ഭാരം കുറഞ്ഞ് കിം ജോങ് ഉന്‍; അസ്വസ്ഥരായി ഉത്തര കൊറിയക്കാര്‍
37കാരനായ കിം ഭാരം കുറച്ചതില്‍ വിലപിക്കുന്ന പോങ്‍യാംഗില്‍ നിന്നുള്ള ഒരു അജ്ഞാതന്‍റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്
ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ വീണ്ടും വാര്‍ത്തകളില്‍ ഇടംനേടുകയാണ്. മെലിഞ്ഞ കിമ്മാണ് ഇപ്പോള്‍ സംസാര വിഷയം. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് പങ്കുവച്ച വീഡിയോയില്‍ ഭാരം കുറച്ച കിമ്മിനെയാണ് കാണാന്‍ കഴിയുന്നത്.
സ്വതവെ വണ്ണം കൂടിയ പ്രകൃതക്കാരനായ കിം ഭാരം കുറച്ചത് ഉത്തര കൊറിയക്കാരെ കുറച്ചൊന്നുമല്ല അസ്വസ്ഥരാക്കുന്നത്. 37കാരനായ കിം ഭാരം കുറച്ചതില്‍ വിലപിക്കുന്ന പോങ്‍യാംഗില്‍ നിന്നുള്ള ഒരു അജ്ഞാതന്‍റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. കിമ്മും പാര്‍ട്ടിയിലെ ഉന്നത വ്യക്തികളും പങ്കെടുക്കുന്ന ഒരു പരിപാടി തെരുവിലെ വലിയ സ്ക്രീനില്‍ കാണുന്ന പോങ്‍യാംഗ് നിവാസികളെ വീഡിയോയില്‍ കാണാം. ''കിമ്മിനെ ഉത്തരത്തില്‍ മെലിഞ്ഞ് കാണുന്നത് വളരെയധികം വേദനിപ്പിക്കുന്നു'' വെള്ളിയാഴ്ച സംസ്ഥാന ബ്രോഡ്കാസ്റ്റര്‍ പുറത്തുവിട്ട അഭിമുഖത്തില്‍ ഒരാള്‍ പറയുന്നു. എന്നാല്‍ കിം മനഃപൂര്‍വ്വം ഭാരം കുറയ്ക്കുന്നതാണോ എന്ന് ഇവര്‍ വ്യക്തമാക്കുന്നില്ല. ഒരു പക്ഷേ അദ്ദേഹം ഡയറ്റിലായിരിക്കാമെന്നാണ് സോഷ്യല്‍മീഡിയ അഭിപ്രായപ്പെടുന്നത്. കിം അസുഖബാധിതനാണോ എന്ന സംശയവും ഉത്തരകൊറിയക്കാര്‍ക്കുണ്ട്.
കഴിഞ്ഞ വര്‍ഷം കിമ്മിന്‍റെ ആരോഗ്യവുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങള്‍ പടര്‍ന്നിരുന്നു. കിമ്മിന് മസ്തിഷ്ക മരണം സംഭവിച്ചുവെന്നു വരെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ദക്ഷിണ കൊറിയ ഈ വാര്‍ത്ത നിഷേധിച്ച് രംഗത്ത് വരികയും ചെയ്തിരുന്നു. ഏപ്രില്‍ 15ന് നടന്ന മുത്തശ്ശന്‍ കിം ഇല്‍ സങിന്‍റെ ജന്മവാര്‍ഷിക അനുസ്മരണത്തില്‍ കിം പങ്കെടുക്കാതിരുന്നതോടെയാണ് അദ്ദേഹത്തിന്‍റെ ആരോഗ്യം സംബന്ധിച്ച് കിംവദന്തികള്‍ പരന്നത്. ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായ കിം പിന്നീട് മരണപ്പെട്ടുവെന്നും അതല്ല, അദ്ദേഹം ഗുരുതരാവസ്ഥയിലാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
Before-and-after videos show that North Korean leader Kim Jong Un noticeably lost weight. On Sunday, the country's state media offered a rare public segment on it, although the reason for the weight loss is unclear https://t.co/RhQEqL7dXH pic.twitter.com/H9szU1rA1W
— Reuters (@Reuters) June 27, 2021