പന്നിയുടെ ഹൃദയം സ്വീകരിച്ച ഡേവിഡ് ബെന്നറ്റ് അന്തരിച്ചു
അമേരിക്കയിലെ മെരിലാൻഡ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ ഡോക്ടർമാരാണ് ശസ്ത്രക്രിയ നടത്തിയത്
പന്നിയുടെ ഹൃദയം സ്വീകരിച്ച യുഎസ് സ്വദേശി ഡേവിഡ് ബെന്നറ്റ് അന്തരിച്ചു. രണ്ട് മാസം മുമ്പായിരുന്നു പന്നിയുടെ ഹൃദയം ബെന്നറ്റ് സ്വീകരിച്ചത്. വൈദ്യശാസ്ത്ര രംഗത്ത് നിർണായക ചുവടുവെപ്പായിട്ടായിരുന്നു മനുഷ്യന് പന്നിയുടെ ഹൃദയം വെച്ചുപിടിപ്പിച്ചത്. അമേരിക്കയിലെ മെരിലാൻഡ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ ഡോക്ടർമാരാണ് ശസ്ത്രക്രിയ നടത്തിയത്.
ഗുരുതരാവസ്ഥയിലായിരുന്ന രോഗിയുടെ ജീവൻ രക്ഷിക്കാനുള്ള അവസാന ശ്രമമെന്ന നിലയിലാണ് പന്നിയുടെ ഹൃദയം വെച്ചുപിടിപ്പിക്കാൻ ഡോക്ടർമാർ തീരുമാനിച്ചത്. ശസ്ത്രക്രിയ പൂർണ വിജയമായെന്ന് ഉറപ്പിച്ചുപറയാനുള്ള സമയമായിട്ടില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. മൃഗങ്ങളുടെ അവയവങ്ങൾ മനുഷ്യരിൽ പിടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ ഏറെക്കാലമായുണ്ടായിരുന്നെങ്കിലും ഇതുപോലരു നേട്ടം ആദ്യമായിട്ടായിരുന്നു.
ശസ്ത്രക്രിയയുടെ അപകട സാധ്യതയെ കുറിച്ച് ബെന്നറ്റിനെ ഡോക്ടർമാർ ബോധ്യപ്പെടുത്തിയിരുന്നു. മറ്റൊരു മനുഷ്യഹൃദയം ലഭിക്കുന്നതിനായുള്ള പട്ടികയിൽ പിറകിലായിരുന്ന ഡേവിഡ്, പന്നിയുടെ ഹൃദയം സ്വീകരിക്കാൻ തയ്യാറാവുകയായിരുന്നു.