ഇറാൻ-അമേരിക്ക സംഘർഷത്തിന് താത്കാലിക അയവ്: മസ്‌കത്ത് ചർച്ച വിജയമെന്ന് ഇരുപക്ഷവും

രണ്ടാംവട്ട ചർച്ച ഈ മാസം 19ന് നടക്കുമെന്ന് യുഎസ് പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റിവ് വിറ്റ്‌കോഫ്

Update: 2025-04-13 02:33 GMT
Editor : rishad | By : Web Desk
ഇറാൻ-അമേരിക്ക സംഘർഷത്തിന് താത്കാലിക അയവ്: മസ്‌കത്ത് ചർച്ച വിജയമെന്ന് ഇരുപക്ഷവും

സ്റ്റീവ് വിറ്റ്‌കോഫ്-അബ്ബാസ് അരാഗ്ചി

AddThis Website Tools
Advertising

ന്യൂയോര്‍ക്ക്: മസ്കത്ത്​ ചർച്ചയോടെ ഇറാൻ-അമേരിക്ക സംഘർഷത്തിന്​ താൽക്കാലിക അയവ്.  മസ്കത്തിൽ ഇന്നലെ നടന്ന ഇറാൻ-അമേരിക്ക ആണവ ചർച്ച വിജയമെന്ന്​ ഇരുപക്ഷവും വ്യക്​തമാക്കി.

ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും അമേരിക്കയുടെ പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫുമാണ് വെവ്വേറെ മുറികളിലിരുന്ന്‌ ചർച്ചകൾക്ക്‌ നേതൃത്വം നൽകിയത്‌. ഒമാൻ വിദേശമന്ത്രി ബദർ അൽ ബുസൈദി മധ്യസ്ഥനായി.

രണ്ടാംവട്ട ചർച്ച ഈ മാസം 19ന്​ നടക്കുമെന്ന്​ യുഎസ്​ പശ്​ചിമേഷ്യൻ പ്രതിനിധി സ്റ്റിവ്​ വിറ്റ്​കോഫ്​ അറിയിച്ചു. ആണവ വിഷയത്തിലുള്ള യുഎസ്​ ഉത്​കണ്ഠ ഇറാനെ ബോധ്യപ്പെടുത്തി രമ്യമായ പരിഹാര നടപടി ആവശ്യപ്പെട്ടതായി സ്റ്റിവ്​ വിറ്റ്​കോഫ്​ പറഞ്ഞു. സമാധാനപരമായ ആവശ്യങ്ങൾക്ക്​ മാത്രമാണ്​ ആണവ പദ്ധതിയെന്നും അതിന്‍റെ പേരിൽ ഏർപ്പെടുത്തിയ ഉപരോധങ്ങൾ പിൻവലിക്കണമെന്നും ചർച്ചയിൽ ആവശ്യപ്പെട്ടതായി അബ്ബാസ് അരഘ്ചി പ്രതികരിച്ചു.

2018നുശേഷം ഇതാദ്യമായാണ്‌ ഇരുരാജ്യങ്ങളും തമ്മിലെ ഉന്നതതല കൂടിക്കാഴ്ച. അതേസമയം ഒരേമുറിയിലിരുന്നാണ് ചര്‍ച്ച വേണ്ടതെന്ന് അമേരിക്ക നിര്‍ബന്ധം പിടിച്ചുവെങ്കിലും പരോക്ഷ ചർച്ചയാണ് നല്ലതെന്ന നിലപാടാണ് ഇറാൻ സ്വീകരിച്ചത്. ഇസ്രായേൽ സമ്മർദത്തെ തുടർന്ന്​ മേഖലയിൽ അമേരിക്ക യുദ്ധസന്നാഹങ്ങൾ വർധിപ്പിച്ചതോടെ രൂപപ്പെട്ട പശ്​ചമേഷ്യൻ സംഘർത്തിന്,​ മസ്കത്ത്​ ചർച്ചയാടെ അയവ്​ വന്നു. ഇതിനെ ഖത്തർ ഉൾപ്പെടെ വിവിധ ഗൾഫ്​ രാജ്യങ്ങൾ സ്വാഗതം ചെയ്തു.

അതേസമയം വെടിനിർത്തൽ നീക്കങ്ങൾക്ക്​ തിരിച്ചടിയായി ഗസ്സയിൽ യുദ്ധം കൂടുതൽ വ്യാപിപ്പിക്കുമെന്ന്​ ഇസ്രായേൽ അറിയിച്ചു. റഫയെ വളഞ്ഞ സൈന്യം പ്രദേശത്തുനിന്ന്​ ആയിരങ്ങളെ പുറന്തള്ളാനുള്ള പദ്ധതിക്കാണ്​ രൂപം നൽകി വരുന്നത്​.  ഗസ്സയിൽ ഭക്ഷ്യ,മരുന്ന്​ ശേഖരം തീരുന്ന സാഹചര്യത്തിൽ ആയിരങ്ങൾ കടുത്ത പ്രതിസന്ധിയിലാകുമെന്ന്​ യു.എൻ മുന്നറിയിപ്പ്​ നൽകി. ഗസ്സയിൽ ഇന്നലെ ഇസ്രായേൽ നടത്തിയ ആ​ക്രമണത്തിൽ 20പേർ കൂടി കൊല്ലപ്പെട്ടു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News