ഗുരുതര തെറ്റെന്ന് ഇസ്രായേൽ മന്ത്രി; ലബനാനുമായുള്ള വെടിനിർത്തലിൽ ഭിന്നത
60 ദിവസം നീണ്ടുനിൽക്കുന്ന വെടിനിർത്തൽ ബുധനാഴ്ച രാവിലെയാണ് പ്രാബല്യത്തിൽ വന്നത്
മാസങ്ങൾ നീണ്ടുനിന്ന ഹിസ്ബുല്ല-ഇസ്രായേൽ യുദ്ധത്തിന് താൽക്കാലിക വിരാമമായിരിക്കുകയാണ്. യുദ്ധത്തിൽ ഇരുഭാഗത്തും വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചിരിക്കുന്നത്. പ്രത്യേകിച്ച് ഇസ്രായേലിന്. ഗസ്സയിൽ വെടിനിർത്തൽ കരാറിലെത്താൻ വിഘാതം നിൽക്കുന്ന ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, പക്ഷെ, ഹിസ്ബുല്ലയുമായുള്ള വെടിനിർത്തൽ കരാറിലെത്താൻ വേഗം സമ്മതിക്കുകയായിരുന്നു.
വെടിനിർത്തലിനെതിരെ ഇസ്രായേലിൽ തന്നെ പ്രതിഷേധമുണ്ട്. ഇത് ഗുരുതര തെറ്റാണെന്നാണ് ദേശീയ സുരക്ഷാമന്ത്രി ഇറ്റാമർ ബെൻഗവിർ പറയുന്നത്. സർക്കാർ സൈനിക പ്രവർത്തനങ്ങൾ അകാലത്തിൽ അവസാനിപ്പിച്ചിരിക്കുകയാണ്. ഹിസ്ബുല്ല അടിച്ചമർത്തപ്പെട്ടിരിക്കുന്നു, അവർ വെടിനിർത്തലിനായുള്ള ആവേശത്തിലാണ്. പക്ഷെ, നമ്മൾ നിർത്തരുതെന്നും ബെൻഗവിർ പറഞ്ഞു.
മറ്റൊരു തീവ്ര വലതുപക്ഷ മന്ത്രി ബെസലേൽ സ്മോട്രിചും വെടിനിർത്തലിനെതിരെ തുറന്നടിച്ചു. ഒരു കരാറുമില്ല, ഒപ്പിട്ടാൽ തന്നെ എഴുതിയ പേപ്പറിന്റെ മൂല്യം മാത്രമേ അതിനുള്ളൂവെന്ന് സ്മോട്രിച് പറഞ്ഞു.
കരാർ പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് ഇസ്രായേലിലെ ചാനൽ 12 സർവേ നടത്തിയിരുന്നു. ഇതിൽ 37 ശതമാനം പേരും വെടിനിർത്തലിനെ അനുകൂലിക്കുന്നുണ്ട്. 32 ശതമാനം പേർ എതിർക്കുകയാണ്.
60 ദിവസം നീണ്ടുനിൽക്കുന്ന വെടിനിർത്തൽ ബുധനാഴ്ച രാവിലെയാണ് പ്രാബല്യത്തിൽ വന്നത്. 60 ദിവസത്തിനുള്ളിൽ തെക്കൻ ലബനാനിൽനിന്ന് ഇസ്രായേൽ സൈന്യത്തെ പടിപടിയായി പിൻവലിക്കും. തുടർന്ന് ലബനാൻ സൈന്യത്തെയും ദേശീയ സുരക്ഷാ സേനയെയും ഇവിടെ വിന്യസിക്കും. ലിതാനി നദിയുടെ വടക്ക് ഭാഗത്തേക്ക് ഹിസ്ബുല്ല പിൻമാറണം. യുഎൻ സുരക്ഷാ കൗൺസിലിന്റെ 1701ാം പ്രമേയം അനുസരിച്ച് തെക്കൻ ലബനാനിൽ ഹിസ്ബുല്ലയുടെ സാന്നിധ്യം അവസാനിപ്പിക്കണമെന്നും കരാറിലുണ്ട്. കരാർ പൂർണമായി നടപ്പാക്കുമെന്ന് ഉറപ്പാക്കാൻ അമേരിക്കയും ഫ്രാൻസും മുൻകൈയെടുക്കും. മറ്റു സഖ്യകക്ഷികളും ഇവരുടെ സഹായത്തിനുണ്ടാകും. വെടിനിർത്തലിനെ ഹിസ്ബുല്ലയുടെ സഖ്യകക്ഷിയായ ഇറാനും പിന്തുണച്ചിട്ടുണ്ട്.
കരാർ പ്രാബല്യത്തിൽ വന്നതോടെ ജനങ്ങൾ തെക്കൻ ലബനാനിലേക്ക് മടങ്ങിവരാൻ ആരംഭിച്ചു. നിരവധി കാറുകളാണ് ആളുകളുമായി മടങ്ങുന്നത്. അതേസമയം, തെക്കൻ ലബനാനിലേക്ക് ഉടൻ മടങ്ങിവരരുതെന്ന് ഇസ്രായേൽ സൈന്യം മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇസ്രായേൽ സൈന്യം ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ട ഗ്രാമങ്ങളിലേക്കും ഇസ്രായേൽ സൈന്യമുള്ള ഇടങ്ങളിലേക്കും തിരിച്ചുവരാൻ പാടില്ലെന്ന് സൈനിക വക്താവ് സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചു. ഞങ്ങൾ മടങ്ങിവരാൻ പറയുമ്പോൾ മാത്രം എത്തിയാൽ മതി. നിങ്ങളുടെയും കുടുംബത്തിന്റെയും സുരക്ഷ മാനിച്ചാണ് ഇത് പറയുന്നത്. അതിനാൽ തിരികെ വരുന്നത് ഒഴിവാക്കണമെന്നും വക്താവ് പറഞ്ഞു.
2023 ഒക്ടോബർ ഏഴിന് ശേഷമാണ് ഹിസ്ബുല്ലയും ഇസ്രായേലും തമ്മിലുള്ള യുദ്ധം കനക്കുന്നത്. ഗസ്സയിലെ ഫലസ്തീൻ ജനതക്ക് പിന്തുണയുമായാണ് ഹിസ്ബുല്ല വടക്കൻ ഇസ്രായേലിന് നേരെ ആക്രമണം ആരംഭിച്ചത്. ഇതിനെ തുടർന്ന് ലക്ഷക്കണക്കിന് പേരാണ് ഇവിടെനിന്ന് പലായനം ചെയ്തത്. മാസങ്ങൾക്ക് മുമ്പ് ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് നടത്തിയ പേജർ ആക്രമണത്തിന് പിന്നാലെ സംഘർഷം രൂക്ഷമാവുകയായിരുന്നു. ഇതിനാണ് ഇപ്പോൾ താൽക്കാലിക വിരാമമായിരിക്കുന്നത്.