'മൃഗീയമായ ഇറാഖ് അധിനിവേശം'; യുക്രൈൻ അധിനിവേശത്തെ വിമർശിക്കുന്നതിനിടെ ബുഷിന് നാക്കുപിഴ
ബുഷിന്റേത് ചരിത്രത്തിലെ ഏറ്റവും വലിയ "ഫ്രോയ്ഡിയൻ നാക്കുപിഴ'യെന്ന് സോഷ്യൽ മീഡിയ
യുക്രൈനിൽ അധിനിവേശം നടത്തിയ റഷ്യക്കെതിരെ സംസാരിക്കുന്നതിനിടെ മുൻ യു.എസ് പ്രസിഡണ്ട് ജോർജ് ഡബ്ല്യു ബുഷിന് നാക്കുപിഴച്ചു. യുക്രൈനെ പരാമർശിക്കുന്നതിനു പകരം 'മൃഗീയമായ ഇറാഖ് അധിനിവേശം' എന്നാണ് ഒരു പ്രസംഗമധ്യേ ബുഷ് പറഞ്ഞത്. ഉടൻ തന്നെ ഇത് തിരുത്തിയ അദ്ദേഹം ഇറാഖിൽ നടത്തിയതും അധിനിവേശമാണെന്ന് നർമരൂപത്തിൽ പറഞ്ഞു.
ഡാലസിലെ ജോർജ് ഡബ്ല്യു ബുഷ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പ്രഭാഷണത്തിനിടെയായിരുന്നു 2003-ലെ ഇറാഖ് അധിനിവേശത്തിന്റെ നേതൃസ്ഥാനത്തുണ്ടായിരുന്ന മുൻ പ്രസിഡണ്ടിനെ നാവു ചതിച്ചത്.
'റഷ്യയിൽ കുറ്റമറ്റ സംവിധാനം ഇല്ലാത്തതിന്റെ ഫലമായിട്ടാണ് ഒരേയൊരു വ്യക്തി നീതികരണമില്ലാത്തതും മൃഗീയവുമായി ഇറാഖിൽ അധിനിവേശം നടത്താൻ തീരുമാനമെടുത്തത്.. ' ബുഷ് പറഞ്ഞു. പരാമർശത്തിലെ പിഴവ് ഉടൻ തന്നെ തിരിച്ചറിഞ്ഞ അദ്ദേഹം 'ഞാനുദ്ദേശിച്ചത് യുക്രൈൻ എന്നാണ്' എന്ന് തിരുത്തി. പിന്നാലെ 'ഇറാഖും' എന്ന് പറയുകയും ചെയ്തു. രണ്ടാമത്തെ 'ഇറാഖ്' പരാമർശത്തിൽ സദസ്സ് പൊട്ടിച്ചിരിച്ചപ്പോൾ 'എനിക്ക് 75 വയസ്സായി' എന്നു പറഞ്ഞ് അദ്ദേഹം പ്രസംഗം തുടരുകയും ചെയ്തു.
തന്റെ മനസ്സിലുള്ള കാര്യം അറിയാതെ പുറത്തുവരുന്ന 'ഫ്രോയ്ഡിയൻ പിഴ'വാണ് ബുഷിന് പറ്റിയത് എന്ന് മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും വിലയിരുത്തി. ചരിത്രത്തിലെ ഏറ്റവും വലിയ ഫ്രോയ്ഡിയൻ പിഴ എന്ന് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റർ പിയേഴ്‌സ് മോർഗൻ വിലയിരുത്തിയപ്പോൾ, പിഴവല്ല ചരിത്രപ്രാധാന്യമുള്ള കുറ്റസമ്മതമാണ് ബുഷിന്റേതെന്ന് കൊമേഡിയനും ടെലിവിഷൻ അവതാരകനുമായ ജോൺ ഫുഗൽസ്ലാങ് അഭിപ്രായപ്പെട്ടു.
നമ്മുടെ ജീവിതകാലത്ത് സംഭവിച്ച ഏറ്റവും വലിയ ഫ്രോയ്ഡിയൻ പിഴവാണിതെന്നും അബോധമനസ്സിൽ നിന്നാണ് ബുഷിന്റെ പരാമർശം പുറത്തുവന്നതെന്നും എഴുത്തുകാരി ജെസിക്ക വോൻ പറഞ്ഞു. പത്ത് ലക്ഷത്തിലേറെ ഇറാഖികളുടെ രക്തം പുരണ്ട കൈകളുള്ള ബുഷിന്റെ പരാമർശം ചരിത്രത്തിലെ ഏറ്റവും വലിയ ഫ്രോയ്ഡിയൻ പിഴവാണെന്ന് സ്പാനിഷ് മാധ്യമപ്രവർത്തകൻ ബെഞ്ചമിൻ നോർട്ടൻ അഭിപ്രായപ്പെട്ടു.
ഇറാഖ് പ്രസിഡണ്ട് സദ്ദാം ഹുസൈന്റെ കൈവശം മനുഷ്യരെ കൂട്ടക്കൊല ചെയ്യാനുള്ള ആയുധങ്ങളുണ്ടെന്നും സദ്ദാം ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ആരോപിച്ചാണ് 2003-ൽ അമേരിക്കയുടെ നേതൃത്വത്തിൽ വിദേശ സൈന്യം ഇറാഖിൽ അധിനിവേശം നടത്തിയത്. ഒന്നര ലക്ഷത്തിലേറെ സൈനികർ അടങ്ങിയ സംയുക്ത സേനയിൽ അമേരിക്കക്കു പുറമെ യു.കെ, ഓസ്‌ട്രേലിയ, പോളണ്ട് രാജ്യങ്ങളുടെ സൈന്യങ്ങളാണുണ്ടായിരുന്നത്.
അമേരിക്കയുടെ നേതൃത്വത്തിൽ നടന്ന ഇറാഖ് അധിനിവേശത്തിലും തുടർന്ന് വർഷങ്ങളായി തുടർന്ന സംഘർഷങ്ങളിലുമായി പത്ത് ലക്ഷത്തിലേറെ പേർ കൊല്ലപ്പെട്ടു എന്നാണ് കണക്കുകൾ. കോടിക്കണക്കിനാളുകൾക്ക് ഉറ്റവരെ നഷ്ടമാവുകയും പലായനം ചെയ്യേണ്ടി വരികയും ചെയ്തു. ഇറാഖ് ജനസംഖ്യയുടെ 40 ശതമാനവും യുദ്ധത്തെ തുടർന്ന് പലായനം ചെയ്തു എന്നാണ് കണക്കുകൾ.
2003 മുതൽ 2011 വരെയുള്ള വർഷങ്ങളായി ഇറാഖിൽ 4000-ലേറെ യു.എസ് സൈനികർ കൊല്ലപ്പെട്ടു എന്നാണ് കണക്ക്. ഇറാഖിൽ നിയോഗിക്കപ്പെട്ട സൈനികരിലെ 30 ശതമാനത്തിലേറെ ആളുകൾ മാനസിക രോഗങ്ങൾക്കടിമയായെന്നും പലരും ദീർഘകാലത്തേക്ക് ഇത്തരം പ്രശ്‌നങ്ങൾക്ക് അടിമപ്പെട്ടുവെന്നും പെന്റഗൺ വ്യക്തമാക്കിയിട്ടുണ്ട്.