181 കിലോ ഭാരം, 3.2 കിലോമീറ്ററോളം കേള്‍ക്കാവുന്ന മിടിപ്പ്; ഈ ഹൃദയം ഒരല്‍പ്പം വലുതാണ്
കാനഡയിലെ റോയൽ ഒന്റാരിയോ മ്യൂസിയത്തിലാണ് ഈ ഭീമന്‍ ഹൃദയം സൂക്ഷിച്ചിരിക്കുന്നത്
ഒട്ടാവ: ലോകത്തെ ഏറ്റവും വലിയ ജീവികളാണ് നീലതിമിംഗലങ്ങൾ. വളരെ വലിയ ജീവിയായതുകൊണ്ടു തന്നെ അവയുടെ ആന്തരീകാവയവങ്ങളുടെ വലിപ്പും കൂടുതലായിരിക്കും. ഇപ്പോഴിതാ ഒരു നീലത്തിമിംഗലത്തിന്റെ ഹൃദയത്തിന്റെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറാലാകുന്നത്.
പ്രമുഖ വ്യവസായിയും സമൂഹമാധ്യമങ്ങളിലെ സജീവ സാന്നിധ്യവുമായ ഹർഷ് ഗോയങ്കയാണ് ചിത്രം ട്വിറ്ററിൽ പങ്കുവെച്ചത്. കാനഡയിലെ റോയൽ ഒന്റാരിയോ മ്യൂസിയത്തിൽ സംരക്ഷിച്ചിരിക്കുന്ന ഹൃദയത്തിന് 181 കിലോ ഭാരമുണ്ട്. 1.2 മീറ്ററാണ് ഹൃദയത്തിന്റെ വീതി. 1.5 മീറ്ററാണ് ഉയരം. 3.2 കിലോമീറ്റർ ദൂരെ നിന്നാൽ പോലും ഇതിന്റെ മിടിപ്പ് കേൾക്കാനാകുമെന്നാണ് ഹർഷ് ഗോയങ്കേ ട്വിറ്ററിലെ ചിത്രത്തിനൊപ്പമുള്ള കുറിപ്പിൽ പറയുന്നത്.
2014ലാണ് കാനഡയിലെ റോക്കി ഹാർബർ എന്ന തീരദേശ പട്ടണത്തോട് ചേർന്ന് കടലിൽ നിന്നും നീലിത്തിമിംഗലത്തിന്റെ മൃതദേഹം ലഭിക്കുന്നത്. തുടർന്ന് ഇതിന്റെ ശരീരത്തിൽ നിന്നും എടുത്ത ഹൃദയം പിന്നീട് ടൊറന്റോയിലെ ഒന്റാരിയേ മ്യൂസിയത്തിലേക്ക് മാറ്റുകയായിരുന്നു. ഏറെ നേരത്തെ കഠിന പരിശ്രമത്തിനൊടുവിലാണ് ഹൃദയം പുറത്തെടുക്കാനായത്.
പിന്നീട് ഇത് നശിക്കാതിരിക്കാനായി 700 ഗാലൻ ഫോർമാൾഡിഹൈഡ് ഹൃദയത്തിലേക്ക് അടിച്ചുകയറ്റി. തുടർന്ന് പ്ലാസ്റ്റിക് ഷീറ്റുകൾ ഉപയോഗിച്ച് റാപ്പ് ചെയ്തു. ഏകാദേശം മൂന്ന് വർഷം നീണ്ട പ്രോസസിങ്ങിനൊടുവിലാണ് ഇത് കാഴ്ചക്കാർക്കായി തുറന്നുകൊടുത്തത്.
ലോകത്തെ ഏറ്റവും വലിയ സസ്തനികൾ കൂടിയാണ് നീലത്തിമിംഗലങ്ങൾ. ആർട്ടിക് സമുദ്രമൊഴിച്ച് ബാക്കിയെല്ലാ സമുദ്രങ്ങളിലും നീലത്തിമിംഗലങ്ങളെ കാണാറുണ്ട്. കൊഞ്ച് വർഗത്തിൽപ്പെടുന്ന ക്രിൽ മത്സ്യങ്ങളാണ് നീലത്തിമിംഗലങ്ങളുടെ പ്രധാന ഭക്ഷണം. ഒരു ദിവസം ഏകദേശം 6000 കിലോയോളം ക്രില്ലുകളെ ഇവർ ആഹാരമാക്കാറുണ്ട്.