ലോക റെക്കോർഡിനായി ഏഴുദിവസം നിർത്താതെ കരഞ്ഞു; യുവാവിന്റെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടു
സാഹസത്തിന് മുതിരുന്നവര്‍ അവരുടെ സുരക്ഷക്ക് മുന്‍ഗണന നല്‍കണമെന്ന് ഗിന്നസ് വേൾഡ് റെക്കോർഡ്‍സ് മുന്നറിയിപ്പ് നല്‍കി
നൈജീരിയ: ലോക റെക്കോർഡ് ലഭിക്കാനായി പല സാഹസങ്ങൾക്കും ആളുകൾ മുതിരാറുണ്ട്. പലതും വിജയിക്കാറുണ്ടെങ്കിലും ചിലപ്പോഴെങ്കിലും പാളിപ്പോകാറുണ്ട്. അത്തരത്തിൽ നടത്തിയൊരു ശ്രമം പരാജയപ്പെട്ട വാർത്തയാണ് നൈജീരിയയിൽ നിന്ന് പുറത്ത് വരുന്നത്.
ഏഴുദിവസം തുടർച്ചയായി കരഞ്ഞതിന്റെ റെക്കോർഡ് നേടാനായിരുന്നു ടെംബു എബൈറെ എന്ന യുവാവ് ശ്രമം നടത്തിയത്. ഇതിന്റെ ഭാഗമായി ഒരാഴ്ച യുവാവ് നിർത്താതെ കരയുകയും ചെയ്തു.എന്നാൽ തുടർച്ചയായി കരഞ്ഞിന്റെ ഫലമായി ഇയാൾക്ക് കടുത്ത തലവേദനയും ക്ഷീണവും അനുഭവപ്പെടുകയായിരുന്നു. പിന്നീട് കണ്ണും മുഖവും വീർക്കുകയും ചെയ്തു.
ഇതിന് പിന്നാലെ ഏകദേശം 45 മിനിറ്റോളം യുവാവിന് കാഴ്ചശക്തി നഷ്ടമായെന്നും ബി.ബി.സി റിപ്പോർട്ട് ചെയ്തു. കാഴ്ച ശക്തി കുറച്ച് സമയത്തിന് ശേഷം വീണ്ടെടുത്തെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. തന്റെ ദൗത്യം പൂർത്തിയാക്കിയെങ്കിലും ഗിന്നസ് വേൾഡ് റെക്കോർഡിനായി യുവാവ് അപേക്ഷിച്ചിട്ടില്ലന്നാണ് ലഭിക്കുന്നവിവരം. ഇക്കാര്യം ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡും സ്ഥിരീകരിച്ചിട്ടുണ്ട്. ഏറ്റവും ദൈര്‍ഘ്യമേറിയ മാരത്തോണ്‍ കരച്ചില്‍ ഞങ്ങള്‍ റെക്കോര്‍ഡ് ചെയ്തിട്ടില്ലെന്ന് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് അവരുടെ ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചു.
അതേസമയം, ലോക റെക്കോര്‍ഡിനായി സാഹസത്തിന് മുതിരുന്നവര്‍ അവരുടെ സുരക്ഷക്ക് മുന്‍ഗണന നല്‍കണമെന്ന് ഗിന്നസ് വേൾഡ് റെക്കോർഡ്സിലെ ഉദ്യോഗസ്ഥര്‍ അഭ്യര്‍ഥിച്ചു.