ഭരണകൂടം എല്ലാം അറിഞ്ഞിരുന്നു! ഫ്രഞ്ച് കമ്പനി ലഫാജ് ഐഎസിന് നല്‍കിയത് 100 കോടിയുടെ സഹായം

ലോകോത്തര സിമന്റ് നിര്‍മാതാക്കളായ ലഫാജ് ഇന്റലിജൻസ് വിഭാഗത്തിന്റെ പൂര്‍ണ അറിവോടെ കോടികൾ സാമ്പത്തിക സഹായമായി ഐഎസിന് നല്‍കിയതായി തെളിഞ്ഞെന്ന് ഫ്രഞ്ച് സുപ്രീംകോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു

Update: 2021-09-16 11:31 GMT
Editor : Shaheer | By : Web Desk
Advertising

ഭരണകൂടത്തിന്റെ അറിവോടെ ഫ്രഞ്ച് വ്യവസായ കമ്പനി സിറിയയിലെ ഐഎസ് ഭീകരസംഘത്തിന് സാമ്പത്തിക സഹായം നൽകിയെന്ന് വെളിപ്പെടുത്തൽ. ലോകോത്തര സിമന്റ് നിര്‍മാതാക്കളായ ലഫാജ് ആണ് ഫ്രഞ്ച് ഇന്റലിജൻസ് വിഭാഗത്തിന്റെ അറിവോടെ കോടികൾ സിറിയയിലെ ഭീകരസംഘത്തിന് നൽകിയത്. ഫ്രഞ്ച് മാധ്യമമായ 'ലിബറേഷൻ' ആണ് രഹസ്യരേഖകൾ പുറത്തുവിട്ടത്.

ഐഎസിന് നൽകിയത് നൂറുകോടി രൂപ!

സിറിയയിൽ ലക്ഷക്കണക്കിനു മനുഷ്യരുടെ ജീവനെടുത്ത ഐഎസുമായി ഔദ്യോഗികതലത്തൽ തന്നെ ലഫാജ് കരാറിലെത്തിയിരുന്നുവെന്നാണ് ഫ്രഞ്ച് ഡയരക്ടറേറ്റ് ജനറൽ ഓഫ് എക്‌സ്റ്റേണൽ സെക്യൂരിറ്റി(ഡിജിഎസ്ഇ)യിൽനിന്നുള്ള രഹസ്യരേഖയിൽ വ്യക്തമാക്കുന്നത്. 2014 ഓഗസ്റ്റ് 26 തിയതി രേഖപ്പെടുത്തിയ രേഖയിൽ ലഫാജ് ഐഎസ് പിന്തുണയോടെ സിറിയയിൽ നടത്തിക്കൊണ്ടിരിക്കുന്ന പ്രവൃത്തികളെക്കുറിച്ച് ഇന്റലിജൻസ് വിഭാഗത്തിന് അറിയുമായിരുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്.


ഐഎസ് നിയന്ത്രണത്തിലുണ്ടായിരുന്ന വടക്കൻ സിറിയയിൽ വാണിജ്യ പ്രവൃത്തികൾ നടത്താൻ സംഘവുമായി ലഫാജ് കരാറിലെത്തിയിട്ടുണ്ടെന്ന് ലിബറേഷൻ റിപ്പോർട്ടിൽ പറയുന്നു. കരാറിന്റെ ഭാഗമായി 13 മില്യൻ യൂറോയാണ്(ഏകദേശം 110 കോടി രൂപ) ലഫാജ് ഐഎസിന് നൽകിയത്. രാജ്യത്ത് ആഭ്യന്തരയുദ്ധം രൂക്ഷമായിക്കൊണ്ടിരുന്ന ആദ്യ ഘട്ടത്തിലായിരുന്നു സംഘവുമായി ഫ്രഞ്ച് കമ്പനി കരാറിലെത്തിയത്. 2015ൽ ഹോൾസിം ഗ്രൂപ്പുമായി ലയിച്ചതോടെ ലോകത്തെത്തന്നെ ഏറ്റവും വലിയ സിമന്റ് കമ്പനികളിലൊന്നായി മാറിയ ലഫാജ് പുതിയ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് ഫ്രാൻസിൽ അന്വേഷണം നേരിടുകയാണ്.

പണം നൽകിയതിനു പുറമെ ഐഎസിൽനിന്ന് ഇന്ധനവും നിർമാണസാമഗ്രികൾക്ക് ആവശ്യമായ ധാതുക്കളും സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. 2016ൽ ഇതുമായി ബന്ധപ്പെട്ട വാർത്തകൾ ഫ്രഞ്ച് മാധ്യമങ്ങളിൽ പുറത്തുവന്നിരുന്നെങ്കിലും കമ്പനി ഇതിനോട് കാര്യമായി പ്രതികരിച്ചിരുന്നില്ല. എന്നാൽ, 2017ൽ ഐഎസിന് സാമ്പത്തിക സഹായം നൽകി കാര്യം ലഫാജ് തുറന്നുസമ്മതിച്ചു. എന്നാൽ, സാമ്പത്തിക സഹായം നൽകിയിരുന്നെങ്കിലും യുദ്ധക്കുറ്റങ്ങളിലൊന്നും തങ്ങൾക്കു പങ്കില്ലെന്നും കമ്പനി വ്യക്തമാക്കിയിരുന്നു.

എല്ലാം ഫ്രഞ്ച് സർക്കാർ അറിവോടെ

സിറിയയിൽ ഐഎസുമായി കരാറിലെത്താനുള്ള തീരുമാനം 2013ൽ തന്നെ ലഫാജ് ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയത്തെയും ഇന്റലിജൻസ് വിഭാഗത്തെയും അറിയിച്ചിരുന്നു. 2014 ജനുവരി 22ന് കമ്പനിയുടെ സുരക്ഷാ വിഭാഗം ഡയരക്ടർ ഴാങ് ക്ലൗഡ് വെയിലാർഡ് ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഇന്റലിജൻസ് വിഭാഗത്തിന് അയച്ച ഇ-മെയിലിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.


ലഫാജ് സിറിയയിൽ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നും കമ്പനിയുടെ സുഗമമായ നടത്തിപ്പിന് തദ്ദേശീയമായ കക്ഷികളുമായി ബന്ധം സ്ഥാപിക്കേണ്ടതുണ്ടെന്നും അറിയിച്ചാണ് ഴാങ് ക്ലൗഡ് ഇന്റലിജൻസിന് ഇ-മെയിൽ അയച്ചത്. ഈ ഇ-മെയിലിനു പിറകെ വിഷയം ചർച്ച ചെയ്യാനായി ഇതേ വർഷം 30ഓളം തവണ കമ്പനിയും ഫ്രഞ്ച് ആഭ്യന്തര, വിദേശകാര്യ, സൈനിക ഇന്റലിജൻസ് വിഭാഗങ്ങളുമായി കമ്പനി വൃത്തങ്ങൾ ചർച്ച നടത്തുകയുണ്ടായി.

2018 ജൂണിലാണ് യുദ്ധക്കുറ്റത്തിന് സഹായിച്ചുവെന്ന പരാതിയിൽ കമ്പനിക്കെതിരെ ഫ്രഞ്ച് അധികൃതർ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. എന്നാൽ, 2019 നവംബറിൽ കേസ് പരിഗണിച്ച കീഴ്‌ക്കോടതി കമ്പനിക്കെതിരായ ആരോപണങ്ങൾ തള്ളി. എന്നാൽ, കേസ് ഫ്രഞ്ച് സുപ്രീംകോടതിയിലെത്തിയതോടെയാണ് വിഷയം വീണ്ടും ചർച്ചയായത്. കേസ് പരിഗണിച്ച ഉന്നതകോടതി കീഴ്‌ക്കോടതിയുടെ ഉത്തരവ് തള്ളിയിട്ടുണ്ട്. കമ്പനിക്കെതിരായ ആരോപണങ്ങൾ നിലനിൽക്കുന്നതാണെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News