'ഡല്‍ഹിയിലെത്തിയ എന്നെ തിരിച്ചയച്ചു, ഗാന്ധിജിയുടെ നാട്ടില്‍ ഇതു പ്രതീക്ഷിച്ചില്ല': അഫ്ഗാന്‍ വനിതാ എംപി
'ഞങ്ങൾ എപ്പോഴും ഇന്ത്യയുമായി സൗഹൃദത്തിലായിരുന്നു. എന്നാൽ ഒരു സ്ത്രീയായ പാർലമെന്‍റ് അംഗത്തോട് ഇങ്ങനെയാണ് പെരുമാറിയത്'
ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെത്തിയ തന്നെ തിരിച്ചയച്ചെന്ന് അഫ്ഗാന്‍ വനിതാ എംപി രംഗിന കാര്‍ഗര്‍. താലിബാൻ കാബൂൾ പിടിച്ചെടുത്ത് അഞ്ചു ദിവസത്തിനു ശേഷമാണ് സംഭവം. താന്‍ ഡല്‍ഹിയില്‍ ഡോക്ടറെ കാണാനാണ് എത്തിയതെന്നും മടക്ക ടിക്കറ്റുണ്ടായിട്ടും വന്ന വിമാനത്തില്‍ത്തന്നെ തിരിച്ചയച്ചെന്നും എംപി പറഞ്ഞു.
ഫര്യാബ് പ്രവിശ്യയെ പ്രതിനിധീകരിക്കുന്ന രംഗിന കാർഗർ ആഗസ്ത് 20നാണ് ഡല്‍ഹിയിലെത്തിയത്. ഫ്ലൈ ദുബൈ വിമാനത്തിലാണ് എംപി ഇസ്താംബൂളിൽ നിന്ന് ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ എത്തിയത്. വിസരഹിത യാത്രക്ക് അനുമതിയുള്ള നയതന്ത്ര ഔദ്യോഗിക പാസ്‌പോർട്ട് തന്‍റെ കൈവശമുണ്ടായിരുന്നുവെന്ന് എംപി പറയുന്നു.
2010 മുതൽ അഫ്ഗാൻ പാർലമെന്‍റ് അംഗമാണ് കാർഗർ. ഇതേ പാസ്പോർട്ട് ഉപയോഗിച്ച് ഇന്ത്യയിലേക്ക് നിരവധി തവണ യാത്ര ചെയ്തിട്ടുണ്ടെന്ന് കാര്‍ഗര്‍ പറഞ്ഞെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാൽ ഇത്തവണ എമിഗ്രേഷൻ ഉദ്യോഗസ്ഥർ കാത്തിരിക്കാൻ ആവശ്യപ്പെട്ടു. മേലുദ്യോഗസ്ഥരുമായി ആലോചിക്കണമെന്ന് അവർ പറഞ്ഞു. രണ്ട് മണിക്കൂറിന് ശേഷം വന്ന വിമാനത്തിൽ തന്നെ ദുബൈ വഴി ഇസ്താംബൂളിലേക്ക് തിരിച്ചയച്ചെന്നും കാര്‍ഗര്‍ വിശദമാക്കി.
"എന്നെ ഒരു കുറ്റവാളിയെ പോലെയാണ് കണ്ടത്. എനിക്ക് ദുബൈയിൽ വച്ച് പാസ്പോര്‍ട്ട് തിരികെ ലഭിച്ചില്ല. ഇസ്താംബൂളിലെത്തിയ ശേഷം മാത്രമാണ് പാസ്പോര്‍ട്ട് തിരിച്ചുതന്നത്"- കാർഗർ പറഞ്ഞു.
"എന്നോട് ചെയ്തത് ശരിയായില്ല. കാബൂളിലെ സ്ഥിതി മാറി. ഇന്ത്യൻ സർക്കാർ അഫ്ഗാൻ സ്ത്രീകളെ സഹായിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിച്ചത്. എന്നെ തിരിച്ചയച്ചതിന് ഒരു കാരണവും വ്യക്തമാക്കിയില്ല. കാബൂളിലെ മാറിയ രാഷ്ട്രീയ സാഹചര്യമായിരിക്കാം കാരണം. ഒരുപക്ഷേ സുരക്ഷാ പ്രശ്നം".
തനിക്ക് ആഗസ്ത് 20ന് ഡൽഹിയിലെ ഒരു ആശുപത്രിയില്‍ ഡോക്ടറെ കാണണമായിരുന്നു. ആഗസ്ത് 22ന് ഇസ്താംബൂളിലേക്ക് മടക്ക ടിക്കറ്റ് എടുത്തിരുന്നുവെന്നും എംപി പറഞ്ഞു.
"ഗാന്ധിജിയുടെ ഇന്ത്യയിൽ നിന്ന് ഞാൻ ഇത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഞങ്ങൾ എപ്പോഴും ഇന്ത്യയുമായി സൗഹൃദത്തിലായിരുന്നു. ഇന്ത്യയുമായി തന്ത്രപരമായ ബന്ധവും ചരിത്രപരമായ ബന്ധവുമുണ്ട്. എന്നാൽ ഒരു സ്ത്രീയായ പാർലമെന്‍റ് അംഗത്തോട് ഇങ്ങനെയാണ് പെരുമാറിയത്. ക്ഷമിക്കണം ഒന്നും ചെയ്യാൻ കഴിയില്ലെന്നാണ് വിമാനത്താവളത്തില്‍ വെച്ച് അറിയിച്ചത്".
എന്നാൽ കാർഗറുമായി ബന്ധപ്പെട്ട സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചത്. കാർഗറിനെ തിരിച്ചയച്ച ശേഷം ഇന്ത്യ അഫ്ഗാനില്‍ നിന്നുള്ള രണ്ട് സിഖ് എംപിമാരെ സ്വീകരിച്ചിരുന്നു. നരേന്ദ്ര സിംഗ് കൽസ, അനാർക്കലി കൗർ എന്നിവരെയാണ് സ്വീകരിച്ചത്. അനാർക്കലി അഫ്ഗാൻ പാർലമെന്‍റിലെ ആദ്യ വനിതാ സിഖ് അംഗമായിരുന്നു.
1985ൽ മസാർ-ഇ-ശെരീഫിൽ ജനിച്ച കാർഗറിന് ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ല. മനുഷ്യാവകാശ പ്രവർത്തകയാണ്. 'സാഹചര്യം മാറിയതിനാല്‍' കാബൂളിലേക്ക് മടങ്ങാൻ കഴിയില്ലെന്ന് അവർ പറഞ്ഞു. അഫ്ഗാനിലേക്ക് നിലവില്‍ വിമാനങ്ങളില്ലാത്തതിനാൽ ഇസ്താംബൂളിൽ തന്നെ തുടരാനാണ് തീരുമാനം. എന്താണ് സംഭവിക്കുന്നതെന്ന് അറിയാൻ കാത്തിരിക്കുകയാണ്. താലിബാൻ പാർലമെന്‍റിൽ സ്ത്രീകളെ അനുവദിക്കുമോ എന്നറിയണമെന്നും കാര്‍ഗര്‍ വ്യക്തമാക്കി.