'മൂന്ന് മിനിറ്റിൽ കൂടുതൽ കെട്ടിപ്പിടിക്കരുത്'; വിചിത്ര നിയമവുമായി എയർപോർട്ട്; വിമർശനം, പരിഹാസം

'യാത്രയയപ്പിന് ദയവായി കാർ പാർക്കിങ് ഏരിയ ഉപയോഗിക്കുക'- എന്നും നിർദേശമുണ്ട്.

Update: 2024-10-21 07:04 GMT
Advertising

വെല്ലിങ്ടൺ: വിമാനത്താവളങ്ങളിൽ പ്രിയപ്പെട്ടവരെ പിരിയുന്ന വേദനയിൽ അവരെ ഏറെ നേരം ആലിം​ഗനം ചെയ്ത് യാത്രയയക്കുന്നവരാണ് പൊതുവെ എല്ലാവരും. അതിന് നിശ്ചിത ദൈർഘ്യമൊന്നും ആരും മുന്നോട്ടുവയ്ക്കാറില്ല. എവിടെയും അങ്ങനെ എഴുതിവച്ചിട്ടുള്ളതായും കണ്ടിട്ടില്ല. എന്നാൽ ഇപ്പോഴിതാ ആലിംഗനത്തിന് സമയപരിധി നിശ്ചയിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് ഒരു വിമാനത്താവളം.

ന്യൂസിലൻഡിലെ ഡുനെഡിൻ എയർപോർട്ടിലാണ് വിചിത്ര നിയമം. ഡ്രോപ്പ്- ഓഫ് സോണിൽ ‌'മൂന്ന് മിനിറ്റിൽ കൂടുതൽ ആലിം​ഗനം പാടില്ല' എന്നാണ് പുതിയ നിർദേശം. ഇക്കാര്യം അറിയിച്ച് വിമാനത്താവളത്തിന് പുറത്ത് കൂറ്റൻ ബോർഡും അധികൃതർ സ്ഥാപിച്ചിട്ടുണ്ട്. 'യാത്രയയപ്പിന് ദയവായി കാർ പാർക്കിങ് ഏരിയ ഉപയോഗിക്കുക'- എന്നും ബോർഡിൽ പറയുന്നു.

വിമാനത്താവളത്തിന്റെ പുതിയ നിയമം ജനങ്ങൾക്കിടയിൽ വൻ രോഷത്തിന് കാരണമായിട്ടുണ്ട്. നിരവധി പേരാണ് സോഷ്യൽമീഡിയയിൽ ഇതിനെതിരെ പ്രതിഷേധവും വിമർശനവും അറിയിച്ച് രം​ഗത്തെത്തിയിരിക്കുന്നത്. തീരുമാനം മനുഷ്യത്വരഹിത നടപടിയെന്ന് പലരും പറഞ്ഞു. 'എനിക്ക് ഇപ്പോൾ എയർപോർട്ട് ജീവനക്കാരനെ മനസിൽ കാണാം. അയാൾ എണ്ണുകയാണ്- 2:56, 2:57, 2:58, 2:59 ശരി, ആലിം​ഗനം തടയാൻ സമയമായി'- മറ്റൊരാൾ പരിഹസിച്ചു. അമേരിക്കയിൽ, നിങ്ങൾ ആലിം​ഗനം നിർത്താൻ അവർ ആഗ്രഹിക്കുന്നേയില്ലെന്ന് മറ്റൊരാൾ കുറിച്ചു.

സംഭവത്തിൽ വിശദീകരണവുമായി രം​ഗത്തെത്തിയ ഡുനെഡിൻ എയർപോർട്ട് സിഇഒ ഡാനിയൽ ഡി ബോണോ, വിമാനത്താവളങ്ങളെ വികാരത്തിൻ്റെ കേന്ദ്രങ്ങൾ എന്ന് വിശേഷിപ്പിച്ചു. ലവ് ഹോർമോൺ ഓക്സിടോസിൻ പൊട്ടിത്തെറിക്കാൻ 20 സെക്കൻഡ് ആലിംഗനം മതിയെന്ന് ഒരു പഠനത്തിൽ പറയുന്നുണ്ടെന്നും അവകാശപ്പെട്ടു. ന്യൂസിലൻഡിലെ ആർഎൻസെഡ് റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'ഡ്രോപ്പ്-ഓഫ് ഏരിയയിൽ നിരവധിയാളുകൾ അവരുടെ പ്രിയപ്പെട്ടവരോട് യാത്ര പറയാനായി ഏറെ സമയം ചെലവഴിക്കുന്നു. അതിനാൽതന്നെ മറ്റുള്ളവർക്ക് ഇടം ലഭിക്കാതെ വരുന്നു'- സിഇഒ അഭിപ്രായപ്പെട്ടു. 'ദയവായി മുന്നോട്ട് പോകൂ' എന്നാണ് ഈ നിയന്ത്രണം കൊണ്ട് ഞങ്ങളുദ്ദേശിക്കുന്നത്. നിങ്ങൾ കൂടുതൽ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ കാർ പാർക്കിങ് ഏരിയയിലേക്ക് പോവുക. അവിടെ 15 മിനിറ്റ് സൗജന്യമായി ലഭിക്കുന്നു'- അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News