ലബനാനിൽ നാളെ വെടിനിർത്തൽ പ്രാബല്യത്തിൽ വരുമെന്ന് റിപ്പോർട്ട്
ഇസ്രായേൽ മന്ത്രിസഭാ യോഗം തുടങ്ങി


ജെറുസലേം: അമേരിക്കയും ഫ്രാൻസും മുന്നോട്ടുവെച്ച ലബനാൻ വെടിനിർത്തൽ കരാർ നാളെ പ്രാബല്യത്തിൽ വരുമെന്ന് റിപ്പോർട്ട്. ലബനാൻ സമയം രാത്രി 10 മണിക്ക് പ്രഖ്യാപിക്കുന്ന വെടിനിർത്തൽ ബുധനാഴ്ച രാവിലെ 10 മണിക്ക് പ്രാബല്യത്തിൽ വരുമെന്ന് ലബനൻ ചാനലായ അൽ ജദീദ് റിപ്പോർട്ട് ചെയ്തു. അതേസമയം, വെടിനിർത്തൽ നിർദേശത്തിൽ അന്തിമ തീരുമാനമെടുക്കാനുള്ള നിർണായക ഇസ്രായേൽ മന്ത്രിസഭാ യോഗം തുടങ്ങി.
കരാറുമായി മുന്നോട്ടുപോകരുതെന്നാണ് തീവ്രജൂതപക്ഷത്തിന്റെ നിലപാട്. വലിയ തർക്കമുണ്ടായാൽ മന്ത്രിസഭയിൽ വോട്ടെടുപ്പ് നടക്കാൻ സാധ്യതയുണ്ട്. കരാർ പ്രകാരം സൗത്ത് ലബനാനിൽ ബഫർ സോൺ ഉണ്ടാകില്ലെന്നും റിപ്പോർട്ടുണ്ട്. ഹിസ്ബുല്ലയുമായുള്ള വെടിനിർത്തൽ ചർച്ചകൾ അന്തിമഘട്ടത്തിലണെന്ന് ഐക്യരാഷ്ട്രസഭയിലെ ഇസ്രായേൽ പ്രതിനിധി ഡാന്നി ഡാനോൻ വ്യക്തമാക്കിയിരുന്നു.
തെക്കൻ ലബനാനിൽ നിന്ന് ഇസ്രായേൽ സൈന്യം പൂർണമായി പിൻമാറുകയും 60 ദിവസത്തിനുള്ള മേഖലയുടെ സമ്പൂർണ നിയന്ത്രണം ലബനാൻ സൈന്യം ഏറ്റെടുക്കുകയും ചെയ്യുക എന്നതാണ് വെടിനിർത്തൽ കരാറിലെ പ്രധാന നിബന്ധന. 2006ലെ യുദ്ധം അവസാനിപ്പിക്കാൻ ഉണ്ടാക്കിയ യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം 1701 ഈ കരാറിലും ബാധകമാണ്.
ഇസ്രായേൽ അതിർത്തിയിൽനിന്ന് ഹിസ്ബുല്ല 30 കിലോമീറ്റർ ദൂരത്തേക്ക് പിൻമാറണമെന്നും കരാറിൽ പറയുന്നു. നിബന്ധനകൾ പാലിക്കുന്നുണ്ടോയെന്ന പരിശോധിക്കാൻ അമേരിക്കയുടെ അധ്യക്ഷതയിൽ ഫ്രാൻസ് അടക്കമുള്ള പഞ്ചരാഷ്ട്ര കമ്മിറ്റി രൂപീകരിക്കും.
അതേസമയം വെടിനിർത്തൽ ചർച്ച നടക്കുമ്പോഴും ലബനാനിലുടനീളം വ്യോമാക്രമണം കടുപ്പിക്കുകയാണ് ഇസ്രായേൽ. മധ്യ ബൈറൂത്തിലെ പാർപ്പിട സമുച്ചയം ഇസ്രായേൽ സൈന്യം ബോംബിട്ടു തകർത്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ ലബനാനിലെ ഇസ്രായേൽ ആക്രമണത്തിൽ 31 പേരാണ് കൊല്ലപ്പെട്ടത്.