4 രാജ്യങ്ങളില്‍ നിന്ന് പ്രതിമാസം 30,000 കുടിയേറ്റക്കാരെ സ്വീകരിക്കും: അനധികൃത കുടിയേറ്റം തടയുമെന്ന് അമേരിക്ക

അനധികൃത കുടിയേറ്റം തടയുക എന്ന ലക്ഷ്യത്തോടെയാണ് നിയന്ത്രിത നിരക്കിൽ കുടിയേറ്റക്കാരെ സ്വീകരിക്കാൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ തീരുമാനമെടുത്തത്

Update: 2023-01-06 05:13 GMT
Advertising

വാഷിങ്ടണ്‍: നാല് രാജ്യങ്ങളില്‍ നിന്നായി പ്രതിമാസം 30,000 കുടിയേറ്റക്കാരെ രാജ്യത്ത് പ്രവേശിപ്പിക്കാനൊരുങ്ങി അമേരിക്ക. ക്യൂബ, ഹെയ്തി, നിക്വരാഗ്വെ, വെനസ്വേല എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരെയാണ് പ്രവേശിപ്പിക്കുക. അനധികൃത കുടിയേറ്റം തടയുക എന്ന ലക്ഷ്യത്തോടെയാണ് നിയന്ത്രിത നിരക്കില്‍ കുടിയേറ്റക്കാരെ സ്വീകരിക്കാന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ തീരുമാനമെടുത്തത്.

കുടിയേറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു യു.എസ് സ്‍പോൺസര്‍ വേണം. വ്യക്തികളെ കുറിച്ച് വിശദമായി പരിശോധിച്ചതിന് ശേഷമായിരിക്കും അമേരിക്കയിലേക്ക് പ്രവേശിക്കാൻ അനുമതി നൽകുക. അനധികൃത കുടിയേറ്റക്കാർ അമേരിക്കന്‍ അതിർത്തിയിൽ നിന്ന് പിന്മാറണമെന്ന് ബൈഡന്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ഒക്ടോബറില്‍ വെനസ്വേലയില്‍ നിന്നുള്ള ആയിരക്കണക്കിന് കുടിയേറ്റക്കാരെ അമേരിക്കയില്‍ പ്രവേശിപ്പിച്ചിരുന്നു. വിമാന മാര്‍ഗമാണ് അമേരിക്കയിലെത്താന്‍ അനുമതി നല്‍കിയത്. ആ പദ്ധതി മറ്റ് മൂന്നു രാജ്യങ്ങള്‍ക്ക് കൂടി ബാധകമാക്കാനാണ് അമേരിക്കയുടെ തീരുമാനം.

അഭയാർഥികളെ അമേരിക്കയില്‍ പ്രവേശിപ്പിക്കുന്നതിന് എതിരാണ് റിപബ്ലിക്കൻ പാർട്ടിയുടെ നിലപാട്. ഡെമോക്രാറ്റുകളിലെ ഒരു വിഭാഗം അഭയാർഥികൾക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. അടുത്ത ആഴ്ച യുഎസ്-മെക്സിക്കോ അതിർത്തി സന്ദർശിക്കാൻ ബൈഡന്‍ തീരുമാനിച്ചു. അതിര്‍ത്തിയില്‍ സമാധാനവും സുരക്ഷിതത്വവും ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Summary- The United States plans to accept up to 30,000 migrants per month from Cuba, Nicaragua, Haiti and Venezuela

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News