ഹമാസ് ആക്രമണം ശൂന്യതയിൽ സംഭവിച്ചതല്ലെന്ന് യു.എൻ സെക്രട്ടറി ജനറൽ; രാജി ആവശ്യപ്പെട്ട് ഇസ്രായേൽ
കഴിഞ്ഞ 56 വർഷമായി ശ്വാസംമുട്ടിക്കുന്ന അധിനിവേശമാണ് ഫലസ്തീൻ ജനത അനുഭവിക്കുന്നതെന്നും ഗുട്ടറസ്
ന്യൂയോര്‍ക്ക്: ഹമാസിന്റെ ഇസ്രായേൽ ആക്രമണം ശൂന്യതയിൽ നിന്നുണ്ടായതല്ലെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്. കഴിഞ്ഞ 56 വർഷമായി ശ്വാസംമുട്ടിക്കുന്ന അധിനിവേശമാണ് ഫലസ്തീൻ ജനത അനുഭവിക്കുന്നതെന്നും ഗുട്ടറസ് പറഞ്ഞു. യു.എൻ സുരക്ഷ സമിതിയെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന.
അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങൾക്ക് മുകളിൽ ആയുധങ്ങൾ ഉപയോഗിച്ച് പോരാട്ടം നടത്താൻ ഒരാൾക്കും അവകാശമില്ലെന്നും ഗുട്ടറസ് ഓർമിപ്പിച്ചു. എന്നാല്‍ അന്റോണിയോ ഗുട്ടറസിന്റെ പ്രസ്താവന ഇസ്രായേലിനെ വല്ലാതെ ചൊടിപ്പിച്ചു. നിങ്ങൾ ഏത് ലോകത്താണ് ജീവിക്കുന്നതെന്ന് ചോദിച്ചാണ് ഇസ്രായേൽ വിദേശകാര്യമന്ത്രി ഏലി കോഹൻ പ്രസംഗം തുടങ്ങിയത്. ഗുട്ടെറസിന്റെ രാജി ആവശ്യപ്പെട്ട് ഇസ്രയേൽ അംബാസിഡറും രംഗത്തെത്തി.
അതേസമയം അടിയന്തര വെടിനിർത്തൽ വേണമെന്ന് അറബ് രാജ്യങ്ങളായ സൗദി, ഈജിപ്ത്, ജോർദാൻ, യു.എ.ഇ എന്നിവര്‍ അസംബ്ലിയിൽ നിലപാട് എടുത്തു. ഗസ്സയിലേക്ക് മരുന്നും ഇന്ധനവും എത്തിക്കാൻ വെടിനിർത്തണമെന്ന് ലോകാരോഗ്യസംഘടനയും ആവശ്യപ്പെട്ടു.
യു.എസ് സ്റ്റേറ്റ്സെക്രട്ടറി ആന്റണി ബ്ലിങ്കനും അടിയന്തര വെടിനിർത്തൽ വേണമെന്ന നിലപാട് എടുത്തു. ഇന്ധനമില്ലാത്തതിനാൽ കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങി കിടക്കുന്നവരെ പുറത്തെടുക്കാനുള്ള രക്ഷാപ്രവർത്തനവും നിലച്ച അവസ്ഥയിലാണ്.