്നുകൾക്കടക്കം രാജ്യത്ത് വലിയ ക്ഷാമമാണ്.
മരുന്നുകളില്ല
രാജ്യത്ത് സർക്കാറിനെതിരെ കടുത്ത പ്രതിഷേധത്തിലാണ് ജനങ്ങൾ. ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റത്തിൽ എങ്ങനെ ജീവിക്കുമെന്നാണ് ആളുകൾ ചോദിക്കുന്നത്. രാജ്യത്തെ ശസ്ത്രക്രിയകളെല്ലാം നിർത്തി വെച്ചു എന്ന വാർത്തയാണ് പുതിയതായി വരുന്നത്. സെൻട്രൽ കാൻഡി ജില്ലയിലെ പെരഡെനിയ ആശുപത്രിയിൽ എല്ലാ ശസ്ത്രക്രിയകളും താത്കാലികമായി നിർത്തിവെച്ചതായി ആശുപത്രി ഡയറക്ടർ അറിയിക്കുകയായിരുന്നു. ഇതിനുപിന്നാലെ ഇന്ത്യ ശ്രീലങ്കയ്ക്ക് സഹായവും വാഗ്ദാനം ചെയ്തു. ശ്രീലങ്കൻ ആശുപത്രികളിൽ ശസ്ത്രക്രിയകൾ പുനരാരംഭിക്കാൻ ഇന്ത്യ സഹായം നൽകുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു
സ്‌കൂളുകളിലെ ചോദ്യ പേപ്പർ തീർന്നതിനാൽ പരീക്ഷകളെല്ലാം നിർത്തിവെച്ചിരുന്നു. നിരത്തിലുടനീലം ബസുകളെല്ലാം നിർത്തിയിട്ടിരിക്കുകയാണ്. ശ്രീലങ്കയിൽ ബുധനാഴ്ച മുതൽ പ്രതിദിനം 10 മണിക്കൂർ പവർ കട്ട് അനുഭവപ്പെടുമെന്ന് ദ്വീപ് പബ്ലിക് യൂട്ടിലിറ്റീസ് കമ്മീഷൻ അറിയിച്ചു.
ഇന്ധനക്ഷാമവും ജനറേറ്ററുകളുടെ ലഭ്യതക്കുറവും കാരണം വൈദ്യുതി ഉൽപ്പാദനം അപര്യാപ്തമായതിനാൽ ഡിമാൻഡ് മാനേജ്മെന്റ് നടപടികൾ സ്വീകരിക്കാൻ തങ്ങൾ നിർബന്ധിതരായതായി സിലോൺ ഇലക്ട്രിസിറ്റി ബോർഡ് പ്രസ്താവനയിൽ പറഞ്ഞു.
''കഴിക്കാനും കുടിക്കാനും ഒന്നുമില്ല, രാഷ്ട്രീയക്കാർ ആഡംബരത്തിൽ ജീവിക്കുന്നു, ഞങ്ങൾ തെരുവിൽ യാചിക്കുകയാണ്'- ശ്രീലങ്കക്കാരനായ വടിവ എംപിഎഫിനോട് പറഞ്ഞു.
2016-ൽ രാജ്യം വരൾച്ച നേരിട്ടിരുന്നു. മൂന്ന് വർഷത്തിന് ശേഷം, 279 പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റർ സൺഡേ ഇസ്ലാമിസ്റ്റ് ബോംബാക്രമണവും രാജ്യത്തെ ബാധിച്ചു.
കടുത്ത സാമ്പത്തിക പ്രതിസന്ധി
കോവിഡ് മൂലം പ്രധാനമായും രാജ്യത്തെ ടൂറിസം മേഖല തകർന്നിരുന്നു. കൂടാതെ വിദേശത്തുള്ള ശ്രീലങ്കക്കാരിൽ നിന്നുള്ള പണത്തിന്റെ വരവ് ഇല്ലാതാക്കുകയും ചെയ്തു. എന്നാൽ ഇതിലും വലുതാണ് രാജ്യത്തെ സർക്കാറിന്റെ കെടുകാര്യസ്ഥത എന്ന് കൊളംബോ ആസ്ഥാനമായുള്ള അഡ്വക്കറ്റ ഇൻസ്റ്റിറ്റ്യൂട്ട് തിങ്ക് ടാങ്ക് ചെയർമാൻ മുർതാസ ജാഫർജി പറയുന്നു.
രണ്ട് വർഷത്തിനിടെ കരുതൽ വിദേശനാണ്യത്തിലുള്ള വലിയ കുറവാണ് ശ്രീലങ്കയെ ദുരിതത്തിലേക്ക് തള്ളിവിട്ടത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്ന ശ്രീലങ്കയിൽ വിവിധ മേഖലയിലെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനൊരുങ്ങുകയാണ് ഇന്ത്യ. ഇതുസംബന്ധിച്ച് സാങ്കേതികവിദ്യ, മത്സ്യബന്ധനം, ഊർജം തുടങ്ങിയ മേഖലകളിലെ സഹകരണത്തിനാണ് ധാരണയായത്. കരാർ പ്രകാരം ശ്രീലങ്ക ആവിഷ്‌കരിക്കുന്ന യുനീക് ഡിജിറ്റൽ ഐഡന്റിറ്റി നടപ്പക്കാൻ ഇന്ത്യ സഹായം നൽകും. നാവിക മേഖലയിൽ രക്ഷാദൗത്യ ഏകോപന കേന്ദ്രം സ്ഥാപിക്കുന്നതിനും പിന്തുണ നൽകും.വിദേശ കറൻസി ശേഖരം 231 കോടി ഡോളറായി കുറഞ്ഞ ശ്രീലങ്കക്ക് 400 കോടി ഡോളറാണ് വായ്പയിനത്തിൽ തിരിച്ചടക്കേണ്ടത്. കടബാധ്യത പരിഹരിക്കാനായി പ്രസിഡന്റ് രാജപക്‌സെ ബീജിംഗിൽ നിന്ന് സഹായം തേടിയിട്ടുണ്ട്.