പ്രതിമയാണെന്ന് കരുതി ഭീമൻ മുതലക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമം; വീഡിയോ വൈറൽ
സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സെൽഫിയെടുക്കാനുള്ള ശ്രമത്തിനിടെ മുതല ഇയാളുടെ കയ്യിൽ കടിക്കുകയായിരുന്നു. പെട്ടന്ന് തന്നെ കൈവലിച്ചതിനാൽ അത്ഭുകരമായി രക്ഷപ്പെട്ടു.
പ്രതിമയാണെന്ന് കരുതി പാർക്കിലെ ഭീമൻ മുതലക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ചയാൾ രക്ഷപ്പെട്ടത് തലനാരിഴക്ക്. ഫിലിപ്പീൻസിലെ കഗായാൻ ഡി ഒറോ നഗരത്തിലെ അമ്യ പാർക്കിലാണ് സംഭവം. നെഹമിയാസ് ചിപാഡ എന്നയാൾ ജൻമദിനാഘോഷത്തിന്റെ ഭാഗമായാണ് അമ്യൂസ്‌മെന്റ് പാർക്കിലെത്തിയത്.
ഇവിടെയുള്ള ചെറിയ പൂളിൽ 12 അടിയോളം നീളമുള്ള മുതലയെ കണ്ടതോടെ പ്രതിമയാണെന്ന് തെറ്റിദ്ധരിച്ച് ഇയാൾ സെൽഫിയെടുക്കാൻ പൂളിലേക്കിറങ്ങുകയായിരുന്നു. മുതലയുടെ തൊട്ടരികിലെത്തിയ ഇയാൾ ക്യാമറ ഉയർത്തിയതോടെ മുതല ആക്രമിച്ചു.
സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സെൽഫിയെടുക്കാനുള്ള ശ്രമത്തിനിടെ മുതല ഇയാളുടെ കയ്യിൽ കടിക്കുകയായിരുന്നു. പെട്ടന്ന് തന്നെ കൈവലിച്ചതിനാൽ അത്ഭുകരമായി രക്ഷപ്പെട്ടു. ഇയാളുടെ കൈക്ക് മുറിവേറ്റിട്ടുണ്ട്.
പാർക്ക് അധികൃതർക്കെതിരെ പരാതിയുമായി ചിപാഡയുടെ കുടുംബം രംഗത്തെത്തി. അവിടെ മുന്നറിയിപ്പ് ബോർഡുകളൊന്നും സ്ഥാപിച്ചിരുന്നില്ലെന്നും അങ്ങനെയുണ്ടെങ്കിൽ ഒരിക്കലും പൂളിൽ ഇറങ്ങില്ലായിരുന്നുവെന്നും ചിപാഡയുടെ മകൾ മേഴ്‌സി ജോയ് ചിപാഡയെ ഉദ്ധരിച്ച് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു. എന്നാൽ ആരോപണം പാർക്ക് അധികൃതർ നിഷേധിച്ചു. അവിടെ മുന്നറിയിപ്പ് ബോർഡുകളുണ്ടായിരുന്നു. ഗൈഡുമാരും ഉണ്ടായിരുന്നു. നിർദേശങ്ങൾ ലംഘിച്ച് പൂളിലിറങ്ങിയതാണ് അപകടത്തിന് കാരണമെന്ന് പാർക്ക് മാനേജർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.