ചിക്കുന്‍ഗുനിയക്ക് ഇനി വാക്സിന്‍; യു.എസ്.ആരോഗ്യമന്ത്രാലയം അംഗീകാരം നല്‍കി
വാൽനേവ കമ്പനി വികസിപ്പിച്ചെടുത്ത വാക്സിൻ 'ഇക്സ്ചിക്' എന്നപേരിൽ വിപണിയിലെത്തും
വാഷിംഗ്‍ടണ്‍: ചിക്കുന്‍ഗുനിയക്കുള്ള ലോകത്തെ ആദ്യത്തെ വാക്സിന് അംഗീകാരം. യു.എസ് ആരോഗ്യമന്ത്രാലയമാണ് അംഗീകാരം നല്‍കിയത്. വാൽനേവ കമ്പനി വികസിപ്പിച്ചെടുത്ത വാക്സിൻ 'ഇക്സ്ചിക്' എന്നപേരിൽ വിപണിയിലെത്തും.
18 വയസ്സിനു മുകളിലുള്ള ആളുകൾക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ ലഭ്യമാക്കുക. ആഗോളതലത്തിൽതന്നെ ആരോഗ്യഭീഷണിയായി തുടരുന്ന ചിക്കുൻഗുനിയ കഴിഞ്ഞ പതിനഞ്ചു വർഷത്തിനിടെ അഞ്ചുദശലക്ഷത്തോളം പേരെയാണ് ബാധിച്ചത്. പേശിയിലേക്ക് ഇൻഞ്ചക്ഷൻ രൂപത്തിൽ നൽകുന്ന സിംഗിൾ ഡോസ് മരുന്നാണിത്. നോർത്ത് അമേരിക്കയിൽ രണ്ടുഘട്ടങ്ങളായി നടത്തിയ ക്ലിനിക്കൽ ട്രയലിനൊടുവിലാണ് പ്രസ്തുത വാക്സിന്റെ സുരക്ഷിതത്വം വ്യക്തമായത്. 18 വയസിനും അതിനു മുകളില്‍ പ്രായമുള്ള 3,500 പേരിലാണ് ട്രയൽ നടത്തിയത്.
'ഉയർന്നുവരുന്ന ആഗോള ആരോഗ്യ ഭീഷണി'എന്നാണ് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ഈ രോഗത്തെ വിശേഷിപ്പിച്ചത്. ചിക്കുന്‍ഗുനിയ വ്യാപകമായ രാജ്യങ്ങളില്‍ ഈ വാക്സിന്‍ ഗുണം ചെയ്യും. കൊതുക് പരത്തുന്ന ഒരു വൈറസ് രോഗമാണ് ചിക്കുൻഗുനിയ.സന്ധിവേദന,വിറയലോടുകൂടിയ കടുത്ത പനി, കണ്ണിന് ചുവപ്പുനിറം എന്നിവയാണ് രോഗലക്ഷണങ്ങള്‍. ആഫ്രിക്ക, ഏഷ്യ, അമേരിക്ക എന്നിവിടങ്ങളിൽ ഈ രോഗം കൂടുതലായി കാണപ്പെടുന്നത്. "ചിക്കുൻഗുനിയ വൈറസ് ബാധ ഗുരുതരമായ രോഗത്തിനും ദീർഘകാല ആരോഗ്യപ്രശ്നങ്ങൾക്കും ഇടയാക്കും. പ്രത്യേകിച്ച് പ്രായമായവർക്കും മറ്റു രോഗങ്ങളുള്ളവര്‍ക്കും" മുതിർന്ന എഫ്ഡിഎ ഉദ്യോഗസ്ഥൻ പീറ്റർ മാർക്ക്സ് പ്രസ്താവനയിൽ പറഞ്ഞു. പരിമിതമായ ചികിത്സാ ഓപ്ഷനുകൾ ഉപയോഗിച്ച് ദുർബലപ്പെടുത്താൻ സാധ്യതയുള്ള ഒരു രോഗം തടയുന്നതിനുള്ള ഒരു പ്രധാന മുന്നേറ്റമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.