ലോകത്തെ പേടിപ്പിച്ച പ്രേതഭവനം വില്‍പനക്ക്; കണ്‍ജറിംഗ് സിനിമയിലെ വീടിന്‍റെ വില 1.2 മില്യണ്‍ ഡോളര്‍

8.5 ഏക്കറിൽ 3,109 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീട് അമേരിക്കയിലെ തന്നെ ഏറ്റവും പ്രസിദ്ധമായ പ്രേതഭവനങ്ങളിൽ ഒന്നാണ്

Update: 2021-10-02 05:42 GMT
Editor : Jaisy Thomas | By : Web Desk
Advertising

ദി കണ്‍ജറിംഗ്... ലോകത്തെ ഇതുപോലെ പേടിപ്പിച്ചൊരു സിനിമ വേറെയുണ്ടാകില്ല. കണ്‍ജറിംഗ് സീരിസ് കണ്ട് ഭയന്നുവിറക്കാത്തവര്‍ ആരുമുണ്ടായിരിക്കില്ല. റോഡ് ഐലൻഡിലെ പ്രേതബാധയുണ്ടെന്ന് പറയപ്പെടുന്ന ഫാം ഹൗസിലെ അനുഭവങ്ങളായിരുന്നു ചിത്രത്തിന് ആധാരമായത്. ചിത്രത്തിന്‍റെ റിലീസിന് ശേഷം ഈ ഫാം ഹൗസ് വാര്‍ത്തകളില്‍ ഇടംപിടിക്കുകയും ചെയ്തു. ഇപ്പോള്‍ ഈ പ്രേതഭവനം വില്‍പനക്ക് വച്ചിരിക്കുകയാണ്.



1.2 മില്യൺ ഡോളറിനാണ് വീട് വില്‍പനക്ക് വച്ചിരിക്കുന്നത്. ബറിൾവില്ലിലെ 8.5 ഏക്കറിൽ 3,109 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീട് അമേരിക്കയിലെ തന്നെ ഏറ്റവും പ്രസിദ്ധമായ പ്രേതഭവനങ്ങളിൽ ഒന്നാണ്. 1800 കളിൽ ഈ വീട്ടിൽ താമസിച്ചിരുന്ന ബത്‌ഷെബ ഷെർമാന്‍റെ സാന്നിധ്യം ഈ വീടിനെ വേട്ടയാടുന്നു എന്നാണ് പറയപ്പെടുന്നത്. ഈ വീടുമായി ബന്ധപ്പെട്ട് അവിശ്വസനീയമായ ഒട്ടേറെ കാര്യങ്ങളും നടന്നിട്ടുണ്ട്. 'ദി കൺജറിംഗ്' ഈ വീട്ടിൽ ചിത്രീകരിച്ചിട്ടില്ലെങ്കിലും, 1970 കളിൽ താമസിച്ചിരുന്ന പെറോൺ കുടുംബത്തിന്‍റെ അനുഭവങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു സിനിമ ഒരുക്കിയത്. വീടിനെക്കുറിച്ച് മാഡിസണ്‍ ഹൈന്‍സന്‍ എന്ന യുവതി പങ്കുവച്ച അനുഭവങ്ങള്‍ ലോകത്തെ ഞെട്ടിച്ചിരുന്നു.



പാരാനോര്‍മല്‍ ആക്ടിവിറ്റികളെ കുറിച്ച്‌ പഠനം നടത്തുന്നവരാണ് മാഡിസണിന്‍റെ മാതാപിതാക്കളായ കോറിയും ജെനിഫര്‍ ഹൈന്‍സണും. അതുകൊണ്ടാണ് 2019ല്‍ പാരാനോര്‍മല്‍ ആക്ടിവിറ്റികള്‍ക്ക് പേരുകേട്ട റോഡ് ഐലന്‍ഡിലെ ഹാരിസ്‌വില്ലയിലെ ഓള്‍ഡ് ആര്‍നോള്‍ഡ് എസ്റ്റേറ്റ് ഇവര്‍ സ്വന്തമാക്കിയത്. ഈ എസ്റ്റേറ്റിലെ ഫാംഹൗസില്‍ പ്രേതബാധയുണ്ടെന്ന് പതിറ്റാണ്ടുകള്‍ക്ക് മുന്‍പേ കണ്ടെത്തിയിരുന്നു. 1970ല്‍ ഈ വീട്ടില്‍ താമസിക്കാനെത്തിയ പെറോണ്‍ കുടുംബത്തിനുണ്ടായ അനുഭവങ്ങളാണ് കണ്‍ജറിംഗ് എന്ന സിനിമയായി തിയറ്ററുകളിലെത്തിയത്. ഇവിടെ നടന്ന കൊലപാതകങ്ങളുടെയും ആത്മഹത്യകളുടെയും ചരിത്രം മറച്ചുവച്ചാണ് അന്നത്തെ ഉടമസ്ഥര്‍ പെറോണ്‍ കുടുംബത്തിന് വീട് കൈമാറിയത്. രാത്രികാലങ്ങളില്‍ വീട്ടിലെ ലൈറ്റുകള്‍ അണയ്ക്കരുത് എന്ന നിര്‍ദ്ദേശവും വീട്ടുടമസ്ഥന്‍ ഇവര്‍ക്ക് നല്‍കിയിരുന്നു.



പിന്നീടങ്ങോട്ട് ഭയപ്പെടുത്തുന്ന നിരവധി സംഭവങ്ങളിലൂടെയാണ് പെറോണ്‍ കുടുംബം കടന്നുപോയത്. കിടക്കകള്‍ തനിയെ അനങ്ങുന്നതും അഴുകിയ മാംസത്തിന്‍റെ ഗന്ധം പരക്കുന്നതും ചൂല് ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് തനിയെ നീങ്ങുന്നതും തുടച്ചു വൃത്തിയാക്കിയ തറയില്‍ പൊടികള്‍ കൂനയായി നിറയുന്നതുമെല്ലാം ഇവിടത്തെ നിത്യസംഭവങ്ങളായിരുന്നു. ഈ വീട്ടില്‍ താമസിക്കാന്‍ തുടങ്ങിയതിനു ശേഷം ഇതിന് സമാനമായ പല അനുഭവങ്ങളും തനിക്ക് ഉണ്ടായതായി മാഡിസണ്‍ പറയുന്നു. വാതിലുകള്‍ തനിയെ തുറന്ന് അടയുന്നതിന്‍റെയും ആളുകള്‍ നടന്നുനീങ്ങുന്നതിന്‍റെയും വാതിലില്‍ ഉച്ചത്തില്‍ മുട്ടുന്നതിന്‍റെയും ശബ്ദം കേള്‍ക്കാറുണ്ട്. ഒരിക്കല്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ ശിരോവസ്ത്രവും വിടര്‍ന്ന പാവാടയും ധരിച്ച ഒരു രൂപം മിന്നിമറയുന്നതും മാഡിസണ്‍ നേരിട്ട് കണ്ടിട്ടുണ്ട്.


ഇതേക്കുറിച്ച്‌ മാതാപിതാക്കളുമായി സംസാരിച്ചപ്പോള്‍ വിവാഹവസ്ത്രം ധരിച്ച ഒരു ആത്മാവിന്‍റെ രൂപം മുന്‍പ് പലരും ഇവിടെ കണ്ടിരുന്നതായാണ് അറിയാന്‍ കഴിഞ്ഞത്. നാലു ബെഡ് റൂമുകളും രണ്ട് ബാത്ത് റൂമുകളുമുള്ള ഫാംഹൗസ് മൂന്നു കോടി രൂപയ്ക്കാണ് കുടുംബം സ്വന്തമാക്കിയത്. എട്ടര ഏക്കര്‍ എസ്റ്റേറ്റിന് നടുവിലാണ് ഫാംഹൗസ് സ്ഥിതി ചെയ്യുന്നത്. ദിനംപ്രതി പാരാനോര്‍മല്‍ ആക്റ്റിവിറ്റികള്‍ സംഭവിക്കുന്നുണ്ടെങ്കിലും കുടുംബത്തിലുള്ളവര്‍ക്ക് ആപത്തുകള്‍ ഒന്നും സംഭവിച്ചിട്ടില്ല. 

ഫാംഹൌസിലെ വീഡിയോകളും ചിത്രങ്ങളും മാഡിസണ്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. കണ്‍ജറിംഗ് വീടിനെക്കുറിച്ച് സ്ലീപ്പ്ലസ് അണ്‍റെസ്റ്റ് എന്ന പേരില്‍ ഒരു ഡോക്യുമെന്‍റിയും ജൂലൈയില്‍ പുറത്തിറക്കിയിരുന്നു. മാതാപിതാക്കളുടെയും പാരാനോര്‍മല്‍ ഗവേഷകരുടെയും സിനിമപ്രവര്‍ത്തകരുടെയും അനുഭവങ്ങളാണ് ഡോക്യുമെന്‍ററിയിലുള്ളത്. ഇവര്‍ രണ്ടാഴ്ച കണ്‍ജറിംഗ് വീട്ടില്‍ താമസിച്ചപ്പോഴുള്ള അനുഭവങ്ങളാണ് ഡോക്യുമെന്‍ററിയില്‍ വിവരിക്കുന്നത്. 

Full View

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News