‌കൊടുംതണുപ്പിൽ വിറങ്ങലിച്ച് അഫ്​ഗാൻ; രണ്ടാഴ്ചയ്ക്കിടെ മരിച്ചത് കുഞ്ഞുങ്ങളടക്കം 160ലേറെ പേർ

15 വർഷത്തിനിടെ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ തണുപ്പാണ് ഇത്തവണത്തേതെന്ന് അധികൃതർ വിശദമാക്കുന്നു.

Update: 2023-01-27 13:38 GMT
Advertising

കാബൂൾ: അഫ്​​ഗാനിസ്താനിൽ കൊടുംതണുപ്പിനെ തുടർന്ന് രണ്ടാഴ്ചയ്ക്കിടെ ജീവൻ നഷ്ടമായത് 160ലേറെ പേർക്കെന്ന് റിപ്പോർട്ടുകൾ. ഒന്നര ദശാബ്ദത്തിനിടെ റിപ്പോർട്ട് ചെയ്ത ഏറ്റവും വലിയ തണുപ്പാണ് ഇത്തവണത്തേതെന്ന് അധികൃതർ പറയുന്നു.

''ജനുവരി 10 മുതൽ ഇതുവരെ 162 പേർ കൊടുംതണുപ്പിനെ തുടർന്ന് മരിച്ചു. ഇതിൽ ഏകദേശം 84 മരണങ്ങൾ കഴിഞ്ഞ ആഴ്ചയിലാണ് നടന്നത്''- അഫ്​ഗാൻ ദുരന്ത നിവാരണ മന്ത്രാലയം വക്താവ് ഷഫീഉല്ല റഹീമി പറഞ്ഞു. മരണപ്പെട്ടവരിൽ നിരവധി കുട്ടികളും ഉൾപ്പെടുന്നു.

15 വർഷത്തിനിടെ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ തണുപ്പാണ് ഇത്തവണത്തേതെന്ന് മന്ത്രാലയം വിശദമാക്കുന്നു. മൈനസ് 34 ഡി​ഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അഫ്​ഗാൻ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെയാണ് തണുപ്പും ഒരു ദുരന്തമായി മാറിയിരിക്കുന്നത്.

അതേസമയം, വനിതാ എൻ‌.ജി‌.ഒ പ്രവർത്തകരെ വിലക്കിയ താലിബാൻ ഭരണകൂടത്തിന്റെ നടപടി മൂലം പല ഗ്രൂപ്പുകളും ഈയടുത്ത ആഴ്ചകളിൽ പ്രവർത്തനം ഭാഗികമായി നിർത്തിവച്ചിരിക്കുകയാണ്. ഇതോടെ നിരവധി സഹായ പദ്ധതികളും പ്രവർത്തനങ്ങളും നടത്താൻ ഏജൻസികൾക്ക് സാധിക്കാത്ത സ്ഥിതിയാണ്.

മഞ്ഞുവീഴ്ച കടുത്ത അഫ്ഗാൻ തലസ്ഥാനത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള വയലിൽ ചൂടകറ്റാനായി കത്തിക്കാനുള്ള മരവും കൽക്കരിയും വാങ്ങാനാവാതെ ചപ്പുചവർ കൂനകളിൽ പ്ലാസ്റ്റിക് തെരഞ്ഞുനടക്കുന്ന കുട്ടികളെ കാണാമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

"ഈ വർഷം, ഏറെ തണുത്ത കാലാവസ്ഥയാണ്. ഞങ്ങൾക്ക് കൽക്കരി വാങ്ങാൻ ശേഷിയില്ല. തന്റെ കടയിൽ നിന്ന് ലഭിക്കുന്ന ചെറിയ വരുമാനം ഇന്ധനം വാങ്ങാൻ തികയില്ല"- കാബൂളിലെ 30കാരനായ കടയുടമ അശൗർ അലി പറഞ്ഞു.

"തണുപ്പ് സഹിക്കാനാവാതെ സന്ധ്യ മുതൽ രാവിലെ വരെ കുഞ്ഞുങ്ങൾ കരയുകയാണ്. എല്ലാവർക്കും അസുഖം ബാധിച്ചിരിക്കുന്നു. എവിടെ നിന്നും ഞങ്ങൾക്ക് സഹായം ലഭിക്കുന്നില്ല. കൂടുതൽ സമയവും ഒരു ബ്രെഡ് പോലും കഴിക്കാനില്ലാത്ത അവസ്ഥയിലാണ് ഞങ്ങൾ"- അദ്ദേഹം വ്യക്തമാക്കി.

അതേസമയം, മിക്ക അഫ്ഗാനികൾക്കും ഏറ്റവും പ്രതിസന്ധി ഘട്ടങ്ങളിൽ സഹായത്തിനെത്തുന്ന സ്ത്രീ സഹായ തൊഴിലാളികളെ വിലക്കുന്നതിൽ നിന്ന് ഭരണകൂടം പിന്മാറണമെന്ന് കാബൂൾ സന്ദർശന വേളയിൽ യു.എൻ എയ്ഡ് ചീഫ് മാർട്ടിൻ ഗ്രിഫിത്ത്സ് പറഞ്ഞു.

സ്ത്രീകൾക്ക് സർവകലാശാല വിദ്യാഭ്യാസമുൾപ്പെടെ വിലക്കിയ താലിബാൻ ഭരണകൂടം വനിതാ എൻ.ജി.ഒ പ്രവർത്തകർക്കും വിലക്കേർപ്പെടുത്തിയതിൽ വ്യാപക വിമർശനമാണ് നിലനിൽക്കുന്നത്. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News