ഗസ്സ വെടിനിർത്തൽ കരാർ പ്രകാരമുള്ള നാലാമത് ബന്ദി കൈമാറ്റവും പൂർത്തിയായി
ഹമാസുമായുള്ള തുടർ ചർച്ചകൾ യു.എസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാത്രമേയുള്ളുവെന്ന് നെതന്യാഹു


ഗസ്സ സിറ്റി: ഗസ്സ വെടിനിർത്തൽ കരാർ പ്രകാരമുള്ള നാലാമത് ബന്ദി കൈമാറ്റവും തടവുകാരെ വിട്ടയക്കലും പൂർത്തിയായി. ഇസ്രായേലിന്‍റെ 3 ബന്ദികൾക്ക് പകരം 183 ഫലസ്തീൻ തടവുകാർക്കാണ് മോചനം ലഭിച്ചത്. എട്ടു മാസത്തിനു ശേഷം തുറന്ന റഫ അതിർത്തി വഴി വിദഗ്ധ ചികിൽസ തേടി കുട്ടികൾ ഉൾപ്പെടെ 50 പേർ ഗസ്സക്ക് പുറത്തേക്ക് കടന്നു. ഹമാസുമായുള്ള തുടർ ചർച്ചകൾ യു.എസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാത്രമേയുള്ളുവെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വ്യക്തമാക്കിയിട്ടുണ്ട്.
ഒഫർ കൽഡെറോൺ, യാർഡെൻ ബിബസ് എന്നീ ബന്ദികളെ ഖാൻ യൂനിസിലും ഇസ്രായേലി-അമേരിക്കൻ പൗരൻ കെയ്ത് സീഗലിനെ ഗസ്സ സിറ്റിയിലെ തുറമുഖത്തുമാണ് ഹമാസ് കൈമാറിയത്. ഇതോടെ ഗസ്സ വെടിനിർത്തൽ കരാർ പ്രകാരം മൊത്തം 18 ബന്ദികളെ ഹമാസ് മോചിപ്പിച്ചു. ഇസ്രായേൽ തടവറകളിൽ നിന്ന് മോചിതരായ 183 പേർക്ക് റാമല്ലയിലും ഗസ്സയിലും ഫലസ്തീൻ ജനത വീരോചിത സ്വീകരണം നൽകി. കരാർ പ്രകാരം 583 ഫലസ്തീൻ തടവുകാരെയാണ് ഇസ്രായേൽ ഇതിനകം മോചിപ്പിച്ചത്.
വെടിനിർത്തൽ കരാർ പ്രകാരം ഈജിപ്തിലേക്കുള്ള അതിർത്തി കവാടമായ റഫ ക്രോസിങ് വീണ്ടും തുറന്നു. അർബുദം ബാധിച്ച 30 കുട്ടികളും പരിക്കേറ്റ 19 പേരും ഒരു സ്ത്രീയും അവരുടെ സഹായികളുമാണ് അതിർത്തി കടന്ന സംഘത്തിലുള്ളതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ മേയിലാണ് ഇസ്രായേൽ റഫ ക്രോസിങ് അടച്ചത്. ഫലസ്തീനിലേക്കുള്ള പ്രവേശന കവാടങ്ങളിലൊന്നും, സഹായം എത്തിക്കാനുള്ള പ്രധാന പാതയും കൂടിയാണിത്.
വെടിനിർത്തലിന്‍റെ രണ്ടും മൂന്നും ഘട്ടങ്ങൾ സംബന്ധിച്ച് ഇരുപക്ഷവും തമ്മിൽ തിങ്കളാഴ്ച ഔദ്യോഗിക ചർച്ച നടക്കേണ്ടതാണ്. എന്നാൽ ചൊവ്വാഴ്ചയാണ് വാഷിങ്ടണിൽ യു.എസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും തമ്മിലുള്ള നിർണായക ചർച്ച. ഹമാസുമായുള്ള തുടർ ചർച്ചകൾ ഇതു കഴിഞ്ഞു മതിയെന്നാണ് ഇസ്രായേൽ സംഘത്തിനോട് നെതന്യാഹു ആവശ്യപ്പെട്ടതെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേ സമയം, ഫലസ്തീൻ ജനതയെ ഗസ്സയിൽ നിന്ന് മാറ്റണമെന്ന ട്രംപിന്‍റെ നിർദേശം കൈറോയിൽ ചേർന്ന പ്രമുഖ അറബ് രാജ്യങ്ങളുടെ യോഗം തള്ളി. ഫലസ്തീൻ അനുകൂല അന്താരാഷ്ട്ര വിദ്യാർഥികൾക്ക് വിസ റദ്ദാക്കുന്ന വിവാദ ഉത്തരവിൽ ഒപ്പുവെച്ച ഡോണൾഡ് ട്രംപിന്‍റെ നടപടിയെ വിവിധ മനുഷ്യാവകാശ സംഘടനകൾ അപലപിച്ചു.