3 കഴിഞ്ഞാൽ 5... നാലാം നമ്പറിനോടുള്ള കൊറിയൻ പേടി

ലിഫ്റ്റിൽ കയറിയാലും നാലാം നില എന്നൊന്നില്ല. പകരം അവിടെ F എന്ന് അടയാളപ്പെടുത്തിയിരിക്കും.

Update: 2023-08-22 12:20 GMT
Editor : banuisahak | By : Web Desk
fear of 4
AddThis Website Tools
Advertising

പല തരത്തിലുള്ള അന്ധവിശ്വാസങ്ങൾ നമുക്കുണ്ട്. ഒരു രസത്തിനാണെങ്കിൽ കൂടി ഒട്ടും യുക്തിയില്ലാത്ത കാര്യങ്ങൾ വിശ്വാസമായി കൊണ്ടുനടക്കുന്നവരെ കണ്ടിട്ടില്ലേ. സ്‌കൂളിൽ ചെന്നാൽ അടികിട്ടുമെന്ന പേടി കാരണം ഒറ്റ മൈനയെ കണ്ടാൽ കണ്ണുപൊത്തി പോകുന്ന കുട്ടികൾ മുതൽ പിന്നിൽ നിന്ന് വിളിച്ചാൽ ദുശ്ശകുനമായി കാണുന്ന മുതിർന്നവർ വരെ ഇക്കൂട്ടത്തിലുണ്ട്. 

എല്ലാ വിശ്വാസങ്ങൾക്കും പിന്നിൽ ഓരോ ഭയം തന്നെയാണ്. ജീവിതത്തിൽ എന്തെങ്കിലും മോശമായി സംഭവിക്കുമോ എന്ന പേടി കാരണമാണ് ഒരു കാര്യവുമില്ലെന്ന് ബോധ്യമുണ്ടെങ്കിലും ചില 'വിശ്വാസങ്ങൾ' ഇപ്പോഴും കൊണ്ടുനടക്കുന്നത്. ഇത്തരമൊരു രസകരമായ വിശ്വാസമാണ് കൊറിയക്കാർക്കുള്ളത്. എന്താണെന്നോ, 4 എന്ന നമ്പറിനോടുള്ള പേടി.

3 കഴിഞ്ഞാൽ 5 

കൊറിയയിൽ മൂന്ന് കഴിഞ്ഞാൽ പിന്നെ അഞ്ചാം നമ്പറാണ്. നാല് എന്ന അക്കം ദൗർഭാഗ്യകരമെന്നാണ് കൊറിയക്കാരുടെ വിശ്വാസം. ഈ സംഖ്യ മരണത്തിന്റെ പ്രതീകമാണെന്നാണ് വിശ്വാസം. വെറുതെയല്ല, ഈ അന്ധവിശ്വാസത്തിന്റെ പിന്നിലും ഒരു വിശ്വാസത്തിന്റെ കഥയുണ്ട്.

'മരണം' എന്ന വാക്കിന്റെ ചൈനീസ് പ്രതീകം "sah" എന്നാണ് ഉച്ചരിക്കുന്നത്. കൊറിയയിൽ നാല് എന്ന് ഉച്ചരിക്കുന്നതും സമാനരീതിയിൽ തന്നെയാണ്. അതിനാൽ നാല് എന്നത് മരണത്തിന്റെ പ്രതീകമെന്നാണ് കൊറിയയുടെ വിശ്വാസം. അതിനാൽ, തന്നെ കൊറിയയുടെ ഒരു ഭാഗത്തും 4 എന്ന നമ്പർ കാണാൻ കിട്ടില്ല.

ലിഫ്റ്റിൽ കയറിയാലും നാലാം നില എന്നൊന്നില്ല. പകരം അവിടെ F എന്ന് അടയാളപ്പെടുത്തിയിരിക്കും. കൊറിയയിൽ 4 എന്ന നമ്പറിന് പകരം ഉപയോഗിക്കുന്നത് F എന്ന ആൽഫബെറ്റാണ്. എന്തെങ്കിലും ആഘോഷ പരിപാടികൾ നടന്നാൽ പണം സമ്മാനമായി നൽകുന്ന പതിവുണ്ട്. എന്നാൽ, ഇവിടെയും 4നോട് കടക്ക് പുറത്തെന്ന് പറഞ്ഞിരിക്കുകയാണ് കൊറിയൻസ്.

 30,000 വോൺ അല്ലെങ്കിൽ 50,000 വോൺ സ്വീകാര്യമായിരിക്കും. എന്നാൽ 40,000 വോൺ നൽകിയാൽ അതിനേക്കാൾ വലിയ മര്യാദകേട് വേറെയില്ലെന്നാണ് പറയുന്നത്. 

ടെട്രാഫോബിയ

നാലാം നമ്പറിനോടുള്ള ഈ ഭയം അറിയപ്പെടുന്നത് ടെട്രാഫോബിയ എന്നാണ്. കൊറിയയെ കൂടാതെ ചൈന, ജപ്പാൻ, തായ്‌വാൻ തുടങ്ങിയ രാജ്യങ്ങളിലും ഈ അന്ധവിശ്വാസം നിലനിൽക്കുന്നുണ്ട്. കൊറിയൻ ഭാഷയിൽ നാല്‌ എന്നർത്ഥം വരുന്ന 사 എന്ന വാക്കിന്റെ ഉച്ചാരണത്തിന് മരണം എന്ന് അർഥം വരുന്നതിനാലാണ് ഈ അന്ധവിശ്വാസത്തിനു പ്രചാരം ലഭിക്കാനുള്ള കാരണം. 

4:44 എന്ന സമയം പോലും നോക്കാൻ കൊറിയക്കാർക്ക് ഇഷ്ടമല്ലത്രേ. അതേസമയം, ഇത്തരം അന്ധവിശ്വാസങ്ങൾ പിന്തുടരാത്ത ചെറുപ്പക്കാരും കൊറിയയിലുണ്ടെന്നാണ് റിപ്പോർട്ട്. ഇത്തരം വിശ്വാസങ്ങൾ പൊളിക്കാൻ ഫോൺ നമ്പർ എടുക്കുമ്പോൾ നാല് എന്ന നമ്പർ ചോദിച്ച് വാങ്ങുന്നവരും കൊറിയയിൽ ഉണ്ടത്രേ.  

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News