കോളറിൽ പിടിച്ചുവലിച്ചു, മുഖത്തടിച്ചു; ആകാശത്ത് പൈലറ്റുമാരുടെ 'തല്ലുമാല'-സസ്‌പെൻഷൻ

കോക്‍പിറ്റിൽനിന്ന് ബഹളം കേട്ട് ഓടിയെത്തിയ കാബിൻ ക്ര്യൂ ആണ് പൈലറ്റിനെയും സഹപൈലറ്റിനെയും പിടിച്ചുമാറ്റിയത്

Update: 2022-08-29 11:32 GMT
Editor : Shaheer | By : Web Desk
Advertising

പാരിസ്: വിമാനയാത്രയ്ക്കിടെ അടികൂടി പൈലറ്റുമാർ. എയർ ഫ്രാൻസ് ജീവനക്കാരാണ് തമ്മിൽ തല്ലിയത്. സംഭവത്തിൽ രണ്ടു പൈലറ്റുമാരെയും ഫ്രഞ്ച് വ്യോമയാന അതോറിറ്റി സസ്‌പെൻഡ് ചെയ്തു.

കഴിഞ്ഞ ജൂണിൽ നടന്ന സംഭവം കഴിഞ്ഞ ദിവസം ഫ്രഞ്ച് അധികൃതരുടെ നടപടിക്കു പിന്നാലെയാണ് പുറംലോകമറിയുന്നത്. എയർ ഫ്രാൻസിന്റെ ജനീവയിൽനിന്ന് പാരിസിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. സ്വിറ്റ്‌സർലൻഡിൽനിന്ന് വിമാനം പറന്നുയർന്നതിനു പിന്നാലെയാണ് പൈലറ്റും സഹ പൈലറ്റും തമ്മിൽ വാക്കുതർക്കമുണ്ടായത്. ഇത് തല്ലിൽ കലാശിക്കുകയായിരുന്നു.

പരസ്പരം കോളറിൽ പിടിച്ചുവലിക്കുകയും മുഖത്തടിക്കുകയും ചെയ്തതായാണ് വിവരം. ശാരീരികമായി മർദിക്കുകയും ചെയ്തിരുന്നു. കോക്‍പിറ്റിൽനിന്ന് ബഹളം കേട്ട് ഓടിയെത്തിയ കാബിൻ ക്ര്യൂ ആണ് പൈലറ്റിനെയും സഹപൈലറ്റിനെയും പിടിച്ചുമാറ്റിയത്. തുടർന്ന് ഒരാൾ പാരിസിലെത്തുന്നതുവരെ വിമാനത്തിന്റെ ഡെക്കിൽ കഴിയുകയായിരുന്നു. സംഭവം വിമാനയാത്രയെ ബാധിക്കാതിരുന്നതിനാലാണ് നടപടി വൈകിയതെന്നാണ് ഫ്രഞ്ച് വ്യോമയാന വൃത്തങ്ങൾ നൽകുന്ന വിവരം.

എയർ ഫ്രാൻസ് പൈലറ്റുമാർക്കെതിരെ ഇതിനുമുൻപും മോശം പെരുമാറ്റത്തിനു പരാതിയുയർന്നിരുന്നു. എയർ ഫ്രാൻസിലെ ചില പൈലറ്റുമാർ സുരക്ഷാ നിർദേശങ്ങൾ അവഗണിക്കുന്നതായി ദിവസങ്ങൾക്കുമുൻപ് ഫ്രഞ്ച് വ്യോമാന്വേഷണ ഏജൻസിയായ ബി.ഇ.എ വെളിപ്പെടുത്തിയിരുന്നു. 2020 ഡിസംബറിൽ കോംഗോയിൽനിന്ന് പാരിസിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തിലുണ്ടായ ഇന്ധനചോർച്ചയിൽ നടന്ന അന്വേഷണത്തിലായിരുന്നു ബി.ഇ.എയുടെ കണ്ടെത്തൽ.

Summary: Air France has suspended two pilots who got into a mid-air fight during a flight from Geneva to Paris in June

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News