അമേരിക്ക-ഇറാൻ ചർച്ച ഇന്ന് മസ്കത്തിൽ; ഭാവിചർച്ചകൾക്കുള്ള ചട്ടക്കൂടിന് രൂപം നൽകുമെന്ന് സ്റ്റിവ് വിറ്റ്കോഫ്
തുറന്ന മനസോടെയാണ് അമേരിക്കയുമായുള്ള ഇന്നത്തെ അനൗപചാരിക ചർച്ചയെ സമീപിക്കുകയെന്ന് ഇറാൻ അറിയിച്ചു


വാഷിംഗ്ടൺ: ഇറാനുമായി ഭാവിചർച്ചകൾക്കുള്ള ചട്ടക്കൂടിന് ഇന്ന് മസ്കത്തിൽ രൂപം നൽകുമെന്ന് അമേരിക്കയുടെ പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റിവ് വിറ്റ്കോഫ്. തുറന്ന മനസോടെയാണ് അമേരിക്കയുമായുള്ള ഇന്നത്തെ അനൗപചാരിക ചർച്ചയെ സമീപിക്കുകയെന്ന് ഇറാൻ അറിയിച്ചു.
ഒമാൻ തലസ്ഥാനമായ മസ്കത്തിൽ യുഎസ് പശ്ചമേഷ്യൻ പ്രതിനിധി സ്റ്റിവ് വിറ്റ്കോഫിന്റെയും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ഛിയുടെയും നേതൃത്വത്തിലാകും ഇന്ന് ചർച്ച. ഭാവി ചർച്ചക്കുള്ള ചട്ടക്കൂടിന് രൂപം നൽകുന്നതിനൊപ്പം ആണവ പദ്ധതി ഉപേക്ഷിക്കമെന്ന നിലപാടാകും ചർച്ചയിൽ താൻ ഉന്നയിക്കുകയെന്ന് സ്റ്റിവ് വിറ്റ്കോഫ് പറഞു. ആണവായുധം സ്വന്തമാക്കാൻ ഇറാനെ ഒരു നിലക്കും അനുവദിക്കില്ലെന്നും അദ്ദേഹം ആവർത്തിച്ചു. എന്നാൽ അമേരിക്കയുമായി തുറന്ന മനസോടെയുള്ള ചർച്ചയാണ് ആഗ്രഹിക്കുന്നതെന്നും ആണവായുധ നിർമാണത്തോട് ശക്തമായ എതിർപ്പാണുള്ളതെന്നും ഇറാൻ നേതൃത്വം വ്യക്തമാക്കി. ഭീഷണിയും അടിച്ചേൽപിക്കലും അംഗീകരിക്കില്ലെന്നും തെഹ്റാൻ ചൂണ്ടിക്കാട്ടി. അതിനിടെ, ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ ചർച്ചയിലൂടെ ഗസ്സയിൽ യുദ്ധവിരാമം ഉണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറഞ്ഞു. അധികം വൈകാതെ ബന്ദികൾ ഗസ്സയിൽ നിന്ന് ഇസ്രായേലിൽ തിരിച്ചെത്തുമെന്നും ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു.
59 ഇസ്രായേൽ ബന്ദികളാണ് ഹമാസ് പിടിയിലുള്ളതെന്നും ഇതിൽ 24 പേർ മാത്രമാണ് നിലവിൽ ജീവിച്ചിരിപ്പുള്ളതെന്നും ട്രംപ് അറിയിച്ചു. ഗസ്സ യുദ്ധം അവസാനിപ്പിച്ച് ബന്ദികളുടെ മോചനം ഉടൻ നടപ്പാക്കണം എന്നാവശ്യപ്പെട്ട് സൈനികർക്ക് പിന്നാലെ ഡോക്ടർമാരും അക്കാദമിക് വിദഗ്ധരും രംഗത്തു വന്നത് ഇസ്രായേൽ രാഷ്ട്രീയ നേതൃത്വത്തിന് തിരിച്ചടിയായി. വിരമിച്ചവരും റിസർവിലുള്ളവരുമായ 980 ഇസ്രായേലി യുദ്ധവിമാന പൈലറ്റുമാർ ഗസ്സ യുദ്ധത്തിനെതിരെ കഴിഞ്ഞ ദിവസം തുറന്ന കത്തെഴുതിയിരുന്നു. ഇതിനു പിന്നാലെയാണ് ഡോക്ടർമാരുടെയും അക്കാദമിക് വിദഗ്ധരുടെയും രംഗപ്രവേശം. ഗസ്സയിൽ ഇന്നലെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 20 ഫലസ്തീനികൾ കൊല്ലപ്പെട്ടു.