'പ്രശ്നമുണ്ടായാല്‍ സഹായിക്കാന്‍ ബുദ്ധിമുട്ടാകും'; പൗരന്മാരോട് മാലദ്വീപ് വിടാനാവശ്യപ്പെട്ട് ഇസ്രായേൽ
ഇരട്ടപൗരത്വമുണ്ടെങ്കിൽ പോലും ദ്വീപ് രാഷ്ട്രത്തിലേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നും നിര്‍ദേശം
ജറുസലേം: മാലദ്വീപിൽ നിന്ന് പൗരന്മാരോട് രാജ്യം വിടാൻ നിർദേശിച്ച് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം. ഇസ്രായേൽ പൗരന്മാർക്ക് പ്രവേശനം നിഷേധിച്ചതായി കഴഞ്ഞദിവസം മാലദ്വീപ് വ്യക്തമാക്കിയിരുന്നു.'നിലവിൽ മാലദ്വീപിലുള്ള ഇസ്രായേലികൾക്ക് പ്രശ്നമുണ്ടായാൽ അവരെ സഹായിക്കാൻ ഞങ്ങൾക്ക് ബുദ്ധിമുട്ടായിരിക്കും. ഇരട്ടപൗരത്വമുണ്ടെങ്കിൽ പോലും ദ്വീപ് രാഷ്ട്രത്തിലേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കണം'; ഇസ്രായേല്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ചാണ് ഇസ്രായേൽ പൗരന്മാർക്ക് മാലദ്വീപ് പ്രവേശനം നിഷേധിച്ചത്. മന്ത്രിസഭയുടെ ശിപാർശപ്രകാരമാണ് പ്രവേശനവിലക്ക് ഏർപ്പെടുത്തിയതെന്ന് മാലദ്വീപ് പ്രസിഡന്റ് ഡോ. മുഹമ്മദ് മുയിസു പറഞ്ഞിരുന്നു. ഇസ്രായേൽ പാസ്‌പോർട്ടുകൾക്ക് നിരോധനം ഏർപ്പെടുത്തിയതായി പ്രസിഡന്റ് അറിയിച്ചു. ഇസ്രായേലി പാസ്പോർട്ട് ഉടമകൾ മാലിദ്വീപിൽ പ്രവേശിക്കുന്നത് തടയാൻ ആവശ്യമായ നിയമ ഭേദഗതികളും ഈ ശ്രമങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ കാബിനറ്റ് സബ് കമ്മിറ്റി രൂപീകരിക്കുന്നതും മന്ത്രിസഭാ തീരുമാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഫലസ്തീനികളുടെ ആവശ്യങ്ങൾ വിലയിരുത്താൻ ഒരു പ്രത്യേക ദൂതനെ നിയമിക്കാനും പ്രസിഡന്റ് തീരുമാനിച്ചു. 'ഫലസ്തീനിലെ അഭയാർത്ഥികൾക്കായുള്ള ഐക്യരാഷ്ട്ര സംഘടനയുടെ ദുരിതാശ്വാസ പ്രവർത്തന ഏജൻസിയുടെ സഹായത്തോടെ ഫലസ്തീനിലെ സഹോദരീ സഹോദരന്മാരെ സഹായിക്കുന്നതിനായി ഒരു ധനസമാഹരണ കാമ്പയിൻ ആരംഭിക്കാനും തീരുമാനിച്ചതായി മുഹമ്മദ് മുയിസ് അറിയിച്ചു. ഫലസ്തീൻ പൗരന്മാർക്ക് പിന്തുണ നൽകുന്നതിനായി 'മാലദ്വീപുകാർ പലസ്തീനുമായി ഐക്യദാർഢ്യത്തിൽ' എന്ന മുദ്രാവാക്യവുമായി രാജ്യവ്യാപകമായി റാലി നടത്താനും ദ്വീപ് രാഷ്ട്രം തീരുമാനിച്ചിട്ടുണ്ട്.