മ്യാൻമറിൽ റോഹിങ്ക്യക്കാർക്ക് നേരെ ഡ്രോൺ ആക്രമണം; നൂറിലേറെ പേർ കൊല്ലപ്പെ​ട്ടു

നാഫ് നദിയിൽ ബോട്ട് മുങ്ങി നിരവധി പേർ മരിച്ചു

Update: 2024-08-10 14:24 GMT
Advertising

ബങ്കോക്ക്: മ്യാൻമറിൽനിന്ന് പലായനം ചെയ്യുകയായിരുന്ന റോഹിങ്ക്യൻ മുസ്‍ലിംകൾക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ നൂറിലേറെ പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കുട്ടികളും സ്ത്രീകളുമടക്കമുള്ളവരാണ് കൊല്ല​പ്പെട്ടത്. ബംഗ്ലാദേശിലേക്ക് കടയ്ക്കാനായി അതിർത്തിയിൽ കാത്തിരുന്നവർക്ക് നേരെയാണ് ആക്രമണമുണ്ടാകുന്നത്. തീരദേശ മ്യാൻമാർ ടൗണായ മൗങ്ഡാവിന് പുറത്ത് കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. ചളി നിറഞ്ഞ സ്ഥലത്ത് മരിച്ചുകിടക്കുന്നവരുടെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ക​ഴിഞ്ഞയാഴ്ചകളിൽ സൈനികരും വിമതരും തമ്മിൽ നടക്കുന്ന സംഘർഷത്തിനിടെയുണ്ടാകുന്ന ഏറ്റവും വലിയ കൂട്ടക്കൊലയാണിത്. മ്യാൻമറിലെ സായുധ വിഭാഗമായ അരാകാനാണ് ഇതിന് പിന്നിലെന്ന് മൂന്ന് ദൃക്സാക്ഷികൾ റോയിട്ടേഴ്സിനോട് പറഞ്ഞു. എന്നാൽ, ഇവർ ഇത് നിഷേധിച്ചിട്ടുണ്ട്. അരാകാൻ സംഘവും മ്യാൻമർ സൈന്യവും സംഭവത്തിൽ പരസ്പരം കുറ്റപ്പെടുത്തുന്നുണ്ട്.

200ലേറെ പേർ മരിച്ചതായി രക്ഷപ്പെട്ട മൂന്നുപേർ പറഞ്ഞു. 70ഓളം മൃതദേഹങ്ങൾ കണ്ടെതായി മറ്റൊരു ദൃക്സാക്ഷിയും റോയിട്ടേഴ്സിനോട് വ്യക്തമാക്കി.

തന്റെ ഗർഭിണിയായ ഭാര്യയും രണ്ട് വയസ്സുകാരിയായ മകളും ആക്രമണത്തിൽ കൊല്ലപ്പെട്ടതായി 35കാരനായ മുഹമ്മദ് ഇല്യാസ് പറഞ്ഞു. കുടുംബത്തോടൊപ്പം തീരത്ത് നിൽക്കുമ്പോഴാണ് ഡ്രോണുകൾ ജനങ്ങളെ നേരെ ആക്രമിക്കുന്നതെന്നും ബംഗ്ലാദേശിലെ അഭയാർഥി ക്യാമ്പിൽനിന്ന് ഇല്യാസ് വ്യക്തമാക്കി. റോഹിങ്ക്യൻ മുസ്‍ലിംകളുമായി പോയ ബോട്ട് നാഫ് നദിയിൽ മുങ്ങി നിരവധി പേർ മരിച്ചതായും റിപ്പോർട്ടുകളുണ്ട്.

ബുദ്ധമതക്കാർ ഭൂരിപക്ഷമുള്ള മ്യാൻമറിൽ ന്യൂനപക്ഷമായ റോഹിങ്ക്യൻ മുസ്‍ലിംകൾ ഏറെക്കാലമായി വലിയ അതിക്രമങ്ങൾ നേരിടുകയാണ്. വംശഹത്യാ ഉദ്ദേശത്തോടെ 2017ൽ നടന്ന അടിച്ചമർത്തലിനെത്തുടർന്ന് 7.3 ലക്ഷം പേർ രാജ്യത്തുനിന്ന് പലായനം ചെയ്തതായി ഐക്യരാഷ്ട്ര സഭയുടെ കണക്കുകൾ വ്യക്തമാക്കുന്നു. 

Full View
Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News