ചൈനയിൽ മൂന്ന്‌കോടി പേർ ലോക്ക്ഡൗണിൽ; 5280 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു

കർശനമായ രോഗനിയന്ത്രണം ചൈനയുടെ സാമ്പത്തിക വളർച്ചയെ സാരമായി ബാധിച്ചു

Update: 2022-03-16 10:12 GMT
Advertising

കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായ ചൈനയിൽ ചൊവ്വാഴ്ച 5280 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. മുൻ ദിവസത്തെ കണക്കുകളെക്കാൾ ഇരട്ടിയാണ് പുതിയ രോഗവിവര കണക്ക്.  ലോകരാജ്യങ്ങളിലെ കണക്കുവച്ചു നോക്കിയാൽ ഈ കണക്ക് വളരെ കുറവാണ്. ഏപ്രിൽ പകുതിയോടെ രോഗം നിയന്ത്രണവിധേയമാകുമെന്നാണ് ലാൻഷൗ യൂണിവേഴ്‌സിറ്റിയിലെ കോവിഡ് പ്രവചനവിഭാഗത്തിന്റെ കണക്കുകൂട്ടൽ.

എന്നാല്‍ കർശനമായ രോഗനിയന്ത്രണം ചൈനയുടെ സാമ്പത്തികവളർച്ചയെ സാരമായി ബാധിച്ചു. ഓഹരിക്കമ്പോളം 21 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ബിസിനസ് കേന്ദ്രങ്ങളായ ഷെൻസെൻ, ചാങ്ചുൻ നഗരങ്ങൾ ലോക്ഡൗണിലായതും ഓഹരിവിപണിക്ക് തിരിച്ചടിയായി. ഇവിടെ ഭക്ഷണം, ഇന്ധനം എന്നിവ ഒഴികെയുള്ള വ്യാപാരമേഖലകൾ അടച്ചിട്ടിരിക്കുകയാണ്. ചാങ്ചുൻ വരുന്ന ജിലിൻ പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ രോഗബാധികരുള്ളത്. ജിലിനിൽ മാത്രം ചൊവ്വാഴ്ച 3000 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

വ്യപാരസ്ഥാപനങ്ങളും ഫാക്ടറികളും അടച്ചുപൂട്ടിയും ബസ്, ട്രെയിൻ ഗതാഗതം നിർത്തിവച്ചുമുള്ള ലോക്ഡൗൺ ആണ് രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ പ്രവിശ്യകളിൽ പടരുന്നത് ഒമിക്രോണിന്റെ ബിഎ.2 വകഭേദമാണെന്നാണ് റിപ്പോർട്ട്. നഗരത്തിലെ ഐഫോൺ നിർമാണ പ്ലാന്റ് പ്രവർത്തനം നിർത്തി. നഗരത്തിലെ ഓരോരുത്തരും 3 വട്ടം പരിശോധനയ്ക്കു വിധേയമാകണം. ഈ പരിശോധനയ്ക്കു വേണ്ടി മാത്രമേ വീട്ടിൽ നിന്നു പുറത്തിറങ്ങാൻ അനുമതിയുള്ളൂ.

ദിവസങ്ങൾക്ക് മുന്നേ യൂഷോ നഗരത്തിലെ 10 ലക്ഷം ആളുകളോട് അധികൃതർ വീടുകളിൽ കഴിയാൻ ആവശ്യപ്പെട്ടിരുന്നു. 2019ൽ ചൈനയിലാണ് ലോകത്താദ്യമായി കോവിഡ് കണ്ടെത്തിയത്. തുടർന്ന് ബോർഡറുകൾ അടച്ചും കൂട്ട പരിശോധന നടത്തിയും ലോക്ഡൗൺ കൊണ്ടു വന്നും ചൈന രോഗം നിയന്ത്രിക്കുകയായിരുന്നു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News