പട്ടിക്കുട്ടിയെ കെട്ടിപ്പിടിച്ച് ഹമാസ് പോരാളികള്‍ക്കൊപ്പം മിയ; ബന്ദികൈമാറ്റത്തിനിടെ ഹൃദയം കവര്‍ന്ന് കാഴ്ച
ബന്ദികൈമാറ്റത്തിന്‍റെ ഭാഗമായി 85 പേരെയാണ് ഹമാസ് ഇതുവരെ മോചിപ്പിച്ചത്
ഗസ്സ സിറ്റി: ബന്ദികൈമാറ്റ കരാറിന്റെ അടിസ്ഥാനത്തിൽ 12 പേരെകൂടി ഹമാസ് കഴിഞ്ഞ ദിവസം മോചിപ്പിച്ചിരുന്നു. 10 ഇസ്രായേലികളും രണ്ട് തായ്‌ലൻഡ് പൗരന്മാരുമാണു കൂട്ടത്തിലുണ്ടായിരുന്നത്. ബന്ദിമോചനത്തിന്റെ അഞ്ചാംഘട്ടമാണിത്. ഇതോടെ ഹമാസ് മോചിപ്പിച്ചവരുടെ എണ്ണം 85 ആയിട്ടുണ്ട്.
ഇതിനിടെ ബന്ദികളെ മോചിപ്പിക്കുന്ന രംഗങ്ങളും ഹമാസ് പുറത്തുവിടുന്നുണ്ട്. ഇസ്രായേലികൾ ഉൾപ്പെടെ ഹമാസ് പോരാളികളെ അഭിവാദ്യം ചെയ്തും സലാം ചെയ്തുമെല്ലാം യാത്രപറയുന്ന ദൃശ്യങ്ങളാണു പുറത്തുവന്നിട്ടുള്ളത്. ബന്ദികളോട് ഹമാസ് ക്രൂരമായാണു പെരുമാറുന്നതെന്ന പടിഞ്ഞാറൻ മാധ്യമങ്ങളുടെ പ്രചാരണം പൊളിക്കുന്ന തരത്തിലുള്ളതാണ് ഈ രംഗങ്ങൾ.
ഹമാസ് പോരാളികൾക്കൊപ്പം വളർത്തുപട്ടിയെ കൈയിൽ അണച്ചുപിടിച്ചു പുറത്തുവരുന്ന ഇസ്രായേലി കൗമാരക്കാരിയുടെ ദൃശ്യങ്ങളാണ് ഏറ്റവുമൊടുവിൽ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. 17കാരിയായ മിയ ലീംബെർഗ് ആണ് പട്ടിക്കുട്ടിക്കൊപ്പം ഹമാസ് കാവലിൽ പുറത്തിറങ്ങുന്നത്. ഒക്ടോബർ ഏഴിലെ ആക്രമണത്തിനിടെയാണ് മിയ അമ്മ ഗബ്രിയേലയ്ക്കും പട്ടിക്കുട്ടിയായ ബെല്ലയ്ക്കുമൊപ്പം ഹമാസിന്റെ പിടിയിലാകുന്നത്. ഭിന്നശേഷിക്കാരായ കുട്ടികൾക്കു വേണ്ടി പ്രവർത്തിക്കുന്ന ഗബ്രിയേലയും കഴിഞ്ഞ ദിവസം മോചിതയായിട്ടുണ്ട്.
ഖത്തറും ഈജിപ്തും മാധ്യസ്ഥം വഹിച്ച വെടിനിർത്തൽ കരാറിനൊടുവിലാണ് ഇസ്രായേൽ ഗസ്സയിൽ താൽക്കാലികമായി ആക്രമണം നിർത്തിവച്ചത്. ഇസ്രായേൽ സൈന്യം നേരത്തെ ജയിലിലടച്ച 150ഓളം ഫലസ്തീനികളെ വിട്ടുനൽകിയാൽ 50 ബന്ദികളെ മോചിപ്പിക്കാമെന്നായിരുന്നു ഹമാസ് വാഗ്ദാനം. ഇതിന്റെ അടിസ്ഥാനത്തിലാണ് ബന്ദി കൈമാറ്റത്തിനായി നാലുദിവസത്തേക്ക് ആക്രമണം നിർത്തിവച്ചത്. ഇതു പിന്നീട് രണ്ടുദിവസത്തേക്കുകൂടി നീട്ടിയിരിക്കുകയാണ്.
Summary: Hamas releases teen hostage with pet dog