ഇല്ലാത്ത കാൻസർ വിധിയെഴുതി ഡോക്ടർ; യുവതിക്ക് കീമോ ചെയ്യേണ്ടിവന്നത് 15 മാസം
തന്റെ മരണശേഷം മക്കൾക്ക് വായിക്കാനായി യുവതി കത്തുകൾ തയ്യാറാക്കിവെച്ചിരുന്നു
ടെക്‌സാസ്: കാൻസറില്ലാതിരുന്ന യുവതിക്ക് 15 മാസം കീമോ തെറാപ്പിക്ക് വിധേയയാവേണ്ടി വന്ന വാർത്തയാണ് അമേരിക്കയിലെ ടെക്‌സാസിൽ നിന്നും പുറത്തുവരുന്നത്. ലിസ മൊങ്ക് എന്ന 39 കാരിക്കാണ് തെറ്റായ രോഗനിർണയം കാരണം കഠിനമായ ചികിത്സക്ക് വിധേയയാവേണ്ടി വന്നത്. കഴിഞ്ഞ വർഷം തുടക്കത്തിലാണ് കഠുത്ത വയറുവേദനയെത്തുടർന്ന് ലിസയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.
സ്‌കാനുകളിൽ ലിസയുടെ ശരീരത്തിൽ മൂത്രകല്ലുകളും അർഭുദത്തിന് സാമ്യമായ വളർച്ചയും കണ്ടെത്തുകയായിരുന്നു. ലിസയെ ചികിത്സിച്ചുകൊണ്ടിരുന്ന ഡോക്ടർ അവർക്ക് ഞരമ്പുകളെ ബാധിക്കുന്ന ആൻജിയോ സാർക്കോമ എന്ന കാൻസറാണെന്ന് വിധിയെഴുതി. രോഗത്തെക്കുറിച്ചറിഞ്ഞ ലിസയോട് ഇനി ഒരു വർഷം കൂടിയെ ആയുസുള്ളുവെന്നും ഡോക്ടർ പറഞ്ഞു.
തന്റെ വിധി അംഗീകരിച്ച ലിസ തന്റെ അസുഖത്തെക്കുറിച്ചോ ആയുസിനെക്കുറിച്ചോ വീട്ടുകാരെ അറിയിച്ചില്ല. രഹസ്യമായി അവർ ചികിത്സ തേടാനും തുടങ്ങി. മക്കൾക്ക് തന്റെ മരണശേഷം ലഭിക്കത്തക്ക വിധം കത്തുകൾ തയ്യാറാക്കാനും ലിസ ആരംഭിച്ചു.
കഴിഞ്ഞ വർഷം മാർച്ചിലാണ് കീമോ തെറാപ്പിയുടെ ആദ്യ ഘട്ടം ആരംഭിച്ചത്. മരുന്നിന് പാർശ്വഫലമായി ലിസയുടെ മുടി കൊഴിയുകയും തൊലിയുടെ സ്വാഭാവിക നിറം നഷ്ടപ്പെടുകയും തുടർച്ചയായി ഛർദിയും ക്ഷീണവും അനുഭവിക്കേണ്ടതായും വന്നു.
ഈ വർഷം രണ്ടാം ഘട്ട കീമോയുടെ തുടർച്ചയ്ക്കായി പോയ ലിസയുടെ ഫയലുകൾ നിരീക്ഷിച്ച നഴ്‌സാണ് ലിസയ്ക്ക് കാൻസറില്ലെന്ന് കണ്ടെത്തിയത്.
ഉടനെത്തന്നെ ഫയൽ നിരീക്ഷിച്ച ഡോക്ടർ ലിസയ്ക്ക് കാൻസറല്ല മറിച്ച് ഞരമ്പുവീക്കമാണെന്ന് വ്യക്തമാക്കി.
തുടക്കത്തിൽ ലിസയെ ചികിത്സിച്ച ഡോക്ടർ ഇവരെ മറ്റൊരു ആശുപത്രിയിലേക്ക് മാറാൻ ആവശ്യപ്പെടുകയായിരുന്നു. ഈ ആശുപത്രിയിലെ ജീവനക്കാർ കാൻസർ സ്ഥിരീകരിക്കുന്നതിനായുള്ള ടെസ്റ്റുകൾ നടത്തിയെങ്കിലും റിസൾട്ട് നോക്കാൻ മറന്നതാണ് ഇല്ലാത്ത രോഗത്തിന് ലിസയ്ക്ക് ചികിത്സ തേടേണ്ടതിന് കാരണമായത്.
കാൻസർ ചികിത്സക്കായി ലിസയ്ക്ക് ഭീമമായ തുകയാണ് ആശുപത്രിയിൽ അടയ്‌ക്കേണ്ടതായി വന്നത്. ചികിത്സക്കായെടുത്ത കടം താൻ മരിക്കുന്നതിന് മുമ്പ് വീട്ടാനുള്ള ശ്രമത്തിലായിരുന്നെന്ന് ലിസ പറഞ്ഞു. തനിക്ക് രോഗമില്ലെന്നറിഞ്ഞതിൽ സന്തോഷമുണ്ടെന്നും പക്ഷെ ഈ കാലഘട്ടത്തിൽ താൻ മാനസികവും ശാരീരികവുമായി അനുഭവിച്ച ബുദ്ധിമുട്ടുകൾ ചെറുതായിരുന്നില്ലെന്നും ലിസ കൂട്ടിച്ചേർത്തു.