ഭക്ഷണം വിളമ്പുന്നതിൽ പ്രയാസം നേരിട്ടു; യാത്രക്കാർക്ക് കെ.എഫ്.സി വിളമ്പി ബ്രിട്ടീഷ് എയർവേയ്‌സ്
കരീബിയനിൽ നിന്ന് യു.കെയിലേക്കുള്ള ദീർഘദൂര വിമാനത്തിലാണ് ക്യാബിൻ ക്രൂ കെ.എഫ്.സി വിളമ്പിയത്
വിമാനത്തിൽ ഭക്ഷണം നൽകാൻ സാധിക്കാത്തതിനെ തുടർന്ന് ബ്രിട്ടീഷ് എയർവേയ്‌സ് യാത്രക്കാർക്ക് കെന്റകി ഫ്രൈഡ് ചിക്കൻ (കെ.എഫ്.സി) വിളമ്പി. കരീബിയനിൽ നിന്ന് യു.കെയിലേക്കുള്ള ദീർഘദൂര വിമാനത്തിലാണ് ക്യാബിൻ ക്രൂ കെ.എഫ്.സി വിളമ്പിയത്.
സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു വീഡിയോയിൽ വിമാനത്തിലെ ജീവനക്കാർ യാത്രക്കാർക്ക് കെ.എഫ്.സി വിളമ്പുന്നത് കാണാം. '12 മണിക്കൂർ നീണ്ട വിമാനയാത്ര ഒരു കെ.എഫ്.സി സൽക്കാരമായി. ഫ്രിഡ്ജ് കേടായതിനെ തുടർന്ന് പഴകിയ ഭക്ഷണം വിളമ്പുന്നതിന് പകരം, വിമാനത്തിലെ ജോലിക്കാർ ഇന്ധനം നിറയ്ക്കുന്നതിനിടെ വിമാനത്തവളത്തിൽ നിന്ന് കെ.എഫ്.സി വാങ്ങി' ഒരു ഉപയോക്താവ് വീഡിയോ പങ്കുവെച്ചു കൊണ്ട് ട്വിറ്ററിൽ കുറിച്ചു.
അതേസമയം നിരവധി യാത്രക്കാർ ഈ ദീർഘദൂര യാത്രക്കിടെ യാത്രക്കാരുടെ ഭക്ഷണകാര്യത്തിൽ വീഴ്ച്ച വരുത്തിയ എയർവേയ്‌സിനെതിരെ രംഗത്തെത്തി. ചില ഭാഗ്യശാലികൾക്ക് ഒരു കഷ്ണം ചിക്കൻ നൽകുന്നു എന്നാണ് ഒരു യാത്രക്കാരൻ കുറിച്ചത്.
അതിനിടെ സംഭവത്തിൽ യാത്രക്കാരോട് ക്ഷമാപണം നടത്തി ബ്രിട്ടീഷ് എയർവേഴ്‌സ് പ്രസ്താവന ഇറക്കി. 'യാത്രക്കാർക്ക് പൂർണമായ രീതിയിൽ ഭക്ഷണം നൽകാൻ സാധിക്കാത്തതിൽ ഞങ്ങൾ ഷമാപണം നടത്തുന്നു, ഈ അവസരത്തിൽ ഞങ്ങൾക്കത് നൽകേണ്ടി വന്നു. യാത്രക്കാർക്ക് നേരിട്ട അസൗകര്യത്തിൽ ഞങ്ങൾ ക്ഷമ ചോദിക്കുന്നു' വിമാന കമ്പനി പറഞ്ഞു. ലണ്ടനിൽ എത്തിയപ്പോൾ ബ്രിട്ടീഷ് എയർവേയ്‌സ് യാത്രക്കാർക്ക് റിഫ്രഷ്‌മെന്റ് വൗച്ചറുകൾ നൽകിയയെന്ന് വിമാനകമ്പനി അറിയിച്ചു.