ഹിസ്ബുല്ലയുമായുള്ള വെടിനിർത്തൽ ചർച്ചകൾ അന്തിമഘട്ടത്തിലെന്ന് ഇസ്രായേൽ

കഴിഞ്ഞ 24 മണിക്കൂറിനിടെ ലബനാനിലെ ഇസ്രായേൽ ആക്രമണത്തിൽ 31 പേരാണ് കൊല്ലപ്പെട്ടത്.

Update: 2024-11-26 07:06 GMT
Israel says ceasefire talks with Hezbollah are in final stage
AddThis Website Tools
Advertising

ജെറുസലേം: ഹിസ്ബുല്ലയുമായുള്ള വെടിനിർത്തൽ ചർച്ചകൾ അന്തിമഘട്ടത്തിലെന്ന് ഐക്യരാഷ്ട്രസഭയിലെ ഇസ്രായേൽ പ്രതിനിധി ഡാന്നി ഡാനോൻ. വെടനിർത്തൽ ചർച്ചകളിൽ പൂർണമായും ധാരണയിലെത്തിയിട്ടില്ല. ചർച്ചകൾ അന്തിമഘട്ടത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. വെടിനിർത്തൽ ചർച്ചകളെ കുറിച്ചുള്ള റിപ്പോർട്ടുകളിൽ പ്രതികരിക്കാനില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. വെടിനിർത്തൽ കരാറിന് അംഗീകാരം നൽകാൻ ഇസ്രായേലിന്റെ സുരക്ഷാ കാബിനറ്റ് ചൊവ്വാഴ്ച യോഗം ചേരുമെന്ന് പേര് വെളിപ്പെടുത്താത്ത ഒരു മുതിർന്ന ഇസ്രായേൽ ഉദ്യോഗസ്ഥൻ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

തെക്കൻ ലബനാനിൽ നിന്ന് ഇസ്രായേൽ സൈന്യം പൂർണമായി പിൻമാറുകയും 60 ദിവസത്തിനുള്ള മേഖലയുടെ സമ്പൂർണ നിയന്ത്രണം ലബനാൻ സൈന്യം ഏറ്റെടുക്കുകയും ചെയ്യുക എന്നതാണ് വെടിനിർത്തൽ കരാറിലെ പ്രധാന നിബന്ധന. 2006ലെ യുദ്ധം അവസാനിപ്പിക്കാൻ ഉണ്ടാക്കിയ യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം 1701 ഈ കരാറിലും ബാധകമാണ്. ഇസ്രായേൽ അതിർത്തിയിൽനിന്ന് ഹിസ്ബുല്ല 30 കിലോമീറ്റർ ദൂരത്തേക്ക് പിൻമാറണമെന്നും കരാറിൽ പറയുന്നു. നിബന്ധനകൾ പാലിക്കുന്നുണ്ടോയെന്ന പരിശോധിക്കാൻ യുഎസിന്റെ അധ്യക്ഷതയിൽ ഫ്രാൻസ് അടക്കമുള്ള പഞ്ചരാഷ്ട്ര കമ്മിറ്റി രൂപീകരിക്കും.

ഹിസ്ബുല്ല നിബന്ധനകൾ പാലിച്ചില്ലെങ്കിൽ ലബനാനിൽ കടന്നുകയറി ആക്രമണം നടത്താൻ ഇസ്രായേലിന് അവകാശം നൽകുന്നതിനെ കുറിച്ച് കരാറിൽ പരാമർശമില്ല. അതേസമയം ഇസ്രായേലും യുഎസും തമ്മിൽ ഇത് സംബന്ധിച്ച് ധാരണയിലെത്തിയതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ ലബനാനിലെ ഇസ്രായേൽ ആക്രമണത്തിൽ 31 പേരാണ് കൊല്ലപ്പെട്ടത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News