മ്യാൻമര്‍-തായ്‍ലാൻഡ് ഭൂചലനം; 300 ലധികം ആണവ ബോംബുകൾ പതിച്ചതിന് തുല്യമെന്ന് ഭൗമശാസ്ത്ര വിദഗ്ധർ
ഭൂകമ്പ ദുരിത ബാധിതരുടെ എണ്ണം 10,000 കടക്കുമെന്നാണ് യുഎസ് ജിയോളജിക്കൽ സർവേയുടെ നിഗമനം


നയ്പിഡാവ്: മ്യാൻമറിനെയും തായ്‍ലാൻഡിനെയും വിറപ്പിച്ച ഭൂചലനം സൃഷ്ടിച്ചത് 300 ലധികം ആണവ ബോംബുകൾ പതിച്ചതിന് തുല്യമായ ആഘാതമെന്ന് ഭൗമശാസ്ത്ര വിദഗ്ധർ. പരിസര പ്രദേശങ്ങളിൽ തുടർ ചലനമുണ്ടായോക്കാമെന്നും മുന്നറിയിപ്പ്. ഭൂകമ്പ ദുരിത ബാധിതരുടെ എണ്ണം 10,000 കടക്കുമെന്നാണ് യുഎസ് ജിയോളജിക്കൽ സർവേയുടെ നിഗമനം.
വെള്ളിയാഴ്ച മ്യാൻമറിലുണ്ടായ ഭൂകമ്പത്തിന്‍റെ ആഘാതം ആഴത്തിലുള്ളതാണെന്നാണ് ഭൗമശാസ്ത്ര വിദഗ്ദർ പറയുന്നത്.റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം 334 ആണവ ബോംബുകൾ പതിച്ചതിന് തുല്യമായ ആഘാതമാണ് സൃഷ്ടിച്ചത്. പരിസര പ്രദേശങ്ങളിൽ തുടർചലനങ്ങൾക്ക് സാധ്യതയുണ്ടെന്നും വിദഗ്ധർ പറയുന്നു. ഇന്ത്യൻ ഭൂഫലകവും യൂറേഷ്യൻ ഫലകവും തമ്മിലുള്ള കൂട്ടിയിടിയുടെ ആഘാതം മാസങ്ങളോളം തുടർചലനങ്ങൾക്ക് ഇടയാക്കുമെന്ന് പ്രശസ്ത ഭൗമശാസ്ത്രജ്ഞ ജെസ് ഫീനിക്സ് മുന്നറിയിപ്പ് നൽകി ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 1644 ആണ്. 3408 പേർക്ക് പരിക്കേറ്റു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധിപേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ട്.
സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ് . ആഭ്യന്തര സംഘർഷം തുടരുന്ന രാജ്യത്ത് രക്ഷാപ്രവർത്തനം ദുഷ്കരമാണെന്നാണ് സന്നദ്ധ പ്രവർത്തകർ പറയുന്നത്. ഭൂകമ്പ ദുരിത ബാധിതരുടെ എണ്ണം പതിനായിരം കടക്കുമെന്നാണ് യുഎസ് ജിയോളജിക്കൽ സർവേയുടെ നിഗമനം. മ്യാൻമറിന് സഹായവുമായി ഇന്ത്യയും റഷ്യയും ചൈനയുമുൾപ്പെടെ കൂടുതൽ രാജ്യങ്ങൾ രംഗത്തെത്തി. ഓപ്പറേഷൻ ബ്രഹ്‌മ എന്ന് പേരിട്ട ഇന്ത്യയുടെ മിഷന്‍റെ ഭാഗമായി 80 അംഗ ദേശീയ ദുരന്തനിവാരണ സേനയെ മ്യാൻമറിലേക്ക് അയച്ചു.