ന്യൂയോര്‍ക്കില്‍ കൊലയാളിച്ചില്ലുകളോ!? കെട്ടിടങ്ങളിലിടിച്ച് മരിക്കുന്നത് നൂറുകണക്കിന് പക്ഷികള്‍
മാന്‍ഹാട്ടനില്‍ കെട്ടിടങ്ങളില്‍ ഇടിച്ച് പക്ഷികള്‍ ചാവുന്നത് വര്‍ഷങ്ങളായുള്ള പ്രശ്‌നമാണ്
ലോക വ്യാപാര കേന്ദ്രത്തിന്റേത് അടക്കമുള്ള ന്യൂയോർക്ക് നഗരത്തിലെ ഗ്ലാസ് ടവറുകളിൽ തട്ടി പിടഞ്ഞു വീഴുന്നത് നൂറു കണക്കിന് ദേശാടനപ്പക്ഷികൾ. ഈയാഴ്ച സിറ്റി ഗ്ലാസ് ടവറില്‍ തട്ടി മരണമടഞ്ഞത് 226 പക്ഷികള്‍! നഗരത്തിലൂടെ പറന്ന നൂറുകണക്കിന് ദേശാടനപക്ഷികള്‍ക്കാണ് ഇങ്ങനെയൊരു ദാരുണാന്ത്യം.
പക്ഷികളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയായ ന്യൂയോര്‍ക്ക് സിറ്റി ഓഡബണിന്‍റെ സന്നദ്ധസേവകയായ മെലിസ ബ്രയറാണ് ചത്തുകിടക്കുന്ന പക്ഷികളുടെ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തത്. വേള്‍ഡ് ട്രേഡ് സെന്‍റര്‍ ടവറുകള്‍ക്ക് ചുറ്റുമുള്ള നടപ്പാതകളില്‍നിന്നാണ് മെലിസ ചത്തുകിടക്കുന്ന പക്ഷികളെ കണ്ടെത്തിയത്. പരിക്ക് പറ്റിയ 30 പക്ഷികളെ ചൊവ്വാഴ്ച ഇവര്‍ അപ്പര്‍ വെസ്റ്റ് സൈഡിലുള്ള പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.
മാന്‍ഹാട്ടനില്‍ കെട്ടിടങ്ങളില്‍ ഇടിച്ച് പക്ഷികള്‍ ചാവുന്നത് വര്‍ഷങ്ങളായുള്ള പ്രശ്‌നമാണ്. എന്നാല്‍, ഈ ആഴ്ച നടന്ന അപകടത്തില്‍ മരിച്ച പക്ഷികളുടെ എണ്ണമാണ് ഞെട്ടിപ്പിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെ വീശിയ കാറ്റായിരിക്കാം പക്ഷികളുടെ കൂട്ടമരണത്തിനിടയാക്കിയതെന്നാണ് ഓഡബണ്‍ പറയുന്നത്. 'കൊടുങ്കാറ്റ് കാരണം പക്ഷികള്‍ക്ക് ഉയര്‍ന്ന് പറക്കാന്‍ കഴിഞ്ഞിരിക്കില്ല. അല്ലെങ്കില്‍ അവ കാറ്റില്‍ വഴിതെറ്റിയിരിക്കാം. കൂടാതെ, രാത്രികാലത്തെ കൃത്രിമ വെളിച്ചവും അവയെ വഴിതെറ്റിച്ചേക്കാം'- ഓഡബണ്‍ ഗ്രൂപ്പിന്‍റെ അസോസിയേറ്റ് ഡയറക്ടര്‍ പാര്‍ക്കിന്‍സ് പറഞ്ഞു.
ഓരോ വര്‍ഷവും ന്യൂയോര്‍ക്കില്‍ 90,000 തൊട്ട് 2,30,000 വരെ പക്ഷികളാണ് കെട്ടിടങ്ങളുടെ ഗ്ലാസുകളില്‍ ഇടിച്ച് മരിക്കുന്നത്. പക്ഷികളുടെ ദേശാടന കാലയളവില്‍ മരണനിരക്ക് ഉയരും. അതുകൊണ്ട് തന്നെ ഈ കാലയളവില്‍ ആവശ്യമില്ലാത്ത ലൈറ്റുകളുടെ തീവ്രത കുറക്കണമെന്ന് വനപാലകര്‍ ആവശ്യപ്പെടാറുണ്ട്. വലിയ കെട്ടിടങ്ങളുടെ ഉടമകളോട് രാത്രിയില്‍ മങ്ങിയ പ്രകാശം മാത്രം ഉപയോഗിക്കാനും ഗ്ലാസ് കൂടുതല്‍ ദൃശ്യമാകുന്ന തരത്തില്‍ മാറ്റാനും ഓഡബണ്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പക്ഷികൾ ഇടിക്കുന്നത് തടയാൻ നടപടി സ്വീകരിക്കുമെന്ന് ലോകവ്യാപാരകേന്ദ്ര അധികൃതരും അറിയിച്ചു. രാത്രി വെളിച്ചം അണയ്ക്കാനും പരമാവധി വെളിച്ചം കുറയ്ക്കാനും ആവശ്യപ്പെട്ടതായി അധികൃതർ വ്യക്തമാക്കി.
'ഞങ്ങളുടെ ശ്രദ്ധ പതിയേണ്ട പ്രധാനപ്പെട്ട വിഷയമാണിത്. ദേശാടനപ്പക്ഷികളെ കുറിച്ചും അവരുടെ ആവാസ വ്യവസ്ഥയെ കുറിച്ചും ഉത്കണ്ഠയുണ്ട്. രാത്രി സമയത്തെ കൃത്രിമ വെളിച്ചമാണ് പക്ഷികളെ ആകർഷിക്കുന്നത്. ഇതാണ് ദുരന്തത്തിന് കാരണമാകുന്നതും. ഇക്കാര്യത്തിൽ ശ്രദ്ധ ചെലുത്തും' - ട്വിറ്ററിൽ നൽകിയ വിശദീകരണത്തിൽ അധികൃതർ വ്യക്തമാക്കി.