ചരക്കിറക്കുന്നതിനിടെ കൂറ്റന്‍ കപ്പല്‍ മുങ്ങി
നിരവധി കണ്ടെയ്നറുകള്‍ കടലില്‍ ഒഴുകിപ്പോയി.
ചരക്കിറക്കുന്നതിനിടെ ഈജിപ്ഷ്യന്‍ കപ്പല്‍ മുങ്ങി. തുര്‍ക്കിയിലാണ് സംഭവം. നിരവധി കണ്ടെയ്നറുകള്‍ കടലില്‍ ഒഴുകിപ്പോയി.
സീ ഈഗിൾ എന്ന കാര്‍ഗോ കപ്പലിന്‍റെ ഒരു ഭാഗമാണ് മുങ്ങിയത്. തുർക്കിയിലെ ഇസ്‌കെൻഡറം തുറമുഖത്ത് പെട്ടികൾ തീരത്തേക്ക് ഇറക്കുന്നതിനിടെയാണ് സംഭവം. എല്ലാ ജീവനക്കാരെയും ഉടന്‍ തന്നെ സുരക്ഷിതമായി ഒഴിപ്പിച്ചു. ആര്‍ക്കും പരിക്കുകളൊന്നുമില്ല.
24 കണ്ടെയ്‌നറുകൾ നഷ്ടപ്പെട്ടു. നേരിയ എണ്ണച്ചോർച്ച കണ്ടെത്തിയെന്ന് തുർക്കിയിലെ ഗതാഗത, ഇൻഫ്രാസ്ട്രക്ചർ മന്ത്രാലയം അറിയിച്ചു. 1984ല്‍ നിര്‍മിച്ച കപ്പലാണ് മുങ്ങിയത്. കപ്പലിന് സ്ഥിരതാ പ്രശ്‌നങ്ങളുണ്ടെന്നും സന്തുലിതമാക്കാനുള്ള ശ്രമങ്ങൾ ഫലം കണ്ടില്ലെന്നും അധികൃതര്‍ പറഞ്ഞു.
അപകട കാരണം തുർക്കിയിലെ തുറമുഖ അധികൃതർ അന്വേഷിച്ചുവരികയാണ്. അതിനിടെ കണ്ടെയ്‌നർ തിരിച്ചെടുക്കാനുള്ള ശ്രമം തുടരുകയാണ്.