മെയ് 10 ന് ശേഷം ഒരു ഇന്ത്യൻ സൈനികനെയും മാലദ്വീപിൽ കണ്ടുപോകരുതെന്ന് പ്രസിഡന്റ് മുഹമ്മദ് മുയീസ്

ചൈനയുമായി സൈനിക കരാര്‍ ഒപ്പുവെച്ചതിന് പിന്നാ​ലെയാണ് ഇന്ത്യക്കെതിരെ രൂക്ഷമായ പ്രതികരണവുമായി മാലദ്വീപ് രംഗത്തെത്തിയത്

Update: 2024-03-05 18:23 GMT
Advertising

മാലദ്വീപ്: മെയ് പത്തിന് ശേഷം സാധാരണ വസ്ത്രം ധരിച്ച്​ പോലും ഒരു ഇന്ത്യൻ സൈനികനെയും രാജ്യ​ത്ത് കണ്ടുപോകരുതെന്ന് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയീസ്. ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള ബന്ധം വഷളായതിന് പിന്നാലെ മാലിദ്വീപുമായി ചൈന സൈനിക കരാര്‍ ഒപ്പുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയെ കടന്നാക്രമിക്കുന്ന നിലപാടുമായി മാലദ്വീപ് രംഗത്തെത്തിയത്.

ബാ അറ്റോളിലെ റെസിഡന്‍ഷ്യല്‍ കമ്യൂണിറ്റിയോട് സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇന്ത്യക്കെതിരെ രംഗത്തെത്തിയത്. മെയ് 10-ന് ശേഷം ഒരു ഇന്ത്യന്‍ സൈനികന്‍ പോലും രാജ്യത്തുണ്ടാകില്ല. അത് യൂണിഫോമിലായാലും സാധാരണ വസ്ത്രത്തിലായാലും. ഒരുതരത്തിലും അവര്‍ ഇവിടെ തുടരില്ല. ഇന്ത്യന്‍ സൈന്യത്തെ ഈ രാജ്യത്തുനിന്ന് പുറത്താക്കുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചു.വലിയ ആത്മവിശ്വാസത്തോടെയാണ് ഞാനിത് പറയുന്നത്. എന്നാൽ പലരും സാഹചര്യം വളച്ചൊടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യൂണിഫോമുകൾ അഴിച്ചുവച്ച് സാധാരണക്കാരുടെ വേഷത്തിൽ വരുന്ന സൈന്യം നുണപ്രചരണങ്ങൾ നടത്തുകയാണെന്നും മുയീസ് കൂട്ടിച്ചേർത്തു.

ഫെബ്രുവരി 2 ന് ഡൽഹിയിൽ നടന്ന ഉഭയകക്ഷി ഉന്നതതല യോഗത്തിലാണ് മെയ 10-നുള്ളില്‍ സൈന്യത്തെ പൂര്‍ണമായി പിന്‍വലിക്കാന്‍ ധാരണയായത്. മാലദ്വീപിൽ മൂന്ന് ഏവിയേഷന്‍ പ്ലാറ്റ്‌ഫോമുകൾ നിയന്ത്രിക്കുന്ന സൈനികരെ പിന്‍വലിക്കുന്ന പ്രക്രിയയുടെ ആദ്യഘട്ടം ഇന്ത്യ മാര്‍ച്ച് 10-നുള്ളില്‍ പൂര്‍ത്തിയാക്കാനും ധാരണയായിരുന്നു.88 ഇന്ത്യന്‍ സൈനികരാണ് മൂന്ന് ഏവിയേഷന്‍ പ്ലാറ്റ്‌ഫോമുകളിലായി മാലദ്വീപിലുള്ളത്. രണ്ട് ഹെലികോപ്റ്ററുകളും ഒരു ഡോർണിയർ വിമാനവും ഉപയോഗിച്ച് ഇന്ത്യൻ സൈന്യം മാലദ്വീപിലെ ആരോഗ്യമേഖലയിലുൾപ്പടെയ മാനുഷിക ഇടപെടലുകൾ നടത്തുകയാണ് ചെയ്തിരുന്നത്.

2023ൽ മുഹമ്മദ് മുയിസു അധികാരത്തിലേറിയതോടെ ഇന്ത്യവിരുദ്ധ നിലപാടാണ് അദ്ദേഹം പ്രകടിപ്പിച്ചിരുന്നത്. തന്ത്രപരമായി ഇന്ത്യയ്ക്ക് ഏറെ പ്രാധാന്യമുള്ള പ്രദേശമാണ് മാലദ്വീപ്.ഇന്ത്യയുമായുള്ള ബന്ധം എല്ലാതരത്തിലും അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് മുയിസു. ഇന്ത്യയുമായുള്ള ബന്ധം മോശമായതോടെയാണ് ചൈന  മാലദ്വീപുമായി കരാറുകളുണ്ടാക്കിയത്. അടിയന്തര ചികിത്സാ സാഹചര്യങ്ങളിൽ സഹായത്തിന് ശ്രീലങ്കയുമായി മാലദ്വീപ് ബന്ധമുണ്ടാക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. 

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News