മെഹുൽ ചോക്‌സിയെ ആന്റിഗ്വയ്ക്ക് കൈമാറുമെന്ന് ഡൊമിനിക്ക

ആന്റിഗ്വ അധികൃതരുമായി ചർച്ച നടത്തി ചോക്‌സിയെ കൈമാറാനുള്ള തയാറെടുപ്പുകൾ പൂർത്തീകരിച്ചുവരികയാണെന്ന് ഡൊമിനിക്ക ദേശീയ സുരക്ഷാ മന്ത്രാലയം വാർത്താകുറിപ്പിൽ അറിയിച്ചു

Update: 2021-05-27 15:49 GMT
Editor : Shaheer | By : Web Desk
Advertising

പഞ്ചാബ് നാഷനൽ ബാങ്ക് തട്ടിപ്പിൽ പിടികിട്ടാപുള്ളിയായ വജ്രവ്യാപാരി മെഹുൽ ചോക്‌സിയെ ആന്റിഗ്വയ്ക്ക് കൈമാറുമെന്ന് ഡൊമിനിക്ക അറിയിച്ചു. നിയമവിരുദ്ധമായി രാജ്യത്തെത്തിയെന്നു കാണിച്ച് ഇന്ന് ചോക്‌സിയെ ഡൊമിനിക്ക പൊലീസ് പിടികൂടിയിരുന്നു. തുടർന്ന് ഇന്ത്യയ്ക്ക് കൈമാറുമെന്ന് അധികൃതർ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇപ്പോൾ വാർത്താകുറിപ്പിലൂടെയാണ് ആന്റിഗ്വയ്ക്ക് കൈമാറുന്ന വിവരം ഡൊമിനിക്ക വെളിപ്പെടുത്തിയിരിക്കുന്നത്.

ആന്റിഗ്വ ആൻഡ് ബർബുഡ അധികൃതരുമായി ചർച്ച നടത്തി ചോക്‌സിയെ കൈമാറാനുള്ള തയാറെടുപ്പുകൾ പൂർത്തീകരിച്ചുവരികയാണെന്ന് വാർത്താകുറിപ്പിൽ ഡൊമിനിക്ക ദേശീയ സുരക്ഷാ, ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇദ്ദേഹത്തിൻരെ പൗരത്വമടക്കമുള്ള വിവിധ വിഷയങ്ങളിൽ ആന്റിഗ്വയോട് വിവരങ്ങൾ തേടിയിട്ടുണ്ടെന്നും ഇതു ലഭിക്കുന്ന മുറയ്ക്കായിരിക്കും ചോക്‌സിയെ കൈമാറുകയെന്നും അധികൃതർ പറഞ്ഞു.

13,500 കോടി രൂപയുടെ പിഎൻബി തട്ടിപ്പുകേസിൽ പ്രതിയായ മെഹുൽ ചോക്‌സി 2017ലാണ് ഇന്ത്യയിൽനിന്ന് മുങ്ങിയത്. പിന്നീട് കരീബിയൻ ദ്വീപരാജ്യമായ ആന്റിഗ്വയിലാണ് ഇയാൾ പ്രത്യക്ഷപ്പെട്ടത്. ആന്റിഗ്വയിൽ ചോക്‌സി പൗരത്വമെടുക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് ആന്റിഗ്വയിൽനിന്ന് ഇയാൾ മുങ്ങിയത്. ചോക്‌സിയെ ഇന്ത്യയ്ക്ക് കൈമാറുമെന്ന ആന്റിഗ്വ അധികൃതരുടെ പ്രസ്താവനയെ തുടർന്നായിരുന്നു ദ്വീപിൽനിന്ന് രക്ഷപ്പെട്ടത്. ഡൊമിനിക്ക വഴി ക്യൂബയിൽ എത്താനായിരുന്നു ശ്രമമെന്നാണ് അറിയുന്നത്.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News