ഗസ്സയില്‍ താത്കാലിക വെടിനിര്‍ത്തല്‍ തുടരും
വെടിനിര്‍ത്തലിന്റെ ആറാം ദിനത്തില്‍ 10 ഇസ്രായേല്‍ പൗരന്മാരെയും നാല് തായ്‍ലന്‍ഡുകാരെയും രണ്ട് റഷ്യക്കാരെയുമാണ് ഹമാസ് കൈമാറിയത്
തെല്‍ അവിവ്: ഗസ്സയിലെ താത്കാലിക വെടിനിർത്തൽ 24 മണിക്കൂർകൂടി നീട്ടി. ദോഹയിൽ നടന്ന ചർച്ചയിൽ അവസാന നിമിഷമാണ് വെടിനിർത്തൽ നീട്ടിയത്. ഇന്ന് മോചിപ്പിക്കുന്ന ബന്ദികളുടെ പട്ടിക ഹമാസ് ഇസ്രായേലിന് കൈമാറി. ജറുസലേമിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഫലസ്തീനികളും 3 ഇസ്രായേലികളും കൊല്ലപ്പെട്ടു.
വെടിനിർത്തൽ അവസാനിക്കാൻ 10 മിനുട്ടുകൂടി മാത്രം ബാക്കിയുള്ളപ്പോഴാണ് കരാർ നീട്ടാൻ ധാരണയായത്. വെടിനിർത്തൽ നീട്ടാനുള്ള തീരുമാനത്തിലെത്തിക്കാൻ മധ്യസ്ഥർ ഏറെ പണിപ്പെട്ടെന്നാണ് റിപ്പോർട്ട്. നേരത്തെ ഹമാസ് നൽകിയ മോചിപ്പിക്കുന്ന ബന്ദികളുടെ പട്ടിക ഇസ്രായേൽ നിരസിക്കുകയായിരുന്നു. എന്തുകൊണ്ടെന്നതിൽ വ്യക്തതയില്ല. വെടിനിർത്തൽ കൂടുതൽ നീട്ടുന്നത് സംബന്ധിച്ച് മധ്യസ്ഥർ ചർച്ച തുടരുകയാണ്,, സിഐഎ, മൊസ്സാദ് തലവന്മാർ ദോഹയിൽ തുടരുന്നുണ്ട്.
അതേസമയം വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ കൊടുംക്രൂരത തുടരുകയാണ്. എട്ടും പതിനഞ്ചും വയസ്സുകളുള്ള രണ്ട് കുട്ടികളെയടക്കം ഇസ്രായേൽ സേന വെടിവെച്ചുകൊന്നു. വിട്ടയച്ച ഫലസ്തീനികളെക്കാൾ കൂടുതൽ പേരെ പിടിച്ചുകൊണ്ടുപോകുകയാണ് ഇസ്രായേൽ. തബാത് തബാത് ആശുപത്രി സേന വളഞ്ഞു. ഇന്നലെ നടന്ന യുഎൻ പൊതുസഭയിൽ കടുത്ത വിമർശനമാണ് അറബ് രാജ്യങ്ങൾ ഉയർത്തിയത്. ഇസ്രായേല്‍ കൂടി അംഗീകരിച്ച സമാധാന ഉടമ്പടിയുടെ സ്ഥതിയെന്തെന്ന് പരിശോധിക്കണമെന്ന് ഖത്തർ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ജറൂസലം ആസ്ഥാനമായി ഫലസ്തീന്‍ രൂപീകരണത്തിന് യുഎന്‍ പ്രമേയം പാസാക്കണമെന്ന് ജോര്‍ദാനും ആവശ്യപ്പെട്ടു.